Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.71 INR
ukmalayalampathram.com
Wed 18th Oct 2017
 
 
UK Special
  Add your Comment comment
സൈബര്‍ ആക്രമണം: എന്‍എച്ച്എസ് സാധാരണ നിലയിലേക്ക്
reporter

ലണ്ടന്‍: കഴിഞ്ഞ ദിവസമുണ്ടായ സൈബര്‍ ആക്രമണത്തിന് ശേഷം ഇംഗ്ലണ്ടിലെ എന്‍എച്ചഎസിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. 48 എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രികളുടെ കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ ആറെണ്ണം മാത്രമാണ് ഇപ്പോഴും പൂര്‍വ്വസ്ഥിതിയില്‍ ആകാതെ കിടക്കുന്നത്. മറ്റുള്ളവയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ എത്തിയതായി ഹോം സെക്രട്ടറി ആംബര്‍ റൂഡ് അറിയിച്ചു. കംപ്യൂട്ടര്‍ വൈറസുകളില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ പുതിയ സംവിധാനം ഒരുക്കുമെന്ന് അവര്‍ അറിയിച്ചു. രാജ്യത്തെ 97 ശതമാനം എന്‍എച്ച്എസ് ട്രസ്റ്റ് ആശുപത്രികളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലാണ്. രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതായി അറിവില്ല. കഴിഞ്ഞ ദിവസമാണ് ഇന്ത്യയടക്കം 99 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം ഉണ്ടായത്. 

ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന 'റാന്‍സംവെയര്‍' ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ബിറ്റ്കോയിന്‍ വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്. ഡിജിറ്റല്‍ കറന്‍സി ആയതിനാല്‍ ബിറ്റ്കോയിന്‍ നേടിയ കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണത്തിന് ശേഷം ബിറ്റ്കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് പറയുന്നു. മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കുന്നതിനായി അമെരിക്കന്‍ ചാര സംഘടന നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്എ) രൂപപ്പെടുത്തിയ ടൂള്‍ കവര്‍ന്നെടുത്താണ് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധര്‍ കരുതുന്നത്. എന്‍എസ്എ ടൂള്‍ ആയ എറ്റേണല്‍ ബ്ലൂ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു.

എന്‍എച്ച്എസില്‍ കംപ്യൂട്ടറുകള്‍ക്ക് പുറമെ ടെലിഫോണ്‍ ഉള്‍പ്പടെ എല്ലാ ആശയവിനിമയ ഉപാധികളുടെയും പ്രവര്‍ത്തനം നിലച്ചു. കംപ്യൂട്ടറുകള്‍ ലോഗ് ഓണ്‍ ചെയ്യുമ്പോള്‍ 230 പൗണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെടുന്ന വൈറസ് പ്രോഗ്രാമാണ് ആരോഗ്യമേഖലയെ ആകെ സ്തംഭിപ്പിച്ച വില്ലനായത്. കംപ്യൂട്ടറുകള്‍ നിശ്ചലമായതോടെ ആശുപത്രികളിലും ജിപി സെന്ററുകളിലും രോഗികളുടെ വിവരങ്ങള്‍ ലഭ്യമല്ലാതായി. ഓപ്പറേഷനുകളും എക്‌സ്‌റേ, സ്‌കാനിംങ് തുടങ്ങിയ പരിശോധനകളും മുടങ്ങി. 39 ആശുപത്രികളുടെയും നിരവധി ജിപി സെന്ററുകളുടെയും പ്രവര്‍ത്തനം ഇത്തരത്തില്‍ അവതാളത്തിലായി. രോഗികളെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ പ്രവര്‍ത്തനം തടസമാകാത്ത ആശുപത്രികളിലേക്കു തിരിച്ചുവിട്ടു. 

 
Other News in this category

 
 




 
Close Window