|
മലയാറ്റൂര്‍ : രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ സെന്റ് തോമസ് പുതിയ പള്ളിയുടെ കൂദാശ ജനുവരി 15 ഞായറാഴ്ച നടക്കും. പുനരുദ്ധാരിക്കപ്പെടുന്ന പുതിയ പള്ളി തീര്‍ത്ഥാടകര്‍ക്ക് ശില്‍പ്പചാരുതയുടെയും ഗോത്തിക് കലാശൈലിയുടെയും ദൃശ്യവിരുന്നായിരിക്കും. ഏഴുകോടി രൂപയോളം മുതല്‍മുടക്കി 12,600 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ 10 വര്‍ഷംകൊണ്ടാണ് പുതിയ പള്ളിയുടെ പണി പൂര്‍ത്തീകരിക്കുന്നത്.
പുതിയ പള്ളിയുടെ കൂദാശ സീറോ മലബാര്‍ സഭാതലവന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്ത ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നിര്‍വ്വഹിക്കും. ഭാരതത്തിന്റെ വിവിധ സഭകളില്‍ നിന്നുള്ള മെത്രാപ്പോലീത്തമാര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി കെ.വി.തോമസ്, സംസ്ഥാനമന്ത്രിമാരായ പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , എ.പി.അനില്‍ കുമാര്‍ ,കെ. ബാബു, കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും. കെ.പി.ധനപാലന്‍ എംപി, എംഎല്‍എമാരായ ജോസ് തെറ്റയില്‍ , സാജു പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. |