Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
Teens Corner
  Add your Comment comment
വീട്ടുകാര്‍ ആലോചിച്ചു കണ്ടെത്തുന്ന വിവാഹ ബന്ധത്തില്‍ ചെറിയൊരു റിസ്‌കുണ്ട്. പണ്ടത്തെ ജീവിത രീതിയും സാഹചര്യങ്ങളുമൊക്കെ മാറി. പരിചയമില്ലാത്ത രണ്ടാളുകള്‍ തമ്മില്‍ ഒരുമിച്ചു ജീവിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും പരസ്പരം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട
reporter
മനുഷ്യന്‍ സാമൂഹിക ജീവിയാണ്. നിരവധി പേരുമായി ഇടപഴകിയാണ് നാം ജീവിക്കുന്നത്. ബന്ധങ്ങളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം നമ്മുടെ സാമൂഹിക ജീവിതം വിപുലീകരിക്കപ്പെടുന്നു. സാമൂഹ്യബന്ധങ്ങളുടെ ഗുണനിലവാരം നമ്മുടെ വ്യക്തിപരമായ അനുഭവങ്ങളെ സ്വാധീനിക്കുകയും ചെയ്യും. സാമൂഹിക ജീവിതത്തിന്റെ വിപുലീകരണത്തോടനുബന്ധിച്ച് വ്യക്തിബന്ധങ്ങളുടെ ഊഷ്മളതയുടെ മാറ്റുകുറയാതെ നോക്കാനും നമുക്കു കഴിയണം.

പുതിയ വ്യക്തിബന്ധങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. സ്വന്തം താല്‍പര്യവും മറ്റൊരാളുടെ താല്‍പര്യവും എല്ലായ്‌പ്പോഴും ഒന്നു തന്നെയോ ഓരോ ദിശയിലുള്ളതോ ആയിക്കൊള്ളണമെന്നില്ലല്ലോ. പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടി ഇരുവരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുത്ത് പെരുമാറുകയാണ് അഭികാമ്യം. വിട്ടുവീഴ്ചാ മനോഭാവത്തിന്റെ പ്രസക്തി എടുത്തുപറയാതെ വയ്യ.

ആരു ജയിക്കും, ആരു വിചാരിച്ചപോലെ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ പറ്റും എന്ന ചിന്ത നമ്മെ പലപ്പോഴും ഭരിക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതു കിടമത്സരത്തിനും 'ഞാന്‍', 'നീ' എന്നീ വിശേഷണങ്ങളിലും കാര്യങ്ങളെ കൊണ്ടെത്തിക്കും. പലപ്പോഴും ഒരാളുടെ അഭിപ്രായപ്രകാരം മുന്നോട്ടുപോകേണ്ടി വരും. അതായിരിക്കും പ്രായോഗികമായ ഏകമാര്‍ഗം.

കുട്ടിക്കാലത്ത് സഹോദരങ്ങള്‍ തമ്മില്‍ കിടമത്സരം ഉണ്ടാകുക പതിവാണ്. പലപ്പോഴും അല്‍പം അസൂയയും ഇതിന്റെ കൂടെയുണ്ടാവും. അമ്മ നവജാത ശിശുവിനെ ലാളിക്കുന്നതും ചെറിയ കുട്ടിയെ എപ്പോഴും എടുത്തുകൊണ്ടു നടക്കുന്നതും മൂത്ത കുട്ടിക്ക് ഒരല്‍പം നഷ്ടബോധവും അസൂയയും ഉളവാക്കിയെന്നുവരും. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ പങ്കുവയ്ക്കാന്‍ കുട്ടികള്‍ പിന്നീട് പഠിക്കും. ചേട്ടന്റെ പുസ്തകം അനിയന്റെ പുസ്തകം എന്നിവയെല്ലാമാകാമെങ്കിലും പല സാമൂഹിക ജീവിത സാഹചര്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ചനുഭവിക്കാന്‍ പറ്റില്ലല്ലോ!

പലകാര്യങ്ങളും നമുക്ക് തുല്യമായി വീതം വച്ചെടുക്കാന്‍ കഴിയാത്തവയാണ്. വാത്സല്യം എന്ന സന്തോഷകരമായ അനുഭവം സഹോദരനു ലഭിക്കുമ്പോള്‍ നിങ്ങള്‍ക്കെന്തിനാണ് അസ്വാസ്ഥ്യം? സന്തോഷം പങ്കുവയ്ക്കുമ്പോള്‍ വര്‍ധിക്കുകയും സന്താപം പങ്കുവയ്ക്കുമ്പോള്‍ കുറയുകയും ചെയ്യുമെന്നോര്‍ക്കുക. എന്റെ സന്തോഷം എനിക്കു ചുറ്റുമുള്ളവരുടെ സന്തോഷമായി വേര്‍തിരിക്കാന്‍ പറ്റാത്ത പോലെ ബന്ധപ്പെട്ടിരിക്കുന്നു. നാം വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ വരികയാണെങ്കില്‍ അതു ഉള്‍ക്കൊണ്ടുകൊണ്ട് അസഹിഷ്ണുത പ്രകടമാക്കാതെ ചിന്തിക്കുകയും പെരുമാറുകയും വേണം.

രണ്ടുപേര്‍ ഒന്നിച്ച് സിനിമയ്ക്കു പോകാന്‍ തീരുമാനിച്ചുവെന്നിരിക്കട്ടെ. ഏതു സിനിമയാണ് കാണുന്നത് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടായാല്‍ എന്തു ചെയ്യും? ഒന്നിച്ച് ഒരു സിനിമയ്ക്ക് പോകുകയാണ് ലക്ഷ്യമെങ്കില്‍ ഒരാളുടെ ഇഷ്ടത്തിനു മുന്‍തൂക്കം കിട്ടും. ഇതാരുടെയെന്ന കാര്യം തീരുമാനിക്കാന്‍ പറ്റാതെ സിനിമാ കാണാതിരിക്കുകയോ രണ്ടുപേരും വേറെ വേറെ പോയി അവര്‍ക്കിഷ്ടപ്പെട്ട സിനിമ കാണുകയോ, അതുമല്ലെങ്കില്‍ ഇക്കാര്യത്തെപ്പറ്റി ഒരു സംഘട്ടനം തന്നെയുണ്ടാവുകയോആവാം. സന്തോഷം വേണമോ സംഘട്ടനം വേണമോ എന്ന് തീരുമാനിക്കേണ്ടതും ബന്ധപ്പെട്ടവര്‍ തന്നെ !. ഒന്നിച്ചുപോയൊരു സിനിമ കണ്ടാല്‍ രണ്ടാളും സന്തോഷിക്കും. രണ്ടാളും ജയിക്കും. മറ്റെന്തു സംഭവിച്ചാലും രണ്ടാളും വിഷണ്ണരാവുകമാത്രം! അതും ആരേയും തോല്‍പിക്കാന്‍ നോക്കരുത്. മിതമായി പറഞ്ഞാല്‍ അതു വല്ലാത്ത ബുദ്ധിമോശമാണ്.
ഒരു യുവാവും യുവതിയും പരസ്പരം ആകൃഷ്ടരാകുകയും സ്‌നേഹബന്ധമുണ്ടാവുകയും പതിവാണ്. ചിലര്‍ ഒരുമിക്കാനും വിവാഹിതരാവാനും ആഗ്രഹിക്കും. എന്നാല്‍ പലപ്പോഴും ഇത്തരം ആഗ്രഹങ്ങളും തീരുമാനങ്ങളും വൈകാരികതലത്തില്‍ മാത്രം ഉടലെടുക്കുന്നവയാണ്. അങ്ങനെയുള്ള ബന്ധങ്ങള്‍ കെട്ടുറപ്പുള്ളതും സ്ഥായിയായതായും പരിണമിച്ചുകൊള്ളണമെന്നില്ല. വിവേകപൂര്‍ണമായ പരിപോഷണം ബന്ധങ്ങളെ ഊഷ്മളവും സന്തോഷകരവുമായി നിലനിര്‍ത്താന്‍ സഹായിക്കും. പറയാനെളുപ്പം, പ്രാവര്‍ത്തികമാക്കാന്‍ അത്ര എളുപ്പമല്ല !

'മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയും, കഴിയണം' എന്നതു ശരിയാണ്. എന്നാല്‍ മനസിന്റെ ഇംഗിതം പറഞ്ഞു മനസിലാക്കേണ്ടി വരുന്നിടത്തെല്ലാം പറഞ്ഞു തന്നെ മനസിലാക്കണം. സ്വന്തം ഇംഗിതം മറ്റൊരാള്‍ക്ക് മനസിലാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കൂട്ടായ്മ എളുപ്പമാകുന്നത്. മനസറിയാനും മനസറിയിക്കാനും ദമ്പതിമാര്‍ക്കാവും.
പരസ്പരം അറിഞ്ഞും അറിയിച്ചും പ്രവര്‍ത്തിക്കാന്‍ നമുക്കു കഴിയും. പല കൂട്ടായ പ്രവര്‍ത്തനങ്ങളും നമുക്കു സാധിക്കുന്നത് ഇത്തരം കഴിവുപയോഗിച്ചുകൊണ്ടുതന്നെയാണ്. ഭാര്യയും ഭര്‍ത്താവും ദമ്പതിമാരായിരിക്കുമ്പോള്‍ തന്നെ, രണ്ടു വേറിട്ട വ്യക്തിത്വത്തിനുടമകളുമാണ്. ദമ്പതിമാര്‍ ജീവിതത്തില്‍ കൂടുതല്‍ സമയം ഒന്നിച്ചു ചെലവഴിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ പരസ്പരം അംഗീകരിച്ചും പിന്തുണച്ചും പ്രവര്‍ത്തിക്കേണ്ടവരാണ്.

എന്തുതന്നെയായാലും വിവാഹത്തിനുശേഷം ജീവിതരീതികളില്‍ ചെറിയതോതിലെങ്കിലും ഒരുമാറ്റം ആവശ്യമായി വരും. ദാമ്പത്യബന്ധം കൂടുതല്‍ വ്യക്തിപരമായ അനുഭവമായി മാറുന്നത് വിവാഹത്തിനുശേഷം മാത്രമാണ്. പുതിയ ഈ ബന്ധം രണ്ടുപേരുടെയും ജീവിതത്തില്‍ അദ്ഭുതാവഹമായ അനുഭവങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. ഒരു പുതിയ ബന്ധം ഉണ്ടാകാന്‍, അതു ഗാഢമാകാന്‍, പക്വവും വിവേക സമ്പന്നവുമാക്കാന്‍ സമയവും പരിശ്രമവും വേണ്ടിവരും. ഈ പരിശ്രമം രണ്ടുപേരുടെയും ഭാഗത്തുണ്ടാകണം. അറിഞ്ഞോ അറിയാതെയോ അതുണ്ടാവുകതന്നെ ചെയ്യണം. ഒന്നോര്‍ക്കുക. നമ്മുടെ പങ്കാളി (ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്) ഇക്കാര്യത്തില്‍ വേണ്ടത്ര പരിശ്രമിക്കുന്നുണ്ടോ എന്നു ചിന്തിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ ജോലി എന്നു തെറ്റിദ്ധരിക്കരുത്. ഇതു നിങ്ങളുടെ ജോലിയോ ഉത്തരവാദിത്വമോ അല്ല. മറിച്ചു തികച്ചും അവഗണിക്കുകയും ഒഴിവാക്കപ്പെടുകയും ചെയ്യേണ്ട ഒരു കാര്യമാണിത്.
 
Other News in this category

 
 




 
Close Window