|
കവന്‍ട്രി : നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി നാടന്‍ ഭക്ഷണവും ഗ്രാമ ധൃശ്യങ്ങളും ഒരുക്കി കിടങ്ങൂര്‍ സംഗമം സമാപിച്ചു. പതിവിലേറെ ആളുകള്‍ എത്തിയത് ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. നാടന്‍ ഭക്ഷണത്തിന്റെ രുചിയും ഗ്രാമത്തിന്റെ കാഴ്ചകള്‍ അണിയിച്ചൊരുക്കിയ വേദിയും പ്രത്യേകം ശ്രദ്ധ നേടി. പതിവിനു വിപരീതമായി നാട്ടുകാര്‍ അവതരിപ്പിച്ച നാടന്‍ പരിപാടികള്‍ കൂടുതല്‍ ആസ്വാദ്യകരമായി. രാവിലെ ഒന്‍പതു മണിയ്ക്ക് ചെണ്ടമേളത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഗ്രൗണ്ടില്‍ സമ്മേളനം നടന്നു. നാടന്‍ ഭക്ഷണമായ പിടിയും കോഴിയും ആണ് പ്രാതലിന് ഒരുക്കിയിരുന്നത്. പിന്നീട് പരസ്പരം ഉള്ള കുശലം പറച്ചിലുകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും ശേഷം കലാപരിപാടികള്‍ ആരംഭിച്ചു.
കിടങ്ങൂര്‍ ഗ്രാമത്തിന്റെ പ്രതീതി തോന്നും വിധം അണിയിച്ചൊരുക്കിയ സമ്മേളന ഗ്രൗണ്ടില്‍ നിന്നും നാട്ടില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ മാതാപിതാക്കളെയും തങ്ങളുടെ സ്വന്തം അളിയന്മാരെയും കിടങ്ങൂരിന്റെ പുതു തലമുറ വേദിയിലേക്ക് സ്വീകരിച്ചു. തുടര്‍ന്ന് കിടങ്ങൂരിന്റെ ഈശ്വര പ്രാര്‍ഥനയോടെ യോഗം തുടങ്ങി. അതിനുശേഷം മാതാപിതാക്കളും ഈ വര്‍ഷത്തെ സംഘാടകരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ചു വര്‍ഷം കിടങ്ങൂര്‍ സംഗമത്തിന് ചുക്കാന്‍ പിടിച്ചിരുന്നവര്‍ അളിയന്മാരോടുള്ള ആദരസൂചനയായി അവരെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കണ്ണിനും കാതിനും കുളിര്‍മ്മയേകുന്ന കലാപരിപാടികള്‍ അരങ്ങേറി. വെള്ളം കുടി മത്സരം, സാരിയുടുപ്പിക്കല്‍, കൗതുക ചോദ്യങ്ങളും ഉത്തരങ്ങളും തുടങ്ങിയവയും ആയി മുതിര്‍ന്നവര്‍ക്ക് ചില മത്സരങ്ങള്‍ നടത്തിയ സംഘാടകര്‍ കുട്ടികള്‍ക്കും വിവിധ മത്സരങ്ങള്‍ ഒരുക്കിയിരുന്നു.
സെന്‍സ്- ബിപിന്‍ മത്തായി കൂട്ടുകെട്ട് ഒരുക്കിയിരുന്നവിഭവ സമൃദ്ധമായ ഉച്ചയൂണിനു ശേഷം ഭാവിപരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തി അടുത്തവര്‍ഷം സ്വിന്‍ഡനില്‍ ജൂണ്‍ 15 നു സംഗമം നടത്തുവാന്‍ യോഗം തീരുമാനിച്ചു. റോയി കുന്നേല്‍, റോബിന്‍ പറപ്പള്ളില്‍ എന്നിവരെ ഇതിനായി ചുമതലപ്പെടുത്തി.
തുടര്‍ന്ന് നടത്തിയ വടം വലി മത്സരം നടത്തപ്പെട്ടു. ഏഴു പേരുടെ നാല് ടീം ആണ് മത്സരത്തിന് ഉണ്ടായിരന്നത്. യുകെയില്‍ പലയിടങ്ങളിലും വിജയം നേടിയിട്ടുള്ള പ്രൊഫെഷണല്‍ ടീമിനെ റോബിന്റെ ടീം ശക്തമായ മത്സരത്തിലൂടെ തോല്‍പ്പിച്ചു.
പുരുഷന്മാരുടെ മത്സരം കണ്ടു ആവേശം തോന്നിയ സ്ത്രീകളും കുട്ടികളും മത്സരിയ്ക്കുവാന്‍ മുന്നോട്ടു വന്നപ്പോള്‍ സ്ത്രീകളുടെ മത്സരം നടത്തുവാന്‍ മാത്രമേ സമയം അനുവദിച്ചുള്ളൂ. തുടര്‍ന്ന് വട, നെയ്യപ്പം തുടങ്ങിയ പലഹാരങ്ങളോടുകൂടി ചായയും കുടിച്ചു കിടങ്ങൂര്‍ നിവാസികള്‍ പിരിഞ്ഞു. സംഘാടകര്‍ ആയ ബിപിന്‍ പണ്ടാരശേരില്‍, സുധീര്‍ ചെരുതാന്നിയില്‍ എന്നിവര്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. |