|
ജൊഹാനസ്ബര്‍ഗ് : ലോകചാമ്പ്യന്‍ കാസ്റ്റര്‍ സെമന്യയെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക ഒളിമ്പിക് ടീമിനെ പ്രഖ്യാപിച്ചു. ഒളിമ്പിക് യോഗ്യത നേടിയെങ്കിലും വികലാംഗ താരമായ ഓസ്‌കര്‍ പിസ്‌റ്റോറിയസ്സിനെ ടീമിലുള്‍പ്പെടുത്തിയില്ല. യോഗ്യത നേടാനുള്ള അവസാന തീയതിയായ ജൂണ്‍ 30 നു മുമ്പ് ഒരു അന്താരാഷ്ട്ര മീറ്റില്‍ക്കൂടി യോഗ്യതാ മാര്‍ക്കിനേക്കാള്‍ മികച്ച സമയം നേടാനായാല്‍ മാത്രമേ പിസ്‌റ്റോറിയസ്സിന് 400 മീറ്ററില്‍ മത്സരിക്കാനാകുകയുള്ളൂ.
2009 ലോകചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടുകയും പിന്നീട് ലിംഗവിവാദത്തില്‍പ്പെട്ട് ഒരുവര്‍ഷത്തോളം ട്രാക്കില്‍നിന്ന് മാറിനില്‍ക്കേണ്ടിവരികയും ചെയ്ത താരമാണ് സെമന്യ. എന്നാല്‍ 2011 ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി അവര്‍ തിരിച്ചുവന്നിരുന്നു. ഇതോടെയാണ് സെമന്യയെ ടീമിലുള്‍പ്പെടുത്തിയത്.
കഴിഞ്ഞവര്‍ഷം ജൂലായില്‍ ഇറ്റലിയില്‍ നടന്ന മീറ്റില്‍ 45.07 സെക്കന്‍ഡില്‍ ഓടിയെത്തി പിസ്‌റ്റോറിയസ് എ സ്റ്റാന്‍ഡേഡ് യോഗ്യത നേടിയിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്കന്‍ ചട്ടമനുസരിച്ച് 2012 ജനുവരിക്കും ജൂണിനുമിടയില്‍ എ സ്റ്റാന്‍ഡേഡ് യോഗ്യതയായ 45.25 സെക്കന്‍ഡില്‍ത്താഴെ ഒരുവട്ടം കൂടി ഓടിയാലേ പിസ്‌റ്റോറിയസ്സിന് ടീമിലിടം കിട്ടുകയുള്ളൂ. ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ടീമിനുവേണ്ടി സെമിയില്‍ പിസ്‌റ്റോറിയസ് ഓടിയിരുന്നെങ്കിലും ഫൈനലില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താത്തത് വന്‍ വിവാദമായിരുന്നു. |