Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.93 INR  1 EURO=70.33 INR
ukmalayalampathram.com
Wed 29th Mar 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മിഷേലിനോട് സാമ്യമുള്ള പെണ്‍കുട്ടിയെ പാലത്തില്‍ കണ്ടതായി യുവാവ്
Reporter

കൊച്ചി: മരിച്ച സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീ പാലത്തിന് സമീപം കണ്ടിരുന്നതായി പിറവം സ്വദേശി അമലിന്റെ മൊഴി. വല്ലാര്‍പാടം പള്ളികഴിഞ്ഞ് ബോള്‍ഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തെ ഗോശ്രീ രണ്ടാം പാലത്തിന് സമീപമാണ് പെണ്‍കുട്ടിയെ കണ്ടത്. അവിടെ കൈവരിയില്ലാത്ത ഭാഗമായിരുന്നുവെന്നും അമല്‍ പറഞ്ഞു.

അതുവഴി ബൈക്കില്‍ വരികയായിരുന്ന താന്‍ ഒരു ട്രെയിലര്‍ ബ്രേക്കിട്ടപ്പോഴാണ് തിരിഞ്ഞ് നോക്കിയത്. ആ സമയത്ത് കുട്ടി അവിടെ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ കണ്ടാണ് ട്രെയിലര്‍ ബ്രേക്കിട്ടത്. എന്നാല്‍ അല്‍പ്പം മുന്നോട്ട് വന്നപ്പോള്‍ തനിക്കൊരു ഫോണ്‍ വന്നു. സംസാരിക്കാനായി പാലത്തിനടുത്ത് വണ്ടി നിര്‍ത്തി തിരിഞ്ഞ് നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ കഴിഞ്ഞില്ലെന്നും അമല്‍ പറയുന്നു.

ആ സമയം മറ്റൊരാളും ബൈക്കില്‍ അതു വഴി വന്നിരുന്നു. ഇയാളും ആദ്യം കുട്ടിയെ കണ്ടിരുന്നു. തങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് പാലത്തിനടുത്ത് ചെന്ന് നോക്കിയെങ്കിലും പെണ്‍കുട്ടിയെ കാണാന്‍ സാധിച്ചില്ല. വെള്ളത്തിലേക്ക് നോക്കിയെങ്കിലും ഇരുട്ടായിരുന്നു. അതു കൊണ്ട് തങ്ങള്‍ അവിടെ നിന്ന് പോയി.

പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് സ്ഥലത്ത് പെണ്‍കുട്ടി മുങ്ങിമരിച്ചതായുള്ള പത്രവാര്‍ത്ത കണ്ടത്. എന്നാല്‍ ഇതേ പെണ്‍കുട്ടിയെ ആണോ കണ്ടതെന്ന് തനിക്ക് ഉറപ്പില്ലെന്നും സംഭവം പൊലീസ് സ്‌റ്റേഷനിലെത്തി അറിയിച്ചിട്ടുണ്ടെന്നും അമല്‍ പറഞ്ഞു.

ഇതിനിടെ, മിഷേലിന്റെ മരണത്തിന് ഉത്തരവാദിയെന്ന് പറയുന്ന ബന്ധു പിറവം സ്വദേശി ക്രോണിനെ തങ്ങള്‍ക്ക് അറിയില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി. അങ്ങനെയൊരു ബന്ധു തങ്ങള്‍ക്കില്ലെന്നും അയാളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സംസാരമോ പരാതിയോ തങ്ങളോട് മിഷേല്‍ നടത്തിയിട്ടില്ലെന്നും പിതാവ് ഷാജി പറഞ്ഞു. പിടിയിലായ ക്രോണിന്‍ മിഷേലിന്റെ അകന്ന ബന്ധുവാണെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. 

മിഷേല്‍ മരിച്ച അന്നും ഏറെ സന്തോഷവതിയായിരുന്നുവെന്നും വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അതുകൊണ്ട് തന്നെ ആത്മഹത്യയാണെന്നുള്ള കണ്ടെത്തല്‍ മുഖവിലയ്‌ക്കെടുക്കാനാവില്ല. മിഷേല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും ഷാജി ചൂണ്ടിക്കാട്ടുന്നു. 

ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഛത്തിസ്ഗഢില്‍ ജോലി ചെയ്യുന്ന പിറവം സ്വദേശി ക്രോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മിഷേലിനെ തനിക്ക് പരിചയമുണ്ടെന്നും മിഷേല്‍ അകലാന്‍ ശ്രമിച്ചത് കൊണ്ട് തര്‍ക്കങ്ങളുണ്ടായിരുന്നതായുമാണ് ക്രോണിന്‍ പൊലീസിന് മൊഴി നല്‍കിയത്. മിഷേല്‍ കാണാതായതിന് തലേന്ന് ക്രോണിന്റെ ഫോണില്‍ നിന്ന് മിഷേലിന് 57 സന്ദേശങ്ങള്‍ അയച്ചതായും നാല് തവണ വിളിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു.

 
Other News in this category

 
 




 
Close Window