Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.78 INR  1 EURO=75.00 INR
ukmalayalampathram.com
Wed 26th Jul 2017
 
 
UK Special
  Add your Comment comment
ട്രംപിന്റെ സന്ദര്‍ശനം തടയണമെന്ന ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളി
reporter

ലണ്ടന്‍: അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക സന്ദര്‍ശനം തടയണമെന്ന ആവശ്യം ബ്രിട്ടീഷ് സര്‍ക്കാര്‍ തളളിക്കളഞ്ഞു. എല്ലാ ആചാര മര്യാദകളോടുംകൂടിയുള്ള ഔദ്യോഗിക സ്വീകരണം തന്നെ ട്രംപിന് ഒരുക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. ആവശ്യം സര്‍ക്കാര്‍ തള്ളിയെങ്കിലും ഒരുലക്ഷത്തിലധികം പേര്‍ ഒപ്പിട്ട പരാതിയായതിനാല്‍ വിഷയം പാര്‍ലമെന്റ് ചര്‍ച്ചചെയ്യും. അടുത്ത തിങ്കളാഴ്ചയാണ് ഇത് ചര്‍ച്ചയ്‌ക്കെടുക്കുക. ഇതോടൊപ്പം ട്രംപിന്റെ സന്ദര്‍ശനം അനുവദിക്കണമെന്ന മൂന്നുലക്ഷത്തിലേറെപേര്‍ ഒപ്പിട്ട പരാതിയും ചര്‍ച്ചയ്‌ക്കെടുക്കുന്നുണ്ട്. സന്ദര്‍ശനവിലക്ക് ആവശ്യപ്പെട്ടുള്ള പരാതി സര്‍ക്കാര്‍ തള്ളിയ സാഹചര്യത്തില്‍ ഇതിന്മേല്‍ വോട്ടെടുപ്പ് കൂടാതെയുള്ള ചര്‍ച്ചയാകും നടക്കുക. പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത പൊതുജനപരാതിയില്‍ പതിനെട്ട് ലക്ഷത്തിലേറെപ്പേര്‍ ഒപ്പിട്ടിരുന്നു. 

പെറ്റീഷന്‍സ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികളില്‍ പതിനായിരത്തിലധികം ആളുകള്‍ ഒപ്പിട്ടാല്‍ സര്‍ക്കാര്‍ പ്രതികരിക്കണമെന്നും ജനപിന്തുണ ഒരുലക്ഷത്തിലധികമായാല്‍ വിഷയം പാര്‍ലമെന്റ് ചര്‍ച്ചചെയ്യണമെന്നുമാണ് ചട്ടം. തിങ്കളാഴ്ച ഈ വിഷയം ചര്‍ച്ച ചയ്യുന്ന സമയം ട്രംപ് വിരുദ്ധര്‍ പാര്‍ലമെന്റിനു പുറത്ത് വന്‍ പ്രതിഷേധറാലി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രംപ് അധികാരമേറ്റതിന്റെ അഞ്ചാംനാള്‍ അമെരിക്കയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച പ്രധാനമന്ത്രി തെരേസ മേയാണ് രാജ്ഞിയുടെ അനുമതിയോടെ അദ്ദേഹത്തെ ഔദ്യോഗിക ബ്രിട്ടീഷ് സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. ക്ഷണം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തിയ പ്രഖ്യാപനം ട്രംപ് നടത്തിയതോടെയാണ് സന്ദര്‍ശനം തടയണമെന്നും ക്ഷണം റദ്ദാക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നത്. ഇതിനായി ലണ്ടന്‍ ഉള്‍പ്പെടെ ലോകത്തെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധ റാലികളും നടന്നിരുന്നു. മറ്റു സ്ഥലങ്ങളിലെ പ്രതിഷേധ പ്രകടനങ്ങളെല്ലാം ഏറെക്കുറെ ശമിച്ചെങ്കിലും ബ്രിട്ടണില്‍ ഇപ്പോഴും ശക്തമായ ട്രംപ് വിരുദ്ധ വികാരം തുടരുകയാണ്. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് പ്രഖ്യാപിച്ചിരുന്നു. വിവാദമായ ഈ നിലപാടിന്റെ പേരില്‍ അദ്ദേഹം അവിശ്വാസപ്രമേയം നേരിടുന്ന അവസ്ഥയിലാണ്.

 
Other News in this category

 
 




 
Close Window