Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.24 INR  1 EURO=70.10 INR
ukmalayalampathram.com
Fri 28th Apr 2017
 
 
അസോസിയേഷന്‍
  Add your Comment comment
പ്രവാസികള്‍ എന്നും ജന്മനാടിനോട് കൂറുള്ളവരാകണം: യൂസഫലി
reporter

ലണ്ടന്‍: ജനിച്ച നാടിനോടും ജീവിക്കുന്ന നാടിനോടും കൂറുള്ളവരാകണം പ്രവാസികളെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യുസഫലി. എല്ലാ രാജ്യത്തും കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ സമാധാനപ്രിയരായാണ് അറിയപ്പെടുന്നത്. വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള നമ്മുടെ തലമുറ പുതിയ തലമുറയ്ക്ക് നമ്മുടെ നാടിനെക്കുറിച്ചുള്ള അറിവും സംസ്‌കാരവും പകര്‍ന്നു നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മലയാളി സമൂഹവുമായി സംവദിക്കാന്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വിളിച്ച വിവിധ മത- സാമൂഹിക- സാംസ്‌കാരിക- സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പൊതുജന പങ്കാളിത്തത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന നിക്ഷേപ പദ്ധതികളില്‍ പങ്കാളികളായി ജന്മനാടിന്റെ വികസനത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. പ്രവാസികള്‍ക്ക് ജനിച്ച നാടിനായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം ഇതാണെന്നും നെടുമ്പാശേരി വിമാനത്താവള പദ്ധതി ഉദാഹരിച്ച് അദ്ദേഹം വിശദീകരിച്ചു. 

മലയാളി സമൂഹത്തിന്റെ കൂട്ടായ്മയില്‍ പങ്കെടുക്കാനായി മാത്രം ദുബായില്‍നിന്നും ഇന്നലെ ലണ്ടനിലെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാര്‍ യൂസഫലിയെ ഹൈക്കമ്മിഷണര്‍ അഭിനന്ദിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും വികസനത്തിന് പ്രവാസികളായ മലയാളികള്‍ നല്‍കുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും ഇത്തരത്തില്‍ നാടിനെ സ്‌നേഹിക്കാനും സേവിക്കാനും പുതിയ തലമുറയെക്കൂടി പഠിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വിവിധ പ്രവാസി സമൂഹങ്ങളുടെ ആവശ്യങ്ങളറിയാനും ആശങ്കകള്‍ പങ്കുവയ്ക്കാനും കൃത്യമായ ഇടവേളകളില്‍ ഇനിയും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ഹൈക്കമ്മിഷണര്‍ വൈ.കെ. സിന്‍ഹ ഉറപ്പുനല്‍കി. പൊതുജന സേവനങ്ങള്‍ക്കായി കൂടുതലും പുറംജോലി കരാറിനെയാണ് ഹൈക്കമ്മിഷന്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇവരുടെ സേവനങ്ങള്‍ ഏതുതരത്തില്‍ മെച്ചപ്പെടുത്താമെന്ന് പ്രവാസി സമൂഹങ്ങള്‍ നിര്‍ദേശം നല്‍കണമെന്ന് ഹൈക്കമ്മിഷണര്‍ ആവശ്യപ്പെട്ടു. 

ഹൈക്കമ്മിഷനിലെ കോ- ഓര്‍ഡിനേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഇന്ത്യന്‍ എംബസിയിലെ ഗാന്ധി ഹാളില്‍ ഹൈക്കിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കാന്‍ മലയാളി സമൂഹത്തിന് അവസരമൊരുക്കിയത്. ഹൈക്കമ്മിഷനിലെ കോ-ഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ എ.എസ്. രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബ്രിസ്റ്റൊള്‍ ലബോറട്ടറീസ് ചെയര്‍മാന്‍ ഡോ. രാമചന്ദ്രന്‍, ബ്രിട്ടണിലെ വിവിധ ബറോകളില മലയാളി കൌണ്‍സിലര്‍മാരായ ടോം ആദിത്യ, ഫിലിപ് ഏബ്രഹാം, മഞ്ജു ഷാഹുല്‍ ഹമീദ്, ആര്‍. ബാലാജി, ആനന്ദ് ടി.വി. മാനേജിങ് ഡയറക്റ്റര്‍ ശ്രീകുമാര്‍, അഡ്വ. പോള്‍ ജോണ്‍ എന്നിവരും യൂണിയന്‍ ഓഫ് യു.കെ. മലയാളി അസോസിയേഷന്‍, മലയാളി അസോസിയേഷന്‍ ഓഫ് യു.കെ. തുടങ്ങിയ സംഘടനാ പ്രതിനിധികളും പ്രസംഗിച്ചു. 

അള്‍ഡ് വിച്ചിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, സംഘടനാ പ്രതിനിധികള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, ഭക്തസംഘടനാ പ്രവര്‍ത്തകര്‍, സ്‌പോട്‌സ് ക്ലബ്ബ് ഭാരവാഹികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കൌണ്‍സിലര്‍മാര്‍, വ്യവസായ പ്രമുഖര്‍, വ്യാപാര- വാണിജ്യമേഖലയുടെ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ തൊഴില്‍ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രഫഷണലുകള്‍ എന്നിവരെല്ലാം പങ്കെടുത്തു. ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

മലയാളി സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ ഉപഹാരം ഹൈക്കമ്മിഷണര്‍ക്കുവേണ്ടി കോ- ഓര്‍ഡിനേഷന്‍ മിനിസ്റ്റര്‍ എ. എസ് രാജന്‍ ഹൈക്കമ്മിഷനിലെ മലയാളിയായ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ടി. ഹരിദാസില്‍നിന്നും ഏറ്റുവാങ്ങി. 

പൊതുയോഗത്തിനുശേഷം ഹൈക്കമ്മീഷന്‍ ആസ്ഥാനത്തെ നെഹ്‌റു ഹാളില്‍ കേരളാ ഗ്രൂപ്പ് ഓഫ് റസ്റ്റൊറന്‍സ് ഒരുക്കിയ സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

 
Other News in this category

 
 




 
Close Window