Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.26 INR  1 EURO=70.09 INR
ukmalayalampathram.com
Sun 30th Apr 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദേവഭൂമിയിലും മോദി ഇഫക്റ്റ്
Reporter

ഡെറാഡൂണ്‍: ഇന്ത്യയുടെ ദേവഭൂമിയാണ് ഉത്തരാഖണ്ഡ്. ഏറെ രാഷ്ട്രീയ കോലാഹലങ്ങള്‍ നിറഞ്ഞു നിന്നിരുന്ന സംസ്ഥാനം. ഇവിടെ പൊരുതാന്‍ ഉറച്ച് ബിജെപി എത്തിയപ്പോള്‍ അവര്‍ ഒരു ലീഡറെ മുന്‍ നിര്‍ത്തിയില്ല. നായകനില്ലാത്ത പോരാട്ടം എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എതിര്‍ചേരി വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അവര്‍ മോദിയെന്ന അമരക്കാരന്റെ തന്ത്രങ്ങള്‍ കണ്ടില്ല. ഇതു തന്നെയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായി ഭരിച്ചിരുന്ന ഹരീഷ് റാവത്തിന് പറ്റിയ പരാജയവും. ഇതിരാളിയുടെ ഈ അന്ധത ഉത്തരാഖണ്ഡിലെ ബിജെപിയുടെ വിജയ രഹസ്യമായി. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മോദി ഇഫക്റ്റ്. 

മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കാതെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. കാരണം ബി.ജെ.പിയുടെ പ്രധാന നേതാക്കളെ കൂടാതെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ, സമീപകാലം വരെ ഹരീഷ് റാവത്ത് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സത്പാല്‍ മഹാരാജ് എന്നിവരും ഉള്ളതിനാല്‍ ഒരാളെ നേതാവായി പ്രഖ്യാപിച്ചാല്‍ അത് തമ്മിലടിക്ക് ഇടയാക്കുമായിരുന്നു. 

അഴിമതിയാരോപണങ്ങളും കാലുവാരല്‍ രാഷ്ട്രീയവും കൊണ്ട് സജീവമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണകാലം. 2012 ല്‍ അധികാരം കിട്ടിയപ്പോള്‍ ഹരീഷ് റാവത്തിനെ തഴഞ്ഞാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണയില്‍ വിജയ് ബഹുഗുണ മുഖ്യമന്ത്രിയായത്. പ്രളയക്കെടുതികള്‍ നേരിടുന്നതിലെ വീഴ്ചകളുടെ പേരില്‍ കസേര പോയപ്പോഴാണ് റാവത്ത് മുഖ്യമന്ത്രിയായത്. ഇടഞ്ഞ വിജയ് ബഹുഗുണ 12 എം.എല്‍.എമാരുമായി ബി.ജെ.പി പാളയത്തിലേക്ക് പോയി. അവിടെ ഗവര്‍ണറെ വച്ച് ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും കോടതി വിധി എതിരായി. എന്നാലിന്ന് ജനകീയ കോടതിയില്‍ ബി.ജെ.പി അധികാരം പിടിച്ചു.

ഭരണവിരുദ്ധ വികാരവും കാല് വാരല്‍ രാഷ്ട്രീയവും കൊണ്ട് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്തിന് പോലും മോദിപ്രഭാവത്തില്‍ സംസ്ഥാനത്ത് അടിതെറ്റി. തന്റെ വ്യക്തിപ്രഭാവത്തില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നത് കൊണ്ട് തന്നെ ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലങ്ങളായ ഹരിദ്വാര്‍ റൂറല്‍, കിച്ച മണ്ഡലങ്ങളായിരുന്നു അവരോട് ഏറ്റുമുട്ടി മത്സരിക്കാനായി റാവത്ത് തെരഞ്ഞെടുത്തത്. അത് റാവത്തിന്റെ ജനപ്രീതിയും വര്‍ധിപ്പിച്ചിരുന്നുവെങ്കിലും ഹരിദ്വാറില്‍ ദയനീയമായി പരാജയപ്പെടാനായിരുന്നു റാവത്തിന്റെ വിധി.

റാവത്തിനെ അധികാരത്തില്‍ നിന്നും പുറത്താക്കി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത കേന്ദ്രസര്‍ക്കാരിനും മോദിക്കും കുറച്ചൊന്നുമായിരുന്നില്ല കഴിഞ്ഞവര്‍ഷം പഴി കേള്‍ക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ ഉത്തരാഖണ്ഡില്‍ ഏത് വിധേനയും ജയിച്ച് കയറുകയെന്നത് മോദി-അമിത്ഷാ കൂട്ട് കെട്ടിന്റെ അഭിമാനപോരാട്ടത്തിന്റെ ഭാഗവുമായി. തിരഞ്ഞെടുപ്പ് തന്ത്രമെന്ന നിലയ്ക്ക് കോണ്‍ഗ്രസില്‍ നിന്നും വിട്ട് വന്ന് ചോദിച്ചവര്‍ക്കെല്ലാം സീറ്റ് കൊടുക്കുകയാണ് അമിത് ഷാ ആദ്യം ചെയ്തത്. 

മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ മകനടക്കമുള്ളവര്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കി. കോണ്‍ഗ്രസില്‍ നിന്നും വിട്ട് വന്ന ഭൂരിഭാഗം ആളുകള്‍ക്കും സീറ്റ് നല്‍കിയതില്‍ ബി.ജെ.പിക്കുള്ളില്‍ തന്നെ മുറുമുറുപ്പ് ഉണ്ടായെങ്കിലും അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ഒട്ടും ബാധിക്കുകയും ചെയ്തില്ല. സംസ്ഥാന രൂപീകരണം മുതല്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉത്തരാഖണ്ഡിലേതെങ്കിലും ഇത്രയും വലിയൊരു വിജയം ബി.ജെ.പി പോലും പ്രതീക്ഷിച്ചില്ലയെന്നതാണ് സത്യം. 

 
Other News in this category

 
 




 
Close Window