Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=80.78 INR  1 EURO=70.34 INR
ukmalayalampathram.com
Wed 29th Mar 2017
 
 
UK Special
  Add your Comment comment
മുന്‍ മന്ത്രി ഓസ്‌ബോണ്‍ ഇനി പത്രാധിപര്‍
reporter

ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ ധനമന്ത്രി ജോര്‍ജ് ഓസ്‌ബോണിനെ ലണ്ടന്‍ ഈവനിങ് സ്റ്റാന്‍ഡാര്‍ഡ് പത്രത്തിന്റെ എഡിറ്റര്‍ ആയി നിയമിച്ചു. റഷ്യന്‍ കോടീശ്വരന്‍ എവ്ജനി ലെബഡെവ് ആണു പത്രത്തിന്റെ ഉടമ. യാഥാസ്ഥിതിക പാര്‍ട്ടിയില്‍നിന്നുള്ള പാര്‍ലമെന്റംഗമായ ഓസ്‌ബോണ്‍ എംപി സ്ഥാനം രാജിവയ്ക്കില്ലെന്നും അറിയിച്ചു. 

നിരവധി യൂണിവേഴ്‌സിറ്റികളില്‍ ഗസ്റ്റ് ലക്ചററായും ബാങ്കിങ് സ്ഥാപനങ്ങളില്‍ സാമ്പത്തിക ഉപദേശകനായും സേവനമനുഷ്ഠിച്ച് ഓസ്‌ബോണ്‍ കൈപ്പറ്റുന്നത് ലക്ഷങ്ങളാണ്. ആഴ്ചയില്‍ നാലുദിവസമാകും പത്രാധിപരുടെ ജോലിയ്ക്കായി സമയം നീക്കിവയ്ക്കുക. ബാക്കിസമയം പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്കും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നുകൊണ്ടുള്ള മുന്‍മന്ത്രിയുടെ പത്രാധിപ ജോലിയെ പ്രതിപക്ഷം പരിഹസിക്കുകയാണ്. ഈവര്‍ഷത്തെ ഏറ്റവും വലിയ തമാശയാണിതെന്നായിരുന്നു പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്റെ പ്രതികരണം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ചെഷയറിലെ ടാറ്റണ്‍ മണ്ഡലത്തില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിഷ്പക്ഷമായ പത്രപ്രവര്‍ത്തനത്തെ പരിഹസിക്കുന്നതിനു തുല്യമാണിതെന്നും കോര്‍ബിന്‍ ചൂണ്ടിക്കാട്ടി.

പ്രതിവര്‍ഷം രണ്ടുലക്ഷം പൗണ്ട് ശമ്പളത്തിനാണ് അദ്ദേഹം പുതിയ ജോലി ഏറ്റെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എം.പി എന്ന നിലയില്‍ 74,962 പൗണ്ടാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. ഇതിനു പുറമേ 650,000 പൗണ്ടിന് ബ്ലാക്ക് റോക്ക് ഇന്‍വസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഉപദേശകനായും സേവനം അനുഷ്ഠിക്കുന്നുണ്ട്. നോര്‍ത്തേണ്‍ പവര്‍ഹൗസ് പാട്ണര്‍ഷിപ്പ് ചെയര്‍മാന്‍, മക് കെയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോ, വാഷിങ്ടന്‍ സ്പീക്കേഴ്‌സ് ബ്യൂറോ എന്നിവിടങ്ങളിലും അദ്ദേഹം സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം ലക്ഷങ്ങള്‍ വരുമാനമുള്ള ജോലികളുമാണ്.

രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പത്രങ്ങളിലൊന്നിന്റെ സാരഥിയാകാന്‍ ലഭിച്ച അവസരം അഭിമാനത്തോടെയാണ് കാണുന്നതെന്നും വലിയൊരു ബഹുമതിയായാണ് ഈ നിയമനത്തെ സ്വീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

 
Other News in this category

 
 




 
Close Window