Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
UK Special
  Add your Comment comment
ഷാഡോ ക്യാബിനറ്റ് പുനഃസംഘടിപ്പിച്ച് ജെറമി കോര്‍ബിന്‍
reporter

ലണ്ടന്‍: പ്രതിപക്ഷനേതാവും ലേബര്‍ പാര്‍ട്ടി ചെയര്‍മാനുമായ ജെറമി കോര്‍ബില്‍ വീണ്ടും ഷാഡോ കാബിനറ്റ് പുനഃസംഘടിപ്പിച്ചു. 18 മാസത്തിനിടെ ഇത് മൂന്നാംതവണയാണ് കോര്‍ബിന്‍ തന്റെ ഷോഡോ കാബിനറ്റ് പുനഃസംഘടിപ്പിക്കുന്നത്. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവച്ചൊഴിഞ്ഞവരെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കാത പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി വിമതനീക്കത്തെ സധൈര്യം നേരിടാനാണ് കോര്‍ബിന്റെ നീക്കം. റെബേക്ക ലോങ് ബെയിലിയെ ഷാഡോ ബിസിനസ് സെക്രട്ടറിയായും സൂ ഹെയ്മനെ പരിസ്ഥിതി-ഗ്രാമവികസനം, ഭക്ഷ്യം എന്നിവയുടെയും സെക്രട്ടറിമാരായി നിയമിച്ചു. ക്രിസ്റ്റീന റീസ് ആണ് പുതിയ വെല്‍ഷ് ഷാഡോ സെക്രട്ടറി. ട്രഷറിയുടെ പുതിയ ഷാഡോ ചീഫ് സെക്രട്ടറിയായി പീറ്റര്‍ ഡൗഡും നിയമിതനായി. മറ്റുള്ള ഷാഡോ സെക്രട്ടറിമാര്‍ക്ക് മാറ്റമില്ല. പുതുതായി സ്ഥാനക്കയറ്റം ലഭിച്ച നാലുപേരും 2015ല്‍ ആദ്യമായി പാര്‍ലമെന്റംഗങ്ങളായവരാണ്. 

ഇപ്പോഴത്തെ പുനഃസംഘടനയോടെ കോര്‍ബിന്റെ ഷാഡോ കാബിനറ്റിലെ 29 പേരില്‍ 14 പേരും വനിതകളായി. ബ്രിട്ടീഷ് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമാണ് വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യമുള്ള ഷാഡോ കാബിനറ്റ്. കാബിനറ്റില്‍ ഇപ്പോള്‍ ഒഴിവുള്ള ഏതാനും സ്ഥാനങ്ങളും വരുദിവസങ്ങളില്‍ കോര്‍ബിന്‍ നികത്തുമെന്നാണ് സൂചന. 

ബ്രെക്‌സിറ്റ് ഹിതപരിശോധനയെത്തുടര്‍ന്ന് കോര്‍ബിന്‍ നേതൃസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ടു പാര്‍ട്ടിക്കുള്ളില്‍ നടന്ന വിമത നീക്കത്തിന്റെ ഭാഗമായി 32 ഷാഡോ കാബിനറ്റ് അംഗങ്ങള്‍ രാജിവച്ചിരുന്നു. പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഈ വിമത നീക്കത്തെ നേരിട്ട് ശക്തമായി തിരിച്ചുവന്ന കോര്‍ബിന്‍ പിന്നീടുണ്ടാക്കിയ കാബിനറ്റില്‍നിന്നും നാലുപേരാണ് ബ്രെക്‌സിറ്റ് ബില്ലിനെ അനുകൂലിക്കാനുള്ള നീക്കത്തിന്റ പേരില്‍ സ്ഥാനമൊഴിഞ്ഞത്. ഈ ഒഴിവുകളാണ് ഇപ്പോള്‍ അദ്ദേഹം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി നികത്തിയിരിക്കുന്നത്. മറ്റ് നാലുപേര്‍ കൂടുതല്‍ ഉയര്‍ന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനായി പലപ്പോഴായി രാജിവച്ച ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. 

ഇടതുപക്ഷ ചിന്താഗതിക്കാരനായ കോര്‍ബിന്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് അനഭിമതനും അണികള്‍ക്ക് ഏറെ പ്രിയങ്കരനുമായ നേതാവാണ്. സീനിയോരിറ്റിയും അനുഭവസമ്പത്തും നോക്കാതെയുള്ള അദ്ദേഹത്തിന്റെ നിയമനങ്ങള്‍ക്കുപിന്നിലുള്ള പ്രേരകശക്തിയും ഇതുതന്നെയാണ്.

 
Other News in this category

 
 




 
Close Window