|
55 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ബഷീര്‍ മാഷും ഹസീന ടീച്ചറും വീണ്ടും വിവാഹിതരായി. വീട്ടില്‍ വിവാഹ സദ്യയും ഒരുക്കിയിരുന്നു. മണ്ണാര്‍ക്കാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങിന് അടുത്ത സുഹൃത്തുക്കളടക്കം സാക്ഷിയായി. മുസ്ലിം വ്യക്തി നിയമപ്രകാരം മരണാനന്തരം സ്വത്തുക്കളുടെ തുല്യാവകാശം പെണ്‍കുട്ടികള്‍ക്ക് ലഭിക്കില്ല. ഇതോടെയാണ് സ്‌പെഷല്‍ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. തങ്ങളുടെ മക്കളുടെ കാര്യത്തില്‍ വേണ്ടത് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഒരു സന്ദേശം നല്‍കുകയെന്ന ഉദ്ദേശ്യം കൂടിയാണ് ഈ വിവാഹമെന്ന് ബഷീര്‍ പറഞ്ഞു.
ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പയ്യനടം അഭയത്തില്‍ സുജീവനം ബഷീറും കെടിഎം ഹൈസ്‌കൂള്‍ റിട്ട. അധ്യാപികയായ ഹസീനയും ദാമ്പത്യ ജീവിതം തുടങ്ങിയത് 55 വര്‍ഷം മുന്‍പായിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് പള്ളിയിലോ സര്‍ക്കാര്‍ ഓഫിസുകളിലോ രേഖകള്‍ ഉണ്ടായിരുന്നില്ല.
വ്യവസ്ഥിതിക്ക് എതിരെ തുറന്ന നിലപാട് സ്വീകരിച്ചിരുന്ന ബഷീറിന്റെ അഭിപ്രായത്തോട് എല്ലാക്കാലത്തും ഹസീന ചേര്‍ന്നു നിന്നിരുന്നു. ഇത്തവണയും അതില്‍ മാറ്റമുണ്ടായിട്ടില്ല. |