|
ബെര്‍ലിന്‍ : ഒളിമ്പിക് യോഗ്യതാ വോളിബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്നാം കളിയിലും ഇന്ത്യ പരാജയപ്പെട്ടു. ലോക അഞ്ചാം നമ്പറായ ക്യൂബയാണ് അവസാന കളിയില്‍ ഇന്ത്യയെ കീഴടക്കി സാധ്യത നിലനിര്‍ത്തിയത്. സ്‌കോര്‍ (25-12, 25-22, 25-20) .
ആദ്യ രണ്ട് കളികളെയപേക്ഷിച്ച് വമ്പന്മാരായ ക്യൂബയ്‌ക്കെതിരെ രണ്ടും മൂന്നും സെറ്റുകളില്‍ ഒപ്പത്തിനൊപ്പം പോരാടാനായതിന്റെ ആശ്വാസവുമായാണ് ഇന്ത്യ ജര്‍മനിയില്‍നിന്ന് മടങ്ങുന്നത്. ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീം ക്യൂബയെ നേരിടുന്നത്. മുന്‍ ഇന്ത്യന്‍ കോച്ചായ ലൂയിസ് ഒര്‍ലാഡൊയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ ക്യൂബക്കാര്‍ പ്രതീക്ഷിച്ചതുപോലെ തൂടക്കത്തില്‍ത്തന്നെ ആധിപത്യം നേടി. ഒന്നാം സെറ്റില്‍ എതിരാളികള്‍ 11 പോയന്റ് നേടിയ ശേഷമാണ് ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാനായത്. 25-12ന് ക്യൂബ സെറ്റ് നേടുകയും ചെയ്തു.
പൊരുതിക്കളിക്കുന്ന ഇന്ത്യയെയാണ് രണ്ടാം സെറ്റില്‍ കണ്ടത്. തുടക്കത്തില്‍ നേരിയ ലീഡ് നേടാനും ഇന്ത്യക്കാര്‍ക്കായി. എന്നാല്‍ 99 ല്‍ ക്യൂബ സമനില നേടി.പിന്നീട് ഒപ്പത്തിനൊപ്പം നീങ്ങിയ കളിയുടെ അവസാന ഭാഗത്തിലാണ് ക്യൂബ മേല്‍ക്കൈ നേടിയത്. ഇന്ത്യന്‍ പ്രതിരോധത്തിന്റെ അനാവശ്യ പിഴവ് മുതലെടുത്ത് ക്യൂബ സെറ്റെടുത്തു. മൂന്നാം സെറ്റിന്റെ തുടക്കത്തിലും ഇന്ത്യക്ക് മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ കനത്ത സര്‍വുകളുതിര്‍ത്ത് ഇന്ത്യയുടെ താളം തെറ്റിക്കാനായതോടെ ക്യൂബ മുന്നേറി. തിരിച്ചുവരവിന് ഇന്ത്യന്‍ താരങ്ങള്‍ ആഞ്ഞ് പൊരുതിയെങ്കിലും നേരിട്ടുള്ള സെറ്റുകളിലെ തോല്‍വി ഒഴിവാക്കാനായില്ല.
റൊണാള്‍ഡൊ സിപേഡയാണ് 23 പോയന്റുമായി ക്യൂബന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ ഗുരീന്ദര്‍ സിങ് 11 പോയന്റ് നേടി. ജയിച്ചെങ്കിലും ജര്‍മനിയോട് കഴിഞ്ഞ മത്സരത്തില്‍ തോറ്റത് ക്യൂബയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. |