Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
UK Special
  Add your Comment comment
മലയാളികള്‍ക്ക് ആശ്വാസം, ബജറ്റില്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് നികുതി വര്‍ധന പിന്‍വലിച്ചു
reporter

ലണ്ടന്‍: സ്വയംസംരംഭകര്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ശതമാനം നാഷണല്‍ ഇന്‍ഷുറന്‍സ് നികുതി വര്‍ധന സര്‍ക്കാര്‍ പിന്‍വലിച്ചു. സ്വന്തം പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് ഏജന്‍സി ജോലി ചെയ്തിരുന്ന മലയാളി നഴ്‌സുമാരെയും ടാക്‌സി സര്‍വീസ് നടത്തിയിരുന്നവരെയുമുള്‍പ്പെടെ നിരവധിപേരെ ബാധിക്കുന്ന നികുതി നിര്‍ദേശമായിരുന്നു സര്‍ക്കാരിന്റേത്. പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ ശക്തമായ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിനാളുകളെ നേരിട്ടു ബാധിക്കുന്ന നികുതി വര്‍ധന വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിവര്‍ഷം 250 മുതല്‍ 500 പൗണ്ട് വരെ അധികം നികുതി നല്‍കേണ്ടവിധമാണ് സ്വയം തൊഴിലുകാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വിഹിതത്തില്‍ അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ ഒരു ശതമാനം വര്‍ധന പ്രഖ്യാപിച്ചത്. നിലവിലുള്ള ഒന്‍പത് ശതമാനത്തില്‍നിന്നും പത്തായാണ് നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്‌സ് വര്‍ധിപ്പിച്ചത്. 2018 മുതല്‍ ഇതു പ്രാബല്യത്തിലാക്കാനായിരുന്നു തീരുമാനം. 2019ല്‍ 11 ശതമാനമായും ഉയര്‍ത്താന്‍ പദ്ധതിയിട്ടിരുന്നു. സാധാരണ ജോലിക്കാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് ടാക്‌സ് ഇപ്പോള്‍ 43,000 പൗണ്ട് വരെ 12 ശതമാനമാണ്. ജോലിക്കാരും സ്വയംസംരംഭകരും തമ്മിലുള്ള ഈ അന്തരം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നാണ് ധനകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ടിന്റെ വിശദീകരിച്ചിരുന്നത്. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക ഞെരുക്കം മുന്നില്‍ കണ്ടുള്ള നടപടിയായും ഇതിനെ വിലയിരുത്തിയിരുന്നു. വര്‍ഷംതോറും 650 മില്യണ്‍ പൗണ്ടിന്റെ അധികവരുമാനമാണ് സര്‍ക്കാര്‍ ഈ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിട്ടത്. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കാനായിരുന്നു പദ്ധതി.

ബ്രിട്ടനിലാകെ അമ്പതു ലക്ഷത്തിലേറെയാളുകളെയും ഇംഗ്ലണ്ടില്‍ മാത്രം ഇരുപതു ലക്ഷത്തോളം പേരെയും ഈ നികുതി വര്‍ധന നേരിട്ടു ബാധിക്കുമായിരുന്നു. ലണ്ടന്‍ നഗരത്തില്‍ മാത്രം എട്ടര ലക്ഷത്തിലേറെ ആളുകള്‍ സ്വയംസംരംഭകരായുണ്ട്. നഗരത്തിലെ ആകെ ജനസംഖ്യയുടെ 19 ശതമാനമാണിത്. തെക്കു കിഴക്കന്‍ ഇംഗ്ലണ്ടില്‍ ഏഴുലക്ഷത്തില്‍ അധികംപേരും വടക്കു കിഴക്കന്‍ ഇംഗ്ലണ്ടില്‍ ഒന്നര ലക്ഷത്തോളം പേരും സ്വയംതൊഴില്‍ സംരംഭകരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും അധികം സ്വയംതൊഴില്‍ സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ലണ്ടന്‍ നഗരത്തിലെ വെസ്റ്റ്ഹാമിലാണ്. 21,600 പേരാണ് ഇവിടെ സ്വയംതൊഴിലുകാരായുള്ളത്. ഏഷ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. വീട്ടിലിരുന്നു ജോലിചെയ്യുന്ന സ്ത്രീകളും ടാക്‌സി ഡ്രൈവര്‍മാരുമാണ് ഇത്തരത്തില്‍ സ്വന്തം പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ ഏറെയും.

അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷത്തേക്ക് നാഷണല്‍ ഇന്‍ഷുറന്‍സും ആദായ നികുതിയും മൂല്യവര്‍ധിത നികുതിയും (വാറ്റ്) വര്‍ധിപ്പിക്കില്ലെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രകടന പത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം. ഇതു മറികടന്ന് ബജറ്റില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധിപ്പിച്ചത് വാഗ്ദാനലംഘനമാണെന്ന് പ്രതിപക്ഷവും ഭരണകക്ഷിയിലെ നല്ലൊരു ശതമാനം എംപിമാരും വിമര്‍ശനമുന്നയിച്ചിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. വാഗ്ദാനങ്ങള്‍ അതിന്റെ എല്ലാ അര്‍ഥത്തിലും പാലിക്കാന്‍ സര്‍ക്കാരും പ്രധാനമന്ത്രിയും ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി നിര്‍ദേശം പിന്‍വലിക്കുന്നതായി ധനകാര്യ സെക്രട്ടറി ഫിലിപ് ഹാമണ്ട് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നും പൊതു സമൂഹത്തില്‍നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window