Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായ 18 മലയാളികളുടെ മോചനം ഉടന്‍
reporter

ലണ്ടന്‍: ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായ പതിനെട്ട് മലയാളികളെ മോചിപ്പിക്കാന്‍ ഏകദേശം ധാരണയായി. ഇവര്‍ക്കു മേല്‍ ചുമത്തിയിരുന്ന പിഴ 4.80 ലക്ഷം രൂപയായി ബ്രിട്ടീഷ് കോടതി കുറച്ചു. ഇതോടെയാണ് മോചനം സാധ്യമായത്. നേരത്തേ 31 ലക്ഷം രൂപയാണ് ചുമത്തിയിരുന്നത്. ബോട്ടുടമ ആല്‍ബര്‍ട്ട് ജൂഡിയെ വിചാരണയ്ക്കായി ബ്രിട്ടിഷ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 31 ലക്ഷം പിഴ കെട്ടിവയ്ക്കാനായിരുന്നു നിര്‍ദേശം. ജൂഡി തന്റെ സാമ്പത്തികസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് തുക കുറച്ചു കൊടുത്തു. രണ്ടു ബോട്ടുടമകളും ഇതുനല്‍കാമെന്നു സമ്മതിച്ചു. പണം നിക്ഷേപിക്കേണ്ട അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ഇന്നു ലഭ്യമാവും. 17നു മുമ്പ് പണം കെട്ടി വയ്ക്കണമെന്നാണ് നിര്‍ദേശം. 

പിഴ അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം ഇവര്‍ ജയിലില്‍ കഴിയേണ്ടി വരും. എന്നാല്‍ അത് ഒഴിവാകുമെന്നാണ് സൂചന. ബോട്ടുകളും വിട്ടുനല്‍കുമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഇനിയൊരിക്കലും സമുദ്രാതിര്‍ത്തി ലംഘിക്കില്ലെന്ന സത്യവാങ്മൂലം തൊഴിലാളികള്‍ നല്‍കേണ്ടി വരുമെന്നും ഫിഷറീസ് ഡയറക്റ്റര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ പറഞ്ഞു. തമിഴ്‌നാട്ടുകാരനായ ജൂഡിയുടെ രണ്ടു ബോട്ടുകളില്‍ പോയ 32 പേരാണ് ഈമാസം ഒന്നിന് പിടിയിലായത്. കൊച്ചിയില്‍ നിന്ന് 1500 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ബ്രിട്ടീഷ് നാവികസേന ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യ ദ്വീപ് സൈനിക കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ മുമ്പും ഇവിടെ പിടിയിലായിട്ടുണ്ടെങ്കിലും നയതന്ത്ര നീക്കത്തിലൂടെ മോചിപ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 44 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു പവിഴപ്പുറ്റ് ദ്വീപിലാണ് ഇപ്പോള്‍ മല്‍സ്യത്തൊഴിലാളികളുടെ സ്വപ്നം മേയുന്നത്. ചൂരയും സ്രാവും കൊഞ്ചും ഉള്‍പ്പെടുന്ന ഏറ്റവും വിശിഷ്ടമായ സമുദ്ര വിഭവം തേടിയാണു രണ്ടായിരം കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് അവര്‍ ജീവന്‍ പണയം വച്ചു സഞ്ചരിക്കുന്നത്. പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടല്‍ എളുപ്പമല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണു മല്‍സ്യഖനി തേടിയുള്ള അവരുടെ യാത്ര.

ദ്വീപിലേക്കു കടന്നുകയറി ഇന്ത്യക്കാര്‍ നടത്തുന്ന മല്‍സ്യബന്ധനം നയതന്ത്ര പ്രശ്‌നമായി കണക്കാക്കുമെന്നു ബ്രിട്ടന്‍ പലവട്ടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ മല്‍സ്യത്തൊഴിലാളികളെ നിയന്ത്രിക്കണമെന്നും മല്‍സ്യബന്ധന മേഖലയില്‍ വ്യാപക ബോധവല്‍ക്കരണം നടത്തണമെന്നും നിര്‍ദേശമുണ്ട്.

ഇവിടേക്കു കടന്നുകയറുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. മല്‍സ്യത്തൊഴിലാളികളാണെന്നു തിരിച്ചറിയുന്നതുകൊണ്ടു മാത്രമാണ് അത്തരം അപകടങ്ങള്‍ ഉണ്ടാകാത്തതെന്നും എപ്പോഴും അത് ഉറപ്പുവരുത്താനാവില്ലെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ, മല്‍സ്യഖനിയിലേക്കുള്ള ലക്ഷ്യം ഈ മുന്നറിയിപ്പുകളെയെല്ലാം അവഗണിക്കുന്നു.

 
Other News in this category

 
 
 
Close Window