Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.35 INR
ukmalayalampathram.com
Mon 16th Oct 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകാേടതി
Reporter

 ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീംകോടതി. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ തളളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിശദീകരണം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ല. മറ്റു പ്രതികളുടെ മൊഴികള്‍ മാത്രമാണ് അദ്ദേഹത്തിനെതിരെയുളളത്. കൂടാതെ കോളജില്‍ ഇടിമുറികള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.അന്വേഷണത്തില്‍ കൃഷ്ണദാസിനെതിരെ തെളിവുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് സര്‍ക്കാരിനുവേണ്ടി ഹാജരായത്. ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്ന കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മൊഴിയിലൂടെ വ്യക്തമാണെന്നാണ് അദ്ദേഹം വാദിച്ചത്. ജിഷ്ണുവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. ഇതിലെല്ലാം തന്നെ സംശയ സ്ഥാനത്തുള്ളത് കൃഷ്ണദാസാണ്. അദ്ദേഹം പുറത്തുനില്‍ക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാല്‍, ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കേസില്‍ കൃഷ്ണദാസിന് നേരിട്ട് പങ്കുള്ളതിന് തെളിവുകളൊന്നുമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള സാഹചര്യമില്ല എന്നാണ് കോടതി നിരീക്ഷിച്ചത്. ജിഷ്ണുവിന്റെ അമ്മയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനാണ് ഹാജരായത്. അദ്ദേഹത്തിന് അധികസമയം വാദിക്കാനുള്ള അവസരം പോലും കോടതി നല്‍കിയില്ല. 

തെളിവുകള്‍ പരിശോധിക്കാതെയാണ് കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനവാദം. കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം തേടിയത് ഹൈക്കോടതിയെ തെറ്റിധരിപ്പിച്ചാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജില്ലാ കളക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാണ് കൃഷ്ണദാസ് കോടതിയില്‍ ആവശ്യപെട്ടത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ കളക്ടര്‍ വിളിച്ച യോഗം നടന്നിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനും ഇക്കാര്യം കോടതിയെ അറിയിച്ചില്ല.

മാത്രമല്ല യോഗത്തില്‍ പങ്കെടുക്കുന്നതിന് പ്രിന്‍സിപ്പലിനെ മാത്രമാണ് ജില്ലാകളക്ടര്‍ വിളിച്ചിരുന്നത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണദാസ് ജാമ്യാപേക്ഷ നല്‍കിയിട്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ കൃഷ്ണദാസിന്റെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി കൃഷ്ണദാസിന് ജാമ്യം അനുവദിച്ചത്. ഇതേറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാരും ജിഷ്ണുവിന്റെ കുടുംബവും തീരുമാനിക്കുന്നത്.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന് പുറമെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍,വിപിന്‍ പിആര്‍ഒ സഞ്ജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികള്‍ക്ക് നേരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ധനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് അധ്യാപകര്‍ക്കെതിരെ കുറ്റപത്രത്തിലുളളത്.

കോപ്പിയടിക്കാത്ത വിദ്യാര്‍ഥിയെ ഗൂഢാലോചന നടത്തി കുറ്റക്കാരനാക്കി. വൈസ് പ്രിന്‍സിപ്പലും അധ്യാപകനായ പ്രവീണുമാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കോളജില്‍ ഹാജരാക്കിയ ജിഷ്ണുവിന്റെ മാപ്പപേക്ഷ വ്യാജമാണ്. ജിഷ്ണുവിനെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window