Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
സുരേഷ് ഗോപിക്ക് ഇന്ത്യന്‍ഹൈക്കമ്മിഷന്‍ സ്വീകരണം നല്‍കി
reporter

ലണ്ടന്‍: ഇന്ത്യാ-യുകെ കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയ സുരേഷ്‌ഗോപി എംപിക്ക് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ സ്വീകരണം നല്‍കി. പാര്‍ലമെന്റംഗമെന്ന നിലയില്‍ നാടിന്റെ നന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ വിളംബരം ചെയ്യുന്ന നിലപാടല്ല തനിക്കുള്ളതെന്നു നടന്‍ സുരേഷ് ഗോപി. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്ന പ്രമാണം കാലഘട്ടം മാറിവന്നപ്പോള്‍ ഇടതുകൈ മാത്രമല്ല, രാജ്യം മുഴുവന്‍ അറിയണമെന്ന സ്ഥിതിയായി. ജനപ്രതിനിധികള്‍ ചെയ്യുന്ന കാര്യങ്ങള്‍ മുഴുവന്‍ ബോര്‍ഡുവച്ച് അറിയിക്കുന്ന സ്ഥിതിയായി നാട്ടിലെന്നും എന്നാല്‍ തന്നെ ഏല്‍പിച്ചിരിക്കുന്ന കാര്യങ്ങള്‍ കഴിയുന്നതും ആത്മാര്‍ഥമായി ചെയ്യുക എന്നതു മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒരിക്കലും രാഷ്ട്രീയത്തില്‍ വരുമെന്ന് വിചാരിച്ചിരുന്നില്ല. രാഷ്ട്രീയക്കാരനാകാനല്ല, രാഷ്ട്രക്കാരനാകാനാണ് താല്‍പര്യപ്പെട്ടത്. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ചിലതൊക്കെ നടപ്പിലാക്കാനും വികസന പദ്ധതികളെ പിന്തുണയ്ക്കാനും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പിന്തുണ ആവശ്യമാണ്. സിനിമയേക്കാള്‍ സംഗീതവും സംഗീതത്തേക്കാള്‍ പ്രകൃതിയും എന്ന തത്വത്തില്‍ ഊന്നിയാണ് തന്റെ പ്രവര്‍ത്തനം. പ്രകൃതിക്കുവേണ്ടിയെടുത്ത ചില നിലപാടുകള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ആവശ്യമായിവന്നു. അപ്പോഴാണ് ഒന്നിനെ തെരഞ്ഞെടുത്തത്. ഏറ്റവും മികച്ചതാണ് തെരഞ്ഞെടുത്തതെന്നാണ് തന്റെ ഉത്തമവിശ്വാസം.

എല്ലാ രാഷ്ട്രീയത്തിലെയും എല്ലാ നല്ലതിനെയും ഉള്‍ക്കൊള്ളുന്ന ഉത്തമ പൌരനായി കഴിയാനാണ് ആഗ്രഹിച്ചത്. കുറേ പിശാചുക്കള്‍ ചേര്‍ന്ന് തുരത്തി ഒരു തൊഴുത്തില്‍ കൊണ്ടുകെട്ടി എന്നും വ്യാഖ്യാനിക്കാമെന്ന് ബി.ജെ.പി.യിലേക്കുള്ള തന്റെ വഴി വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വളരെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ നേരേതാഴെനിന്നു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമാണ് ദൈവം നല്‍കിയിരിക്കുന്നത്. അത് മലയാളികളുടെ യശസ് ഉയര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കും. എന്നെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ഥനയാണ് ഏറ്റവും വലിയ ശക്തിയും ബലവും. സിനിമയിലും രാഷ്ട്രീയത്തിലും പാര്‍ലമെന്റിലുമെല്ലാം അതാണ് ശക്തി. നരേന്ദ്രമോഡിയുമായി രണ്ടുവര്‍ഷംമുമ്പ് രണ്ടുമണിക്കൂര്‍ 17 മിനിറ്റു നീണ്ട കൂടിക്കാഴ്ചയിലൂടെ പുതിയൊരു പാത വെട്ടിത്തുറക്കാനുണ്ടായ സാഹചര്യവും ഈശ്വരനിശ്ചയമായിരുന്നു.

മോഡി പ്രധാനമന്ത്രിയാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. സാധാരണരീതിയിലുള്ള ഒരു ഭരണമല്ല അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്. താന്‍ പ്രധാനമന്ത്രിയില്‍നിന്നും മനസിലാക്കിയതനുസരിച്ച് 2016 ആകുമ്പോള്‍ ലോകത്തെ ഏറ്റവും ഉന്നതമായ ശക്തികളിലൊന്നായി ഇന്ത്യയെ മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു മനസിലാക്കിയാല്‍ ഇപ്പോഴുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ സുഖമുള്ള വേദനയായി മാറും.

ദുഷ്ടലാക്കോടെ ചിലര്‍ ഡീമോണിറ്റൈസേഷന്‍ എന്നു വിളിക്കുന്ന റീമോണിറ്റൈസേഷനും ഇതിന്റെ ഭാഗമാണ്. ഭൂരിഭാഗം ആളുകള്‍ക്കും ഇത് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും ആരും പദ്ധതിക്ക് എതിരായിരുന്നില്ല. നടപ്പിലാക്കിയപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് എതിര്‍പ്പുണ്ടാക്കിയത്. ഈ പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് തനിക്ക് ഒട്ടും സംശയമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഒരുപാട് വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. ഉദ്യോഗസ്ഥവൃന്ദത്തിന്റെ അനാസ്ഥയാണ് ഇതിനു കാരണം. 29 വര്‍ഷം മുമ്പ് സ്ഥലമെടുത്ത് 20 വര്‍ഷംമുമ്പ് തറക്കല്ലിട്ട തിരുവനന്തപുരത്തെ മൂന്ന് പോസ്റ്റ് ഓഫിസ് കെട്ടിടങ്ങളുടെ പണിതുടങ്ങാന്‍ സ്വീകരിച്ച നടപടി വിശദീകരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തെ ശ്രീചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴുവര്‍ഷമായി അനുമതി കാത്തിരിക്കുന്ന 450 കോടിയുടെ പദ്ധതിക്കും ഇത്തരത്തില്‍ തന്റെ പ്രത്യേക ശ്രമഫലമായി 230 കോടി രൂപ കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.

ഹൈക്കമ്മിഷനിലെ ഗാന്ധി ഹാളില്‍ നടന്ന സ്വീകരണയോഗത്തില്‍ സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുകൂടിയായ നടന്‍ ശങ്കര്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ടി. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രമേശ് നായര്‍ ഉള്‍പ്പെടെയുള്ള എംബസിയിലെ മലയാളി ഉദ്യോഗസ്ഥരും ലണ്ടനിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.

 
Other News in this category

 
 
 
Close Window