കൊല്ലപ്പെട്ട അല്‍ക്വയ്ദ ഭീകരന് ഒസാമ ബിന്‍ ലാദന് ഇന്ത്യയില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചു കുടുങ്ങി. ലാദനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചതാകട്ടെ സദ്ദാം ഹുസൈനും. രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ നടന്ന സംഭവത്തില്‍ അപേക്ഷവെച്ചയാള് പോലീസ് പിടിയിലായി.
ഇവിടെ ഇമിത്ര കിയോസ്ക് സെന്റര്‍ എന്ന പേരില്‍ ആധാര്‍ രജിസ്ട്രേഷന് കേന്ദ്രം നടത്തുന്ന സദ്ദാം ഹുസൈന് മന്‍സൂരി(25)യാണു ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചത്. ഇതിനായി ലാദന്റെ അവ്യക്തമായ ചിത്രവും മറ്റു വിവരങ്ങളും രജിസ്റ്റര്‍ ചെയ്തു.
കൃത്രിമം കൈയോടെ പിടികൂടിയ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. ഇതോടെ സദ്ദാം ഹുസൈന് അറസ്റ്റിലായി. ഐ.ടി. നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനായിപോലീസ് കസ്റ്റഡിയില്‍ വാങ്ങി. 2011 ലായിരുന്നു ഒസാമാ ബിന്‍ ലാദനെ പാകിസ്താനിലെ അബോട്ടാബാദിലെ വീട്ടില്‍ വെച്ച് അമേരിക്കന്‍ സേന വെടിവെച്ചു കൊന്നത്. |