Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
ശ്രീശാന്തിനെ പിന്തുണച്ച് സ്‌കോട്ടീഷ് ലീഗ്, സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷനെ സമീപിക്കാന്‍ ഒരുങ്ങുന്നു
reporter

ലണ്ടന്‍: സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ അനുമതി നല്‍കിയില്ലെങ്കില്‍ പ്രശ്നം സ്വിറ്റ്സര്‍ലന്‍ഡിലെ സ്പോര്‍ട്ട്സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ ഉന്നയിക്കാന്‍ സ്‌കോട്ട്ലന്‍ഡ് ക്ലബ് ഗ്ലെന്റോര്‍ത്ത്സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശ്രീശാന്ത് കളിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്ലെന്റോര്‍ത്ത്സ് ക്രിക്കറ്റ് ക്ലബിന്റെ പ്രസിഡന്റ് എഡി ഗിബ്സാണ് ഇക്കാര്യം മാധ്യമത്തെ അറിയിച്ചത്. രാജ്യാന്തര സ്പോര്‍ട്സ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതായി 1984-ല്‍ രൂപീകരിച്ചതാണ് കോര്‍ട്ട് ഒഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് (സിഎഎസ്). ഒളിമ്പിക്സുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിഎഎസ് മുമ്പാകെ സമര്‍പ്പിച്ച് പരിഹാരം കണ്ടെത്താന്‍ കഴിയും. 

ബിസിസിഐ അനുമതി കിട്ടിയാല്‍ സ്‌കോട്ട്ലന്‍ഡിലെ ഫിഫേ നഗരത്തിലുള്ള ഗ്ലെന്റോര്‍ത്ത്സ് ക്രിക്കറ്റ് ക്ലബില്‍ ചേരാനാണ് ശ്രീശാന്ത് തയാറെടുക്കുന്നത്. സ്‌കോട്ട്ലന്‍ഡിലെ ഈസ്റ്റേണ്‍ പ്രീമിയര്‍ ലീഗിലാണ് ക്ലബ് ഇപ്പോള്‍ കളിക്കുന്നത്. ബിസിസിഐ അനുമതി നല്‍കിയാല്‍ മാത്രമേ ക്രിക്കറ്റ് സ്‌കോട്ട്ലന്‍ഡിന് ശ്രീശാന്തിന്റെ ഗ്ലെന്റോര്‍ത്ത്സിന്റെ കളിക്കാരനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിക്കാതെ വിദേശടീമിനായി കളിക്കാന്‍ ബിസിസിഐ ശ്രീശാന്തിന് എന്‍ഒസി നല്‍കണം. ഇതിനായി കാത്തിരിക്കുകയാണെന്ന് ഗ്ലെന്റോര്‍ത്ത്സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റ് എഡി ഗിബ്സ് പറഞ്ഞു.

ലണ്ടനിലെ ഒരു പരിപാടിയില്‍ വച്ചാണ് എഡി ഗിബ്സ് ആദ്യമായി ശ്രീശാന്തിനെ കാണുന്നത്. ശ്രീശാന്തിന് സ്‌കോട്ട്ലന്‍ഡില്‍ കളിക്കാന്‍ അനുമതി നല്‍കാത്തത് അനീതിയാണെന്ന് എഡി പറഞ്ഞു. ശ്രീശാന്ത് നിരപരാധിയാണ്. ഇപ്പോള്‍ സംഭവിക്കുന്നത് നീതി നിഷേധമാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐക്കു മാത്രമേ കഴിയൂ. എന്നാല്‍ അവര്‍ ശ്രീശാന്തുമായോ അദ്ദേഹത്തിന്റെ പ്രതിനിധിയുമായോ സംസാരിക്കാന്‍ തയാറാകുന്നില്ലെന്നും എഡി പറഞ്ഞതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെടുക്കണമെന്നല്ല ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നിരോധനം പിന്‍വലിച്ചാല്‍ ക്ലബ് തലത്തില്‍ കളിച്ചു തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. എഡി ഗിബ്സ് കുടുംബത്തിലെ ഒരംഗത്തെ പോലെയാണ്. ഗ്ലെന്റോര്‍ത്ത്സില്‍ കളിക്കാന്‍ അദ്ദേഹം അവസരം നല്‍കാന്‍ തയാറാണെന്നും ബിസിസിഐ വിലക്ക് നേരിടുന്ന ശ്രീശാന്ത് വ്യക്തമാക്കി.

സ്‌കോട്ടിഷ് സീസണ്‍ ഏപ്രിലിലാണ് ആരംഭിക്കുന്നത്. ശ്രീശാന്തിനായി ഇപ്പോഴും ഗ്ലെന്റോര്‍ത്ത്സ് ടീമില്‍ ഇടം ഒഴിച്ചിട്ടിട്ടുണ്ട്. യാതൊരു ഫീസും വാങ്ങാതെ ക്ലബില്‍ കളിക്കാനാണ് ശ്രീശാന്ത് സമ്മതിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീശാന്ത് കളിക്കാന്‍ എത്തുന്നുവെന്ന് വാര്‍ത്ത ക്ലബ് അംഗങ്ങള്‍ തെല്ല് അമ്പരപ്പോടെയാണ് സ്വീകരിച്ചതെന്ന് എഡി ഗിബ്സ് പറഞ്ഞു. ബിസിസിഐ അനുമതി നല്‍കിയാല്‍ സ്‌കോട്ടിഷ് ക്രിക്കറ്റിലെ ഏക്കാലത്തെയും ഏറ്റവും വലിയ വാര്‍ത്തയാകും അതെന്നും എഡി ഗിബ്സ് പറയുന്നു

 
Other News in this category

 
 




 
Close Window