Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളം സഹാറയാകുന്നു, ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി
reporter

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇവിടുത്തെ കാലാവസ്ഥ അപ്പാടെ മാറിയതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിനുള്ള തെളിവുകള്‍ കണ്ടുതുടങ്ങിയതായി ഇവര്‍ അറിയിച്ചു. ഇനിയെങ്കിലും നമ്മുടെ നാട്ടിലുള്ളവര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളം അധികം വൈകാതെ സഹാറയായി മാറുമെന്നും ഇവര്‍ അറിയിച്ചു. ഉദാഹരണ സഹിതമാണ് ഇവര്‍ ഇക്കാര്യം പറയുന്നത്. 

മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന പലയിനം ദേശാടനപ്പക്ഷികളെയും ഇപ്പോള്‍ കേരളത്തില്‍ കണ്ടുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ഇഷ്ടകേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണിത്. കുമരകത്തു ചരിത്രത്തിലാദ്യമായി വര്‍ണക്കൊക്ക് (പെയിന്റഡ് സ്റ്റോര്‍ക്) വരുന്നത് വര്‍ധിച്ചു. ഉത്തരേന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളില്‍ മാത്രം കാണപ്പെട്ടിരുന്ന 'റോസി പാസ്റ്റര്‍' പക്ഷികള്‍ കോട്ടയം തിരുനക്കരയിലും മറ്റും 500 എണ്ണം വരെ കാണപ്പെട്ടതായി പക്ഷിനിരീക്ഷകര്‍. വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന മയിലും ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്നു. അടുത്തിടെ കൊച്ചി അടക്കമുള്ള പ്രദേശങ്ങളില്‍ പകല്‍ രേഖപ്പെടുത്തിയ താപനില 36 ഡിഗ്രി സെല്‍ഷ്യസാണ്. ഇതു കൂടി പരിശോധിച്ചു നോക്കുമ്പോള്‍ കേരളത്തിന്റെ അവസ്ഥ എന്താണെന്ന് മനസിലാക്കാന്‍ സാധിക്കും. വന്‍ തോതില്‍ മരങ്ങള്‍ വെട്ടിക്കളയുന്നതാണ് പ്രധാനമായും കാലാവസ്ഥ മാറ്റം ഉണ്ടാക്കാന്‍ കാരണം. 

വേനല്‍ക്കാലത്ത് ഇപ്പോള്‍ ചക്കയും മുരിങ്ങയും സമൃദ്ധമായി പൂവിടുന്നു. ചൂടേറി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവു കൂടിയതോടെ പല വിളകളുടെയും ഫലങ്ങളുടെയും ഉല്‍പാദനം പുഷ്ടിപ്പെട്ടു. തണുപ്പു തേടി പല പര്‍വത സസ്യങ്ങളും ഉയരമുള്ള പ്രദേശങ്ങളിലേക്കു മാറുന്നതായും കണ്ടെത്തി. ഇപ്പോള്‍ ഏതു സീസണിലും കേരളത്തില്‍ മാവു പൂക്കുന്നു. ഇതും ചൂടു കൂടുന്നതിന്റെ ഫലമാണ്. ഫലവൃക്ഷങ്ങളിലെ താപസൂചകങ്ങളായ 'സെന്‍സറുകള്‍' സജീവമാകുന്നത്. അതേസമയം, മണ്‍സൂണിന്റെ കവാടം തിരുവനന്തപുരത്തുനിന്നു വടക്കോട്ടു നീങ്ങി കോഴിക്കോടും മംഗലാപുരവുമായി. ഓരോ വര്‍ഷവും മഴയുടെ തോതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നുണ്ട്. അന്തരീക്ഷത്തിലെ രാസമലിനീകരണം മൂലം മഴവെള്ളത്തിന്റെ പിഎച്ച് മൂല്യം കുറയുന്നു. ഇതു കൃഷിയെ ദോഷകരമായി ബാധിച്ചു. 

ചൂടു മൂലം പാല്‍ ഉല്‍പാദനം കുറയുന്നു. സങ്കര ഇനം വളര്‍ത്തുമൃഗങ്ങള്‍ക്കു ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തേണ്ട സ്ഥിതിയായി. ഓറഞ്ച് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും വളരുന്നു. മഴനിഴല്‍ പ്രദേശമായ മറയൂരും വട്ടവടയിലുമുള്ള ശീതകാല പച്ചക്കറികളായ കാബേജും കോളിഫ്‌ളവറും കേരളത്തിലെവിടെയും വിളയുമെന്ന സ്ഥിതി വന്നതും കാലാവസ്ഥാമാറ്റം മൂലമാണ്. വിഷുവിനു മാത്രം പൂത്തിരുന്ന കൊന്ന ഇപ്പോള്‍ ഏതുകാലത്തും കാണാം. ഡിസംബറില്‍ പൂവിടേണ്ട മംഗോസ്റ്റിന്‍, ജാതി എന്നിവ ഈ വര്‍ഷം പൂവിട്ടതു ഫെബ്രുവരിയില്‍. തേനീച്ചകള്‍ക്കു ചൂടുമൂലം രോഗം, തേനുല്‍പാദനം കുറയുന്നു.

വെള്ളത്തിന്റെ അമ്ലസ്വഭാവം കൂടുന്നത് മൂലം പുഴ മീനുകളുടെ എണ്ണം കുറയുകയാണ്. പെരിയാറ്റിലും കോട്ടയത്തു പേരൂരിലും ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം. പാലായ്ക്കു കിഴക്കു ഭരണങ്ങാനത്തു കായല്‍മല്‍സ്യമായ കരിമീനിനെ കണ്ടെത്തി. കോഴഞ്ചേരി പാലത്തില്‍ കടല്‍ജീവിയായ കല്ലുമ്മക്കായ ഏതാനും വര്‍ഷം മുമ്പു കണ്ടെത്തി. തിരണ്ടിയെ കേരളത്തിലെ പല നദികളിലും കാണുന്നു. കുമരകത്തു ജനുവരിയില്‍ ആമകള്‍ വ്യാപകമായി ചത്തുപൊങ്ങിയതു അമ്ലസ്വഭാവം മൂലമാകാന്‍ സാധ്യത. ഇതോടൊപ്പം തവളകളുടെ എണ്ണം കുറയുന്നു. മത്തി കേരളത്തിന്റെ കടല്‍ത്തീരം വിടുകയാണ്. ഓരോ വര്‍ഷവും മത്തിയുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്, കമ്പംമെട്ട്, ബോഡിമെട്ട് എന്നീ സ്ഥലങ്ങളിലെ 450 ചതുരശ്ര അടി ഭൂമി കള്ളിമുള്‍ച്ചെടി മാത്രം വളരുന്ന തരിശുനിലമായി. തമിഴ്‌നാട്ടിലെ വരണ്ടുണങ്ങിയ പ്രദേശങ്ങളില്‍ മാത്രം വളരുന്ന പല സസ്യങ്ങളും കുറ്റിച്ചെടികളും കുറച്ചുവര്‍ഷങ്ങളായി രാമക്കല്‍മേട്ടില്‍ തഴച്ചുവളരുന്നുണ്ട്. കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനത്തില്‍ 1984 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ഹൈറേഞ്ചിലെ ചൂട് ശരാശരി 1.46 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. കേരളത്തിന്റെ അന്തരീക്ഷ താപനില ഓരോവര്‍ഷവും 0.01 ഡിഗ്രി വീതം കൂടുന്നതായി കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. പാലക്കാട്ടു കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 41. 8 ഡിഗ്രി എന്ന റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. ആറു പതിറ്റാണ്ടിനിടെ 0.99 ഡിഗ്രി ശരാശരി താപനില ഉയര്‍ന്നു. ഉത്തരേന്ത്യയില്‍ മാത്രം കേട്ടുകേള്‍വിയുള്ള ഉഷ്ണതരംഗവും (ഹീറ്റ് വേവ്) സൂര്യാതപവും കേരളത്തിലും പതിവായി. കാലാവസ്ഥാ മാറ്റം ഏറ്റവും പ്രകടമായ മാറ്റം വരുത്തുന്ന ജില്ല വയനാട്. ഇവിടെ 2012 മാര്‍ച്ച് അവസാനം കൂടിയ ചൂട് 25.3 രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ വര്‍ഷം അത് 34. 2 ഡിഗ്രി.

രാത്രി താപനില ഉയരുകയാണ്. ചൂടുമായി പൊരുത്തപ്പെടാനുള്ള ശരീരത്തിന്റെ ക്രമീകരണം താളം തെറ്റുന്നു. ഇതു ജീവിത താളത്തെ (സിര്‍ക്കേഡിയന്‍ റിതം) ബാധിച്ചു മനുഷ്യന്റെ പെരുമാറ്റത്തില്‍ തന്നെ മാറ്റം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. വിയര്‍പ്പിലൂടെ ചൂടുനിയന്ത്രിക്കാന്‍ മനുഷ്യനു കഴിയുന്നതുപോലെ പാമ്പുവര്‍ഗത്തില്‍പെട്ട ജീവികള്‍ക്കു കഴിയില്ല. അതിനാല്‍ മനുഷ്യവാസ മുള്ള ഇടങ്ങളിലെ തണുപ്പു

തേടി ഇവയെത്തുന്നു. കാടുവിട്ട് വന്യജീവികള്‍ വെള്ളവും പച്ചത്തീറ്റയും തേടി മനുഷ്യവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നു. അവയുടെ ആക്രമണം വ്യാപകമാകുന്നു. ചൂടു കൂടി വനത്തില്‍ കാട്ടുതീ വ്യാപകമാകുന്നതും പലായനത്തിനു കാരണമാകുന്നു. ഇതുകൂടാതെ മഴത്തുുള്ളി വലുപ്പം വര്‍ധിച്ചു. ഒപ്പം മഴയുടെ സംഹാരശേഷി കൂടി. ഇടിമിന്നലിന്റെ ശക്തിയും വര്‍ധിച്ചു. 

മനുഷ്യരിലെ പെരുമാറ്റ വ്യത്യാസങ്ങള്‍ക്കും വിഷാദരോഗത്തിന്റെ വ്യാപനത്തിനും അന്തരീക്ഷത്തിലെ മാറ്റം കാരണമാകുന്നതായി സൂചന. ജനിതകമാറ്റം വന്ന പുതിയ തരം വൈറസുകളും രോഗങ്ങളും മാറ്റത്തിന്റെ മറ്റൊരു ലക്ഷണം. ഫംഗസ്, ബാക്ടീരിയ രോഗങ്ങള്‍ കൂടുന്നു. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കാണപ്പെടുന്ന പല കൊതുക് ഇനങ്ങളും ഇവിടേക്കും എത്തുന്നു. ചിക്കുന്‍ഗുനിയ, എച്ച് 1 എന്‍ 1, സിക്കാ വൈറസ്, ജപ്പാന്‍ ജ്വരം പരത്തുന്ന വൈറസ് എന്നിവ കേരളത്തിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇനിയെങ്കിലും മലയാളികള്‍ മാറി ചിന്തിച്ചില്ലെങ്കില്‍ വന്‍ ഭവിഷ്യത്താകും സംസ്ഥാനം നേരിടുക.

 
Other News in this category

 
 
 
Close Window