Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ശശികല ഇന്നു കീഴടങ്ങിയേക്കുമെന്ന് സൂചന; ബെംഗളൂരുവില്‍ സുരക്ഷ ശക്തം
reporter

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. ഉച്ചയോടെ ബെംഗളൂരു കോടതിയിലെത്തി കീഴടങ്ങുമെന്നാണ് കരുതുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി ഇന്നലെ കണ്ടെത്തിയിരുന്നു. നാലാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കീഴടങ്ങുന്നതിനുള്ള സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ശശികല കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇതു പരിഗണിക്കുന്നത്. ഹര്‍ജി തള്ളിയാല്‍ ഉച്ചയോടെ ശശികല കീഴടങ്ങുമെന്നാണ് സൂചനകള്‍.

കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്നും ശശികല ഇന്നലെ രാത്രിയോടെ പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി. ഇവിടെനിന്നും വിമാനമാര്‍ഗമാകും ശശികല ബെംഗളൂരുവിലെത്തുക. അതേസമയം, ശശികലയെയും മറ്റു രണ്ടു പ്രതികളെയും പാര്‍പ്പിക്കാനുള്ള ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ്, സിറ്റി ആംഡ് റിസര്‍വ് എന്നിവയ്ക്കു പുറമേ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ വിലയിരുത്തുന്നുണ്ട്. 

ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നു ബെംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂര്‍ ചെക് പോസ്റ്റിലും ഒട്ടേറെ പൊലീസുകാരെ വിന്യസിച്ചു. 2014ല്‍ ജയലളിത ഇവിടെ 21 ദിവസം ജയില്‍ശിക്ഷ അനുഭവിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നു ദിവസേന ആയിരക്കണക്കിന് പാര്‍ട്ടി അനുഭാവികളാണ് ഇവിടേക്കെത്തി ദിവസങ്ങളോളം ജയില്‍പരിസരത്തു തമ്പടിച്ചത്. ബസിലും മറ്റു വാഹനങ്ങളിലുമായാണ് അനുയായികള്‍ ഒഴുകിയെത്തിയത്.

ജയലളിതയെയും ശശികലയെയും ഇളവരശിയെയും അന്ന് അടുത്തടുത്ത സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. ജാമ്യം ലഭിച്ച് അവരെല്ലാം പുറത്തിറങ്ങുന്നതു വരെ അനുയായികള്‍ ബെംഗളൂരുവില്‍ തമ്പടിച്ചു. അന്നത്തെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സുരക്ഷ ശക്തമാക്കിയത്. 

 
Other News in this category

 
 




 
Close Window