Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
സിനിമ
  Add your Comment comment
സിനിമാ പ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് - ക്വട്ടേഷന്‍ മാഫിയകളുടെ വലയിലാണെന്ന് ഗണേഷ് കുമാര്‍
reporter
നടി അഭിനയിച്ച് കൊണ്ടിരുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനും ഉത്തരവാദിത്വമുണ്ടെന്ന് ഗണേഷ്‌കുമാര്‍ എംഎല്‍എ. സിനിമാ പ്രവര്‍ത്തകരില്‍ ചിലര്‍ മയക്കുമരുന്ന് ക്വട്ടേഷന്‍ മാഫിയകളുടെ വലയിലാണ്. ക്രിമിനല്‍ പശ്ചാത്തലമുളളവര്‍ പോലും സിനിമാ സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഘടനകളിലെ അംഗത്വത്തിന് സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കൊച്ചിയില്‍ ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഇന്നു വ്യക്തമാക്കിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അവരെ ആശ്വസിപ്പിച്ചെന്നും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായും കോടിയേരി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ഭീതികൂടാതെ നിവര്‍ന്നുനില്‍ക്കണമെന്ന് കരുത്ത് പകര്‍ന്നു. അക്രമകാരികളെ പിടികൂടാനും ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കാനുമുള്ള എന്ത് സഹായവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ഉറപ്പ് നല്‍കി. ആ പെണ്‍കുട്ടിക്ക് ധൈര്യപൂര്‍വ്വം മുന്നോട്ടുപോവാനുള്ള കരുത്തായി സിപിഐഎം ഉണ്ടാവുമെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച നേരിട്ട് ഹാജരായി ഇതുവരെയുളള നടപടികള്‍ അറിയിക്കണമെന്നാണ് സമന്‍സിലെ നിര്‍ദേശം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. നാളെയാണ് ഹൈക്കോടതി സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇയാള്‍ക്കായി ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സുനിയെ രക്ഷപെടാന്‍ സഹായിച്ച അമ്പലപ്പുഴ സ്വദേശി അന്‍വറെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന് ശേഷം പാലാരിവട്ടത്തുനിന്ന് പള്‍സര്‍ സുനി ആലപ്പുഴയില്‍ എത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. മറ്റാരുടെയോ ക്വട്ടേഷന്‍ ഏറ്റെടുത്ത് സുനി നടപ്പാക്കിയ കൃത്യമായിരുന്നോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടി നല്‍കിയ മൊഴി പ്രകാരമാണ് ഇത്. മുഖം മറച്ചാണ് സുനി തന്റെ കാറില്‍ കയറിയതെന്നും വാഹനം മുന്നോട്ടുനീങ്ങവേയാണ് സുനിയെ തിരിച്ചറിഞ്ഞതെന്നും നടി മൊഴി നല്‍കി. തന്നെ തിരിച്ചറിഞ്ഞു എന്ന് മനസിലായപ്പോള്‍ താന്‍ നടപ്പാക്കുന്നത് ഒരു ക്വട്ടേഷനാണെന്നും എതിര്‍ത്താല്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാവുമെന്നും സുനി പറഞ്ഞതായും നടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window