Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
UK Special
  Add your Comment comment
ലണ്ടന്‍ തീപിടിത്തം: മരണസംഖ്യ 12 ആയി, നിരവധി പേരുടെ നില ഗുരുതരം, രക്ഷാപ്രവര്‍ത്തനം തുടരുന്നു
reporter

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ 24 നിലകളുള്ള ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. നിരവധി പേരുടെ നില ഗുരുതരം. അമ്പതിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിരവധിപേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് പൂര്‍ണമായും അഗ്‌നി വിഴുങ്ങിയ കെട്ടിടം ഏതുനിമിഷവും നിലംപൊത്തിയേക്കുമെന്ന് ആശങ്കയുണ്ട്. നാല്‍പതോളം അഗ്നിശമന സേനാ യൂണിറ്റുകളും 200 അഗ്നിശമനസേനാനികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. എന്നാല്‍ വളരെ വേഗത്തില്‍ തീപടര്‍ന്നു പിടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നുണ്ട്. ബ്രിട്ടനില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഗ്രെന്‍ഫെല്‍ ടവറിലേത്. കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ഥനയുമായി അലറിവിളിക്കുന്നതായും മക്കളെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിലവിളിക്കുന്നതായും ദൃസാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുലര്‍ച്ചയോടെ പടിഞ്ഞാറന്‍ ലണ്ടനിലെ ടവറില്‍ പുകപടലങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ തന്നെ നഗരം ആശങ്കയിലായി. ഭീകരാക്രമണങ്ങളുടെ വാര്‍ത്തകള്‍ തീര്‍ത്ത ഞെട്ടലില്‍നിന്ന് നഗരം മെല്ലെ മുക്തമാകുന്നതിനിടെയാണ് തീപിടിത്തമുണ്ടാകുന്നത്. പട്ടണത്തിലെ ഉയര്‍ന്ന കെട്ടിടം നിന്നുകത്തുമ്പോള്‍ യഥാര്‍ഥത്തില്‍ അഗ്‌നിശമന സേനയും സുരക്ഷാ വൃത്തങ്ങളും ഒരു നിമിഷം സ്തംഭിച്ചുപോയി. എല്ലാ സന്നാഹങ്ങളുമായി ദ്രുതഗതിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് വന്‍ദുരന്തത്തില്‍നിന്ന് രക്ഷിച്ചത്. കെട്ടിടത്തിന്റെ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ വര്‍ഷങ്ങളായി തകരാറിലായതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. 

1974ല്‍ നിര്‍മിച്ച കെട്ടിടം ഒരു കോടി പൗണ്ട് മുടക്കി കഴിഞ്ഞ വര്‍ഷം നവീകരിച്ചിരുന്നുവെങ്കിലും സുരക്ഷാ വിഷയത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പുതുതായി അലൂമിനിയം പാനലുകള്‍ കൊണ്ട് പൊതിഞ്ഞത് തീപിടിത്തത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയും ചെയ്തു. കെട്ടിടത്തില്‍നിന്ന് അവശിഷ്ടങ്ങള്‍ പതിച്ച് ഉപയോഗശൂന്യമായ എ40 റോഡും പരിസരത്തെ കെട്ടിടങ്ങളും അടച്ചിട്ടുണ്ട്. താമസക്കാരോട് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം വന്‍ ദുരന്തമാണെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. അര്‍ധരാത്രിയില്‍ എല്ലാം ഉപേക്ഷിച്ച് തെരുവിലിറങ്ങേണ്ടിവന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊടുത്ത് പരിസരവാസികളും സന്നദ്ധ സംഘടനകളും മാതൃകയായി.


 

 
Other News in this category

 
 




 
Close Window