Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.93 INR  1 EURO=70.33 INR
ukmalayalampathram.com
Wed 29th Mar 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗോവ: കോണ്‍ഗ്രസിനെ കോടതി തുണച്ചില്ല പരീക്കര്‍ വിശ്വാസവോട്ട് തേടണം
Reporter

ന്യൂഡല്‍ഹി: ഗോവയില്‍ മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്നാണ് കോടതി ഉത്തരവിട്ടു. സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കി വോട്ടെടുപ്പ് നടത്താനാണ് കോടതി നിര്‍ദേശം. സത്യപ്രതിജ്ഞയ്ക്കു മുന്‍പ് ഗോവയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാമോ എന്ന് ബിജെപിക്കായി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയോട് വാദമധ്യേ സുപ്രീം കോടതി ആരാഞ്ഞിരുന്നു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്നും കേവലഭൂരിപക്ഷത്തിനുവേണ്ട എംഎല്‍എമാരുടെ പിന്തുണ ചട്ടമനുസരിച്ച് സത്യവാങ്മൂലമായി ഗവര്‍ണര്‍ക്കു നല്‍കിയിട്ടുണ്ടെന്നുമായിരുന്നു സാല്‍വെയുടെ മറുപടി. ഇതിനു പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് തടസ്സമുണ്ടാവില്ല. സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും കോടതി നടത്തിയില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്തുകൊണ്ട് ഗവര്‍ണറെ സമീപിച്ചില്ലെന്ന് കോടതി ചോദിച്ചു. ഭൂരിപക്ഷം അവകാശപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആവശ്യമുന്നയിച്ച കക്ഷിക്ക് അവസരം നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഇതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പിന്തുണയുള്ള എംഎല്‍എമാരുടെ എണ്ണം വ്യക്തമാക്കാതിരുന്നതും കോടതിയുടെ വിമര്‍ശത്തിനിടയാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ നിശ്ചയിക്കുന്നത് എംഎല്‍എമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങളുടെ കൂടെ എംഎല്‍എമാര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ അത് തെളിയിക്കണം. ഹര്‍ജിയില്‍ തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ജഗ്ദീഷ് ഖെഹാര്‍ ചോദിച്ചു.

ഗവര്‍ണര്‍ ഭരണഘടനാ വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ഗവര്‍ണറുടെ നടപടികള്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതും മറ്റാരുടെയോ നിര്‍ദ്ദേശാനുസരണമുള്ളതും ആയിരുന്നെന്നും കോണ്‍ഗ്രസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി വാദിച്ചു. എന്നാല്‍ ഇത് കോടതി മുഖവിലയ്‌ക്കെടുത്തില്ല.

കോണ്‍ഗ്രസിനു വേണ്ടി ഗോവ നിയമസഭാകക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്‌ലേകറാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനു പകരം ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിച്ച നടപടി, നിലവിലുള്ള ഭരണഘടനാ രീതികള്‍ക്കു വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതോടെ, ഹോളി ആഘോഷം പ്രമാണിച്ചു കോടതി അവധിയാണെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു. 

40 അംഗ നിയമസഭയില്‍ 17 സീറ്റുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ 13 സീറ്റേ ഉള്ളൂവെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ ബിജെപി കേവലഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കുമാവില്ലെന്നു കരുതിയ സമയത്താണു മുന്‍ മുഖ്യമന്ത്രി കൂടിയായ മനോഹര്‍ പരീക്കറെ ബിജെപി രംഗത്തിറക്കിയത്. കോണ്‍ഗ്രസിനു പിന്തുണ നല്‍കുമെന്നു കരുതിയിരുന്ന മൂന്നംഗ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) ഇതോടെ ചുവടുമാറ്റി. ഫോര്‍വേഡ് പാര്‍ട്ടിയുടെയും പാര്‍ട്ടി അനുഭാവിയായ കക്ഷിരഹിതന്‍ റോഹന്‍ ഖാന്തെയുടെയും പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു. 

ഗോവയില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെയും (എംജിപി) ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും (ജിഎഫ്പി) മൂന്നുപേരുടെ വീതവും രണ്ടു സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചതോടെയാണു കേവലഭൂരിപക്ഷത്തിനു വേണ്ട 21 പേരുടെ പിന്തുണ ബിജെപി അവകാശപ്പെടുന്നത്.


 

 
Other News in this category

 
 




 
Close Window