Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.32 INR
ukmalayalampathram.com
Tue 17th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചിയില്‍ പീഡനക്കേസ് ഒതുക്കിയ സിഐക്ക് സസ്‌പെന്‍ഷന്‍
Reporter

 കൊച്ചി: യുവതിയെ തടവില്‍ വച്ച് പീഡിപ്പിച്ച കേസ് പണം വാങ്ങി ഒതുക്കിയ സിഐയെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം നോര്‍ത്ത് സിഐ ടിബി വിജയനെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റേഞ്ച് ഐജി പി.വിജയന്‍ സസ്‌പെന്‍ഡ് ചെയ്തത്. 

മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ ഒരു മാസത്തോളം ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസാണ് സിഐ അട്ടിമറിച്ചത്. ഇവന്റെ മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പീഡനത്തിനിരയായ യുവതിയെ കൊച്ചിയിലേക്ക് കൊണ്ടു വന്നത്. ജോലി വാഗ്ദാനം ചെയ്ത സ്ഥാപന ഉടമ തന്നെയായിരുന്നു ആദ്യം യുവതിയെ പീഡിപ്പിച്ചത്. 

പിന്നീട് കൊച്ചിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത ശേഷം യുവതിയെ നിരവധി പേര്‍ക്ക് കാഴ്ച്ച വച്ചു. ആഴ്ചകള്‍ നീണ്ട പീഡനത്തിനൊടുവില്‍ അവിടെ നിന്ന രക്ഷപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കി. ഇരുപത്തഞ്ചോളം പേര്‍ തന്നെ പീഡിപ്പിച്ചതായാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ ഇതിനു ശേഷം ചില അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ ഇടപെടുകയും, പ്രതികളില്‍ നിന്ന് പണം വാങ്ങി കേസ് ഒതുക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ചാണ് കേസിന് പിന്നില്‍ നടന്ന ഒത്തുകളിക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നത്. 

കേസ് ഒത്തുതീര്‍പ്പാക്കാനായി പ്രതികളില്‍ നിന്ന് ഏഴ് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. കിട്ടിയ പണത്തില്‍ അഞ്ച് ലക്ഷം രൂപ പീഡനത്തിനിരയായ യുവതിക്ക് നല്‍കി. ബാക്കി തുക സിഐയുടെ നേതൃത്വത്തിലുള്ള പൊലീസുകാരും പങ്കിട്ടെടുത്തു.

പീഡനക്കേസില്‍ പണം വാങ്ങിയത് കൂടാതെ പലിശക്കാരില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപ കൈക്കൂലിയായും സിഐ വാങ്ങിയിട്ടുണ്ടെന്നാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

പൊലീസ് സേനയ്‌ക്കൊന്നാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് അരങ്ങേറിയതെന്നും, ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഐക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിലപാടാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും സ്വീകരിച്ചത്.

സംസ്ഥാന പോലീസിനൊന്നാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window