Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=81.54 INR  1 EURO=70.64 INR
ukmalayalampathram.com
Sun 26th Mar 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സുന്ദരിയായ കേരള കോണ്‍ഗ്രസിന് അനുയോജ്യമായ താവളം ആവശ്യമുണ്ട്
reporter
കേരള കോണ്‍ഗ്രസ് നല്ല തറവാടിത്തമുള്ള പാര്‍ട്ടിയാണ്. നല്ല ചന്തമുള്ള പാര്‍ട്ടി. അതുകൊണ്ടാണ് എം.എം. ജേക്കബും രമേശ് ചെന്നിത്തലയും പന്ന്യന്‍ രവീന്ദ്രനും വൈക്കം വിശ്വനുമൊക്കെ പിന്നാലെ നടന്നു കമന്റടിക്കുന്നതെന്നും മാണി കണ്ടെത്തി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണിയായിരുന്നു, കേരള കോണ്‍ഗ്രസ് പെണ്ണിന്റെ പിന്നാലെ കൂടിയത്. അതു വെറുതേ കമന്റടിച്ചു നേരം കളയാനായിരുന്നില്ല. വീട്ടുകാരു തമ്മില്‍ ആലോചിച്ചു കല്യാണം നടത്താന്‍ തന്നെയായിരുന്നു. അപ്പോഴേക്കും യുഡിഎഫ് തറവാട്ടില്‍ നിന്നു കാരണവന്മാര്‍ നൂറു കുറ്റവുമായി രംഗത്തെത്തി. അന്നു മാണി പറഞ്ഞ കമന്റ് കേള്‍ക്കേണ്ടതു തന്നെയായിരുന്നു. ഇടതു മുന്നണിയില്‍ നിന്നും ഒരു പ്രൊപ്പോസല്‍ വന്നു എന്നല്ലാതെ കല്യാണം നടന്നില്ലല്ലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. കല്യാണം നടക്കണമെങ്കില്‍ പെണ്ണും ചെറുക്കനും തമ്മില്‍ കാണണം, ഇഷ്ടപ്പെടണം, വിളിച്ചു ചൊല്ലണം, മനസമ്മതം നടത്തണം അതെല്ലാം കഴിഞ്ഞല്ലേ കല്യാണം? ഇതിപ്പോള്‍ ഏതോ ഒരു ബ്രോക്കര്‍ വന്ന് ഒരു ആലോചനയിട്ടു. അതിനു കല്യാണം എന്നു വിളിക്കണോ എന്നു മാണി ചോദിച്ചപ്പോള്‍ യുഡിഎഫിലെ കാരണവന്മാരെല്ലാം വായടച്ചു. അന്നു കല്യാണം നടന്നിരുന്നെങ്കില്‍ മാണി മുഖ്യമന്തി ആകുമെന്നുവരെ ഉണ്ടായിരുന്നു അഭ്യൂഹം.
ഏതായാലും സ്വന്തം ഇടവകയില്‍ കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണുള്ളതിനെ വേറേ വല്ലവരും വന്നു കെട്ടിക്കൊണ്ടു പോകുന്നതിനെക്കാള്‍ നല്ലത്, കൂട്ടത്തിലുള്ള നല്ല കൊച്ചന്മാരെക്കാരെക്കൊണ്ടു കെട്ടിച്ചു തറവാട്ടില്‍ നിര്‍ത്തിയേക്കാമെന്നു യുഡിഎഫ് തറവാട്ടു മൂപ്പന്മാര്‍ പദ്ധതിയിട്ടു. പക്ഷേ, അമ്പിനും വില്ലിനും അടുക്കുന്നില്ലെന്നു കണ്ടപ്പോഴാണ് പെണ്ണിന്റെ അപ്പനെ ബ്ലാക്ക് മെയ്ല്‍ ചെയ്യാമെന്നു ചിലര്‍ ധരിച്ചത്. അപ്പന്‍ കള്ളുകച്ചവടക്കാരനാണ്, കള്ളപ്പണക്കാരനാണ് എന്നൊക്കെപ്പറഞ്ഞ് മാണിസാറിനെ വശം കെടുത്തി. അതോടെ പെണ്ണാലോചന മുടങ്ങി. ഇങ്ങനെ ഒരാലോചന പോലും നടന്നിട്ടില്ലെന്നും ഇനി നടക്കില്ലെന്നുമാണ് ഇടതു മുന്നണി ഇപ്പോള്‍ പറയുന്നത്. കല്യാണം മുടങ്ങിയെന്നു കരുതി, ആരെങ്കിലും മക്കളെ പഴി പറയുമോ? പറ്റിയാല്‍ ബ്രോക്കര്‍ക്കിട്ടു നാലു പൂശുമെന്നല്ലാതെ, വേറൊന്നിനും തുനിഞ്ഞിറങ്ങില്ല. മുള്ളു ചെന്ന് ഇലയില്‍ വീണാലും ഇല വന്നു മുള്ളില്‍ വീണാലും കേട് ഇലയ്ക്കാണല്ലോ. പോരാത്തതിന് ഇല ഒന്നല്ല, രണ്ടെണ്ണമാണ് ഒപ്പം. അതുകൊണ്ടു കൂടുതല്‍ സൂക്ഷിക്കണം.
 
Other News in this category

 
 




 
Close Window