Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
സിനിമ
  Add your Comment comment
മഹാഭാരതത്തിന്റെ നിര്‍മാണച്ചെലവ് 1000 കോടി: എം.ടിയുടെ രണ്ടാമൂഴത്തില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ പ്രഖ്യാപിച്ചു
reporter
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാകാന്‍ എം.ടി.വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം. 1000 കോടി ബജറ്റില്‍ പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് 'മഹാഭാരതം' എന്നായിരിക്കും. ചിത്രത്തിലെ ഭീമനായി വേഷമിടുന്ന മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലൂടെയാണ് പ്രോജക്ട് പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ഏറ്റവും മുടക്കുമുതലുള്ള ഈ സിനിമ വി.ആര്‍.ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധാനം ചെയ്യുക. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുക. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്ത് അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. ആദ്യഭാഗം 2020ല്‍ തീയേറ്ററുകളിലുമെത്തും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗവുമെത്തും. മഹാഭാരത കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമാണ് തന്റേതെന്നും രണ്ടാമൂഴത്തിലെ ഭീമനായി തന്നെ തീരുമാനിച്ച എംടിക്ക് നന്ദി പറയുന്നുവെന്നും പ്രോജക്ട് പ്രഖ്യാപിച്ച് ഫേസ്ബുക്ക് വീഡിയോയിലൂടെ മോഹന്‍ലാല്‍ പറഞ്ഞു.

മഹാഭാരതത്തെക്കുറിച്ച് മോഹന്‍ലാല്‍..

മഹാഭാരത കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമാണ് എന്റെയും. ഇതിഹാസങ്ങളുടെ ഇതിഹാസമാണത്. എംടിയുടെ രണ്ടാമൂഴം എന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയാണ്. ഈ നോവല്‍ എത്രപ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് അറിയില്ല. ഇതിനിടയിലെപ്പോഴോ ആണ് രണ്ടാമൂഴത്തിന് ദൃശ്യാവിഷ്‌കാരമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചത്. ഇന്ത്യക്കാരനും നടനും എന്ന നിലയില്‍ ഈ കഥയും സിനിമയും ആഗോളപ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനുള്ളതാണ്. രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരം കുറച്ചുനാളായി വാര്‍ത്തകളിലുണ്ട്. അതിലെല്ലാം ഭീമന്റെ വേഷത്തിലേക്ക് എന്റെ പേരാണ് പറഞ്ഞുകേട്ടത്. എന്റെ പേരിലര്‍പ്പിച്ച വിശ്വാസത്തിന് എംടി സാറിന് നന്ദി. ഈ സിനിമ ലോകപ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കേണ്ടത് എല്ലാവിധ ദൃശ്യസൗന്ദര്യത്തോടെയുമായിരിക്കണം. ആ നിലവാരത്തിനിണങ്ങിയ ബജറ്റ് ആവശ്യമാണ്. 1000 കോടി ബജറ്റില്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ ബി.ആര്‍.ഷെട്ടിയെപ്പോലുള്ള ആഗോള സംരംഭകന്റെ ദീര്‍ഘവീക്ഷണത്തെ സല്യൂട്ട് ചെയ്യുന്നു. ഇത് ചരിത്രത്തിന്റെ ഭാഗമാണ്
മോഹന്‍ലാല്‍ പറഞ്ഞു.


രണ്ടാമൂഴം സിനിമയാക്കാന്‍ മുന്‍പും പലരും സമീപിച്ചിരുന്നെങ്കിലും എന്തുകൊണ്ട് തയ്യാറായില്ലെന്ന് എംടി പറയുന്നു.
ഏതാണ്ട് 20 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് രണ്ടാമൂഴം എഴുതുന്നത്. അത് സിനിമയാക്കാന്‍ മുന്‍പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മ്മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. അത് അഥ്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാവൂ. അതുകൊണ്ടാണ് ഇത്രയുംനാള്‍ രണ്ടാമൂഴം എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പ്, രണ്ടാമൂഴം എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷം
എം.ടി.വാസുദേവന്‍ നായര്‍ പ്രതികരിച്ചു.
മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാവും സിനിമയെന്ന് യുഎഇ എക്‌സ്‌ചേഞ്ചിന്റെയും എന്‍എംസി ഹെല്‍ത്ത് കെയറിന്റെയും സ്ഥാപകന്‍ കൂടിയായ ബി.ആര്‍.ഷെട്ടി പറയുന്നു.
ഇതാദ്യമായാണ് മഹാഭാരതം ഇത്രയും വലിയൊരു ക്യാന്‍വാസില്‍ സിനിമയാകുന്നത്. മഹാഭാരതത്തിന്റെ ഐതിഹാസികമായ എല്ലാ മാനങ്ങളെയും തൊട്ടുനില്‍ക്കുന്നതാവും സിനിമ. നമ്മുടെ ഈടുറ്റ പാരമ്പര്യത്തെ ലോകത്തിന് മുമ്പാകെ ചലച്ചിത്രരൂപത്തില്‍ പ്രദര്‍ശിപ്പിക്കുക എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്കരിക്കുകയാണ് ഇതിലൂടെ. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാന്‍ ആദ്യം വായിച്ചത്. ഇപ്പോള്‍ തിരക്കഥയും വായിച്ചു. എംടിയുടെ അക്ഷരങ്ങള്‍ ഈ സിനിമയിലൂടെ ലോകസിനിമയുടെ ഊന്നത്യത്തിലെത്തും. സംവിധായകന്‍ വിആര്‍ ശ്രീകുമാറിലും അദ്ദേഹത്തിന്റെ ദൃശ്യാവിഷ്‌കാര മികവിലും പൂര്‍ണവിശ്വാസമുണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം ഹോളിവുഡില്‍ നിന്നുള്ള നടീനടന്മാരും ഭാഗഭാക്കാവും. താരനിര്‍ണയം പുരോഗമിക്കുകയാണ്. വിഎഫ്എക്‌സിലും സ്റ്റണ്ട് കൊറിയോഗ്രഫിയിലും മഹാഭാരതം അത്ഭുതം സൃഷ്ടിക്കുമെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്‍ പറഞ്ഞത് തന്റെ സ്വപ്ന പദ്ധതി ബാഹുബലി പോലെ മഹാഭാരതം എടുക്കുക എന്നുള്ളതാണ് എന്നായിരുന്നു.
 
Other News in this category

 
 




 
Close Window