|
ഗാസയില്‍ 737 ദിവസങ്ങളായി ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ ഹമാസ് മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തില്‍ 7 പേരെയാണ് വിട്ടയച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്.
ഖാന്‍ യൂനിസ്, നെറ്റ്‌സരീം എന്നിവടങ്ങില്‍ വച്ച് റെഡ് ക്രോസ് അധികൃതര്‍ക്കാണ് ബന്ദികളെ കൈമാറുന്നത്. മോചിതരായവരെ റെഡ് ക്രോസ് ഉടന്‍ ഇസ്രയേല്‍ സൈന്യത്തിന് കൈമാറും. അതേസമയം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് വൈകിയേക്കും. മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കള്‍ ടെല്‍ അവീവില്‍ എത്തിയിട്ടുണ്ട്.
മോചിപ്പിക്കപ്പെടുന്ന 20 ഇസ്രായേലി ബന്ദികളുടെ പേരുകള്‍ ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ടു. ഇസ്രയേലി ബന്ദികളെ കൈമാറിയതോടെ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 250 പലസ്തീന്‍ തടവുകാരെയും ഉടന്‍ കൈമാറും. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 2000 പലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ മോചിപ്പിക്കുക. 2023 ഒക്ടോബര്‍ 7ന് ഹമാസ് അതിര്‍ത്തി കയറി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേല്‍ പൗരന്‍മാരെ ബന്ദികളാക്കിയത്. തുടര്‍ന്ന് 737 ദിവസങ്ങള്‍ നീണ്ട തടവറ വാസത്തിന് ശേഷമാണ് ബന്ദിമോചനം സാധ്യമായത്. ട്രംപിന് പുറമെ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ബന്ദിമോചനത്തിന് മധ്യസ്ഥത വഹിച്ചിരുന്നു. |