|
ന്യൂഡല്‍ഹി : ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ തായ്‌ലന്‍ഡ് ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്നു.
തുടര്‍ച്ചയായ സെറ്റുകളില്‍ ആതിഥേയ രാജ്യത്തിന്റെ താരം പോര്‍ത്തിപ് ബുറാനപരസെര്‍ട്‌സുക്കോയെ തോല്‍പിച്ചാണ് സൈന വിജയിയായത് . 24 - 22, 21 - 11ന് ആയിരുന്നു സൈനയുടെ വിജയം. രണ്ടു പേരും തമ്മിലുള്ള നാലാം പോരാട്ടത്തിലും വിജയം സൈനയ്‌ക്കൊപ്പം നിന്നു. തായ്‌ലന്‍ഡ് താരം തന്നെയായ രണ്ടാം സീഡ് റാച്ചനോക് ഇന്‍തനോണ്‍ ആയിരിക്കും ഫൈനലില്‍ ടോപ് സീഡ് സൈനയുടെ എതിരാളി.
ചൈനയുടെ ലിന്‍ വാങ്ങിനെ 21 - 13, 21 - 19ന് തോല്‍പിച്ചാണ് റാച്ചനോക് ഫൈനലില്‍ കടന്നത്. കഴിഞ്ഞവര്‍ഷം ഡെന്മാര്‍ക്ക് ഓപ്പണില്‍ പോര്‍ത്തിപ്പിനെതിരെ നേടിയ അനായാസ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൈന കളത്തിലിറങ്ങിയതെങ്കിലും കടുത്ത പോരാട്ടമാണ് കാത്തിരുന്നത്. സ്മാഷ് വിന്നറുകളിലും തുടര്‍ച്ചയായ പോയിന്റുകളിലും ലോക 17-ാം നമ്പര്‍ താരമായ പോര്‍ത്തിപ് മുന്നിട്ടു നിന്നെങ്കിലും അവസാന നിമിഷം മികച്ച നെറ്റ് പ്ലേയിലൂടെ സൈന സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ കാര്യമായ എതിര്‍പ്പുയര്‍ന്നില്ല. സീസണില്‍ രണ്ടാം കിരീടമാണ് സൈന ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ ബേസലില്‍ നടന്ന സ്വിസ് ഓപ്പണ്‍ ഗ്രാന്‍പ്രിയില്‍ സൈന കിരീടം നിലനിര്‍ത്തിയിരുന്നു. |