|
വ്‌റോഡ്ക്ലാവ് (പോളണ്ട്) : ആദ്യ മത്സരത്തില്‍ റഷ്യയോട് തോല്‍വി ഏറ്റുവാങ്ങിയ ചെക്ക് റിപ്പബ്ലിക്ക് , ഗ്രീസിനെ തോല്‍പ്പിച്ച് യൂറോയില്‍ തിരിച്ചുവരവ് നടത്തി. കളി തുടങ്ങി ആദ്യ ആറു മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ വഴങ്ങിയ ഗ്രീസിനു പിന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കാനായില്ല. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെക്കിന്റെ വിജയം.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ പീറ്റര്‍ ജിറാസിക്കും ആറാം മിനിറ്റില്‍ വാക്ലാവ് പിലാറുമാണ് ചെക്കിനുവേണ്ടി ഗോള്‍ നേടിയത്. ഗ്രീസിന്റെ ആശ്വാസഗോള്‍ 53-ാം മിനിറ്റില്‍ ഗെകാസിന്റെ വകയായിരുന്നു. ഇതോടെ 2004 - ലെ ചാമ്പ്യന്മാരായ ഗ്രീസിന്റെ നിലനില്‍പ്പ് അവതാളത്തിലായി. രണ്ടു മത്സരങ്ങളില്‍നിന്ന് അവര്‍ക്ക് കേവലം ഒരു പോയിന്റാണുള്ളത്. അതേസമയം, ആദ്യമത്സരത്തില്‍ റഷ്യയോടു പരാജയപ്പെട്ട ചെക്കിനു മൂന്നു പോയിന്റായി.
രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇരുവരും ആദ്യം ഗോള്‍ നേടാനുള്ള വെമ്പലിലായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധം ആടിയുലഞ്ഞു. അവസരം മുതലാക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് ചെക്കിനായിരുന്നു. മധ്യനിരയിലൂടെ മുന്നേറിയ മിലാന്‍ ബാരോസ് ബോക്‌സിനകത്തു കയറുന്നതിനു തൊട്ടുമുമ്പു നല്‍കിയ പാസ് അതി വിദഗ്ധമായി ജിറാസെക്ക് ഗോളാക്കി മാറ്റി. ഗ്രീസ് ഗോളി കോസ്റ്റാസ് ചില്‍കിയാസിനു നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഗോളിന്റെ ആഘാതത്തില്‍നിന്നു മുക്തി നേടുംമുമ്പേ ചെക്കുകാര്‍ വീണ്ടും ഗ്രീസിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു.
വലതുവിംഗിലൂടെ കുതിച്ച ഗെബ്രിയേല്‍ സെലാസി നല്‍കിയ പാസി ഗോളാക്കി മാറ്റാന്‍ വാക്ലാവ് പിലാറിനു ബുദ്ധിമുട്ടേണ്ടിവന്നില്ല. ഇതോടെ ചെക്ക് രണ്ടു ഗോളിനുമുന്നില്‍. ഇതോടെ ഗ്രീസ് പ്രതിരോധത്തിലേക്കു വലിഞ്ഞു. എന്നാല്‍, സൂപ്പര്‍ താരം കരഗൂണിസിലൂടെ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തില്‍നിന്നു വളരെമാറിയാണ് അവയൊക്കെ അവസാനിച്ചത്.
40-ാം മിനിറ്റില്‍ ഗ്രീസ് ഒരു ഗോള്‍ തിരിച്ചടിച്ചതായിരുന്നു. തൊറോസിഡിസിന്റെ ക്രോസില്‍ ഫോട്ടാക്കിസ് ഹെഡറിലൂടെ ഗോള്‍ നേടിയെങ്കിലും റഫറി അത് ഓഫ് സൈഡ് വിധിച്ചു. അധികം നേട്ടവും കോട്ടവുമില്ലാതെ ആദ്യപകുതി ഇരുടീമും അവസാനിപ്പിച്ചു. രണ്ടാം പകുതി ആരംഭിച്ചതും ചെക്കിന്റെ മുന്നേറ്റത്തോടെയായിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി ഗ്രീസിന് ഒരു ഗോള്‍ ലഭിച്ചു. 53-ാം മിനിറ്റില്‍ ഗ്രീസ് മുന്നേറ്റത്തിനൊടുവില്‍ കരഗൂണിസിന്റെ ഷോട്ട് തടുത്ത ചെക് ഗോളി പീറ്റര്‍ ചെക്കിന് പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. ഗെകാസിലേക്കു വന്ന പന്ത് അദ്ദേഹത്തിനു വലയിലാക്കാന്‍ അധികം വിയര്‍പ്പൊഴുക്കേണ്ടിവന്നില്ല, തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും പീറ്റര്‍ ചെക്കിന്റെ ദയനീയ പ്രകടനമായിരുന്നു. പിന്നീട് ഇരുവശത്തുനിന്നും നിരവധി മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും ഗോള്‍ പിറന്നില്ല. |