Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
ഗ്‌ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 27 ന് ഓള്‍ യു.കെ. നാടക മത്സരം ; ഒന്നാം സമ്മാനം പ്രശസ്തി പത്രവും 501 പൗണ്ടും
ലോറന്‍സ് പെല്ലിശ്ശേരി
ജി.എം.എ 2010 ല്‍ ആരംഭിച്ച 'എ ചാരിറ്റി ഫോര്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍സ് ഇന്‍ കേരള' എന്ന പദ്ധതിയുടെ നടത്തിപ്പിനായി വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന ചാരിറ്റി ഇവന്റ് വരുന്ന മെയ് 27 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍, സ്വകാര്യ ആസ്പത്രികളിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിയാത്ത പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ സര്‍ക്കാര്‍ ആസ്പത്രികളുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതാണ് ഈ പദ്ധതി. ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ജി.എം.എ യുടെ, ഈ വര്‍ഷത്തെ ചാരിറ്റി ഫണ്ടിന്റെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിരിക്കുന്നത് മലപ്പുറം ജില്ലാ സര്‍ക്കാര്‍ ആസ്പത്രിയും അവിടുത്തെ രോഗികളേയുമാണ്. ചാരിറ്റി ഇവന്റിനോടനുബന്ധിച്ചു ജി.എം.എ ഓര്‍ക്കെസ്ട്രയോടൊപ്പം ഓള്‍ യു.കെ നാടകമത്സരമാണ് ജി.എം.എ സംഘടിപ്പിക്കുന്നത്.

സിനിമ, ടെലിവിഷന്‍ തുടങ്ങിയവയുടെ 'സര്‍വ്വാധിപത്യത്തില്‍' അന്യം നിന്ന് പോകാന്‍ വിധിക്കപ്പെട്ട നാടക കലയെ പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ഇന്ന് ലോകത്തെല്ലായിടത്തും സജീവമാണ്. അതില്‍ പങ്കാളികളാകാനുള്ള ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടേയും, ഒപ്പം യു.കെ മലയാളികളുടേയും ചിരകാലാഭിലാഷമാണ് ഇതിലൂടെ പൂവണിയുന്നത്.

കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെയും, സ്ത്രീ വിമോചനത്തിനും, പൊതുവില്‍ തുല്യ നീതിയിലൂന്നിയ സാമൂഹ്യ അവബോധം കെട്ടിപ്പടുക്കുന്നതിലും നാടകമെന്ന കലാരൂപം വഹിച്ച പങ്ക് വളരെ വലുതാണ്. പ്രേക്ഷകനുമായി നേരിട്ട് ആശയ സംവേദനം സാധ്യമാകുന്ന ഈ കലാരൂപം കേരളത്തില്‍ ഒരു കാലത്ത് ഗ്രാമനഗര ഭേദമെന്യേ എല്ലാ തരം ജനവിഭാഗങ്ങള്‍ക്കും പ്രിയങ്കരവും ആസ്വാദ്യകരമായ അനുഭവവുമായിരുന്നു. സ്‌കൂള്‍, കോളേജ് പഠന കാലങ്ങളില്‍ ഒരിക്കലെങ്കിലും നാടകമെന്ന കലയുടെ ഭാഗമാകാത്തവര്‍ നമ്മളില്‍ വിരളമായിരിക്കും. മലയാളത്തിലെ പ്രശസ്തമായ പല നാടകങ്ങളും അതിലെ ഗാനങ്ങളും ഇന്നും നമ്മുടെയൊക്കെ ഗൃഹാതുരത്വ ഓര്‍മ്മകളുടെ ഭാഗമാണ്.

വിഖ്യാത സാഹിത്യകാരന്‍ ഏണസ്റ്റ് ഫിഷറിന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ മാനവ സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും ഏറ്റവും പ്രാചീന കലാരൂപമാണ് നാടകം. നാടകത്തിന്റെ സ്വീകാര്യതക്ക് അപജയം സംഭവിച്ചിട്ടില്ലെങ്കിലും, നാടകം ഇന്ന് സിനിമ പോലെ സവ്വസാധാരണമല്ല. എങ്കിലും ആ കലാ രൂപത്തെ നെഞ്ചിലേറ്റുന്നവരാണ് മലയാളികള്‍.

അതുകൊണ്ടു തന്നെയാണ് നാടക കലയെ സജീവമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം യു.കെ യില്‍ നാടക പ്രേമികളായിട്ടുള്ള ഒട്ടനവധി മലയാളികള്‍ക്ക് അതിന്റെ ഭാഗമാകാനും ഒപ്പം ആസ്വദിക്കാനുമുള്ള വേദിയൊരുക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലേക്ക് ജി.എം.എ എത്തിച്ചേര്‍ന്നത്.

നാടക സംവിധാനത്തിലും അഭിനയത്തിലും അവതരണത്തിലുമെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഒട്ടനവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുള്ള റോബി മേക്കരയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ സജീവമാകുന്നത്. മലയാളം ഇംഗ്‌ളീഷ് എന്നീ ഭാഷകളില്‍ പരമാവധി അര മണിക്കൂര്‍ സമയ ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് ഇതിനായി ക്ഷണിക്കുന്നത്. നാടകത്തിന്റെ തനതായ ആവിഷ്‌ക്കാര, ആസ്വാദന അനുഭവത്തിനായി റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ അനുവദിക്കുന്നതല്ല, പകരം ഓരോ കഥാപാത്രവും ഡയലോഗ് പ്രസന്റേഷന്‍ സ്‌റ്റേജില്‍ വച്ച് തന്നെ നിര്‍വ്വഹിക്കേണ്ടതാണ് എന്ന് പ്രത്യേകം അറിയിക്കുന്നു. നാടക മത്സരവുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങളും നിബന്ധനകളും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

മെയ് 27 ന് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ഗ്ലോസ്റ്ററിലെ റിബ്സ്റ്റന്‍ ഹാള്‍ ഹൈസ്‌കൂളാണ്. നാടക മത്സരത്തോടൊപ്പം ജി.എം.എ ഓര്‍ക്കസ്ട്ര നയിക്കുന്ന സംഗീതനിശക്കുള്ള പരിശീലനത്തിലാണ് യുക്മ നാഷണലില്‍ അടക്കം സമ്മാനാര്‍ഹരായ ഗ്ലോസ്‌റ്റെര്‍ഷെയറിലെ അനുഗ്രഹീത ഗായകരും കലാ സ്‌നേഹികളും.

നീതിപൂര്‍വ്വമായ വിധി നിര്‍ണ്ണയത്തിനായി നാടക കലാരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച വിധികര്‍ത്താക്കളെ തന്നെ കണ്ടെത്തിയിരിക്കുന്ന ഈ നാടക മാമാങ്കത്തില്‍, വിജയികളാകുന്നവരെ പ്രശസ്തി പത്രത്തോടൊപ്പം ആകര്‍ഷകമായ കാഷ് അവാര്‍ഡുകളും കാത്തിരിക്കുന്നു. മത്സരത്തില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന നാടകത്തിന് ഒന്നാം സമ്മാനമായി യു.കെ യിലെ പ്രശസ്ത സ്ഥാപനമായ ബീ വണ്‍ യു.കെ ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 പൗണ്ട് ക്യാഷ് അവാര്‍ഡ് ലഭിക്കുന്നതായിരിക്കും. മികച്ച രണ്ടാമത്തെ നാടകത്തിന് സമ്മാനമായി 251 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്നത് യു.കെ യില്‍ ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖരായ അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയാണ്. മികച്ച മൂന്നാമത്തെ നാടകത്തിന് 151 പൗണ്ടിന്റെ ക്യാഷ് അവാര്‍ഡ് കാത്തിരിക്കുന്നു. ആര്‍ക്കിടെക്ച്ചറല്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ മേക്കര ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി ആണ് മികച്ച സംവിധായകനും ബെസ്‌റ് പെര്‍ഫോര്‍മര്‍ക്കുമുള്ള ക്യാഷ് അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ മാസം, ഏപ്രില്‍ 10 ന് മുമ്പായി മത്സര നിബന്ധനകള്‍ക്ക് അനുസരിച്ചു നിങ്ങളുടെ വിശദ വിവരങ്ങളടക്കം ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരത്തിന് പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഇമെയില്‍ വിലാസവും ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറുകളും താഴെ കൊടുത്തിരിക്കുന്നു:
ഇമെയില്‍: robymekkara@gmail.com
ഫോണ്‍: 07843 020249 (റോബി മേക്കര), 07865 075048 (ടോം ശങ്കൂരിക്കല്‍), 07575 370404 (മനോജ് വേണുഗോപാല്‍).
നാടക കലയെ സ്‌നേഹിക്കുന്നവര്‍ക്കും, ഒപ്പം ജനിച്ചു വളര്‍ന്ന സ്വന്തം നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കൊതിക്കുന്നവര്‍ക്കും മെയ് 27 ന് ഗ്ലോസ്റ്ററില്‍ അരങ്ങേറുന്ന സംഗീത നാടക സദസ്സിലേക്ക് ജി.എം.എ സ്വാഗതം ചെയ്തു.
 
Other News in this category

 
 
 
Close Window