Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.66 INR  1 EURO=76.45 INR
ukmalayalampathram.com
Wed 18th Oct 2017
 
 
UK Special
  Add your Comment comment
ആശങ്കയോടെ എന്‍എച്ച്എസ്, സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന ഭീതിയില്‍ ലോകം
reporter

ലണ്ടന്‍: തിങ്കളാഴ്ച വീണ്ടും സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ എന്‍എച്ച്എസ് ഭീതിയിലാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ നിന്ന് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആയി വരുന്നതിനിടെയാണ് വീണ്ടും ആക്രമണ ഭീതി. ആക്രമണത്തെത്തുടര്‍ന്ന് ഓപ്പറേഷന്‍ അടക്കം പല പ്രവര്‍ത്തനങ്ങളും താറുമാറായിരുന്നു. 47 ട്രസ്റ്റുകളിലാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ഇതില്‍ ഏഴെണ്ണത്തിന്റെ പ്രവര്‍ത്തനം ഇതുവരെ പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ സാധിച്ചില്ല. പതിനായിരത്തോളം കംപ്യൂട്ടറുകളാണ് പ്രവര്‍ത്തന രഹിതമായത്. പുതിയ പ്രവേശനം നല്‍കാന്‍ ട്രസ്റ്റ് മടിക്കുകയാണ്. ചില ട്രസ്റ്റുകള്‍ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കുകയും ചെയ്തു. കൂടാതെ ആംബുലന്‍സുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത്തരം ആക്രമണം നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി ഇവര്‍ അറിയിച്ചു. 

അമേരിക്കന്‍ സൈബര്‍ സുരക്ഷ ഏജന്‍സി എന്‍.എസ്.എ വികസിപ്പിച്ച ഹാക്കിങ് സംവിധാനമുപയോഗിച്ച് നടന്ന ആക്രമണം അമേരിക്കയൊഴികെ ലോകത്തെ മുന്‍നിര രാഷ്ട്രങ്ങളെയൊന്നാകെ മുള്‍മുനയിലാക്കി. 'വാണാക്രൈ' എന്നു പേരിട്ട വൈറസാണ് ആക്രമണത്തിന് ഉപയോഗിച്ചത്. കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന 'റാന്‍സംവെയര്‍' ദുഷ്‌പ്രോഗ്രാമുകളുടെ ആക്രമണം യൂറോപ്യന്‍ രാജ്യങ്ങളെയാണ് ആദ്യമായി ബാധിച്ചത്. ഇന്ത്യയില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, കൃഷ്ണ, ഗുണ്ടൂര്‍, വിശാഖപട്ടണം, ശ്രീകാകുളം ജില്ലകളില്‍ പൊലീസിന്റെ 18 യൂനിറ്റുകള്‍ ആക്രമണത്തിനിരയായി. രാജ്യത്തൊട്ടാകെ, നൂറോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനം നിലച്ചതായി ദേശീയ സൈബര്‍ സുരക്ഷ ഉപദേഷ്ടാവ് ഗുല്‍ഷന്‍ റായി അറിയിച്ചു. ബാങ്കിങ്, ആരോഗ്യം, ടെലികോം, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപനങ്ങളാണ് കൂടുതലായി ആക്രമണത്തിനിരയായത്. വാഹന നിര്‍മാതാക്കളായ റെനോ, നിസാന്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെക്കേണ്ടിവന്നു. റഷ്യ, യുക്രെയ്ന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളാണ് കൂടുതല്‍ ഇരയായ മറ്റു രാജ്യങ്ങള്‍. അവിചാരിത ഇടപെടല്‍ വഴി ബ്രിട്ടീഷ് സൈബര്‍ വിദഗ്ധന്‍ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് തല്‍ക്കാലം തടയിട്ടിട്ടുണ്ടെങ്കിലും ഏതുനിമിഷവും തിരിച്ചുവരാമെന്ന് മുന്നറിയിപ്പുണ്ട്.


 

 
Other News in this category

 
 




 
Close Window