Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാല്‍ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക കവറും പുറത്തിറക്കും
reporter

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് സ്ഥിരം ചിത്രമുദ്രയും പ്രത്യേക പ്രീമിയം തപാല്‍ കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10ന് തിരുവനന്തപുരം ഫോര്‍ട്ട് പോസ്റ്റ് ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചിത്രമുദ്ര ഔദ്യോഗികമായി പ്രകാശനം ചെയ്യും. ഇതോടെ തപാല്‍ വകുപ്പിന്റെ സ്ഥിരം ചിത്രമുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം മാറും. ശബരിമല, ഗുരുവായൂര്‍, കാസര്‍കോട്ടെ മധൂര്‍ സിദ്ധിവിനായക ക്ഷേത്രം എന്നിവയ്ക്കാണ് നേരത്തേ ഈ ബഹുമതി ലഭിച്ചത്. ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ക്ക് സംസ്ഥാനത്ത് അനുവദിക്കുന്ന 43-ാമത്തെ സ്ഥിരം ചിത്രമുദ്രയാണിത്.

സാധാരണ സ്മാരക സ്റ്റാമ്പുകളില്‍നിന്ന് വ്യത്യസ്തമായി, സ്ഥിരം ചിത്രമുദ്ര നിര്‍ദിഷ്ട പോസ്റ്റ് ഓഫിസില്‍ കാലപരിധിയില്ലാതെ ഉപയോഗിക്കാനാകും. ഓഗസ്റ്റ് 10 മുതല്‍ ഫോര്‍ട്ട് പോസ്റ്റ് ഓഫിസില്‍നിന്ന് അയക്കുന്ന കത്തുകളിലും പാഴ്‌സലുകളിലും പുതിയ ചിത്രമുദ്ര പതിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള ശ്രീപത്മനാഭസ്വാമിയുടെ രൂപവുമാണ് ചിത്രമുദ്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രഗോപുരത്തിനു മുന്നിലായി ഭഗവാന്റെ ചിത്രം സ്വര്‍ണഫോയിലില്‍ പതിപ്പിച്ച പ്രത്യേക പ്രീമിയം കവറും തപാല്‍ വകുപ്പ് പുറത്തിറക്കും. 100 മുതല്‍ 200 രൂപവരെയായിരിക്കും കവറിന്റെ വില. ആദ്യഘട്ടത്തില്‍ 2,000 കവറുകളാണ് വില്‍പ്പനയ്‌ക്കെത്തിക്കുക.

ക്ഷേത്രം അധികൃതരുടെ അപേക്ഷ പരിഗണിച്ചാണ് തപാല്‍ വകുപ്പിന്റെ തീരുമാനം. ദ്രാവിഡ വാസ്തുശൈലിയുടെ മികച്ച ഉദാഹരണമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേരളീയരെയും വിദേശ വിനോദസഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പ്രധാന തീര്‍ഥാടനകേന്ദ്രമാണ്. 2011ല്‍ ക്ഷേത്രത്തിലെ നിലവറകളിലുള്ള അമൂല്യ നിധിശേഖരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ക്ഷേത്രം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ക്ഷേത്രത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വാസ്തുവിദ്യാ മഹിമയും ലോകമെമ്പാടുമുള്ള തപാല്‍ ശേഖരണപ്രേമികളിലേക്ക് എത്തിക്കാന്‍ പുതിയ ചിത്രമുദ്രയും പ്രത്യേക കവറും സഹായിക്കുമെന്നാണ് പ്രതീക്ഷ.

 
Other News in this category

 
 




 
Close Window