Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
Teens Corner
  Add your Comment comment
നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തിയാണെന്നറിയുക. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം
reporter

ശരിയായ ആശയ വിനിമയം ഒരു കലയാണ്. അതുപഠിക്കാന്‍ നാം തയാറാവണം. നിങ്ങള്‍ വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷമോ 50 വര്‍ഷമോ ആയാലും നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വ്യക്തിയാണെന്നറിയുക. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. എന്നാല്‍ ഇന്ന് ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുമ്പോള്‍ ഭൂകമ്പമാണ്. അതുകൊണ്ടു നിങ്ങള്‍ സംസാരിക്കുമ്പോള്‍ പരസ്പരം കുറ്റം പറഞ്ഞും വഴക്കുപറഞ്ഞും ആ സമയം കളയാതെ, തന്റെ പങ്കാളിയെ കൂടുതല്‍ സ്‌നേഹിക്കുവാനും അറിയാനുമുള്ള ഒരവസരമായി ഇതിനെ മാറ്റുക. ഇന്ന് നിന്റെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്നു തുടങ്ങി സംസാരം ആരംഭിക്കാം. ഭാര്യയുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിയാം. പരസ്പരം പ്രോത്സാഹിപ്പിക്കാനും പിന്തുണ നല്‍കുവാനും ഈ സമയം വിനിയോഗിക്കാം. 'എന്റെ ഭാര്യ/ഭര്‍ത്താവ് ആണല്ലോ' എന്തുമാവാം എന്ന മനോഭാവത്തില്‍ പങ്കാളിയെ സമീപിക്കാതിരിക്കുക. നിങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ ശരീരഭാഷ, സംസാരത്തിന്റെ ശൈലി, ശബ്ദത്തിന്റെ ഘനം, ടോണ്‍, പറയുന്ന വാക്കുകള്‍, ശബ്ദത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ എല്ലാം പ്രധാനപ്പെട്ടതാണെന്ന് ഓര്‍ക്കുക. പരസ്പര ബഹുമാനമില്ലാത്ത സംസാരം ഒഴിവാക്കുക. കുടുംബത്തിലെ തീരുമാനങ്ങള്‍ രണ്ടുപേരും നന്നായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രം എടുക്കുക. രണ്ടുപേര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന കാര്യം മറക്കരുത്. നമുക്കു യോജിക്കാത്ത കാര്യങ്ങള്‍ കൃത്യമായി, എന്നാല്‍ മൃദുവായി പറയാം. 'പണ്ടേ നീ ഇങ്ങനെയാ', എന്ന രീതിയില്‍ കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാം. നിങ്ങള്‍ ദേഷ്യപ്പെട്ടോ, നിരാശപ്പെട്ടോ ഇരിക്കുമ്പോള്‍ സംസാരം ഒഴിവാക്കുക. കാരണം അപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത പലതും വായില്‍ നിന്നും പുറത്തേക്കു വന്നേക്കാം. അതു പങ്കാളിയെ മുറിപ്പെടുത്താം. മറ്റെന്തിനേക്കാളും വാക്കുകളാണ് നിങ്ങളുടെ ബന്ധത്തെ മുറിപ്പെടുത്തുന്നതും വളര്‍ത്തുന്നതുമെന്നറിയുക. പങ്കാളിയുടെ വീട്ടുകാരെയും ബന്ധുക്കളെയും കുറ്റപ്പെടുത്തി സംസാരിക്കുന്നതും നിങ്ങളുടെ പങ്കാളിയെ മുറിപ്പെടുത്തുമെന്നറിയുക. പങ്കാളിയിലുള്ള നല്ല കാര്യങ്ങളെ മടികൂടാതെ പ്രോത്സാഹിപ്പിക്കണം. നിങ്ങളുടെ കുഞ്ഞുങ്ങളെ മാറ്റി നിര്‍ത്തി, അല്‍പസമയം ഭാര്യയ്ക്കായി / ഭര്‍ത്താവിനായി മാത്രം ചിലവഴിക്കുക. നിങ്ങളുടെ ചിന്തകള്‍, ആഗ്രഹങ്ങള്‍, വികാരങ്ങള്‍ എല്ലാം തുറന്നു പറയുക. കിടക്കാന്‍ പോകുന്ന സമയത്തോ, ഒരുമിച്ച് നടക്കാന്‍ പോകുമ്പോഴോ ഇങ്ങനെ ഉള്ളു തുറന്നു സംസാരിക്കുക. നിങ്ങളുടെ പങ്കാളിയുമായി 60 മിനിറ്റ് മുതല്‍ 90 മിനിറ്റ് വരെ സ്വകാര്യമായി സംസാരിക്കാന്‍ സമയം കണ്ടെത്തുക. കുറ്റങ്ങള്‍ മാത്രം പറയാതെ അവരുടെ ചില വീഴ്ചകളെ മറക്കാനും പങ്കാളിയെ സ്‌നേഹിക്കാനും സമയം കണ്ടെത്തുക. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എന്തുവന്നാലും ഞാന്‍ കൂടെയുണ്ട്, എന്ന് ദിവസവും പറയുക. ഇതു പറയുന്നത് ദിനചര്യകള്‍ പോലെ തന്നെ നമ്മുടെ ശീലമാക്കണം. എങ്കില്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ഊഷ്മളവും ദൃഢവുമാകും.

 
Other News in this category

 
 




 
Close Window