Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മുംബൈ സ്‌ഫോടന പരമ്പര: അബു സലീം ഉള്‍പ്പെടെ ആറുപേര്‍ കുറ്റക്കാര്‍
Reporter

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ അബു സലീം ഉള്‍പ്പെടെ ആറു പ്രതികള്‍ കുറ്റക്കാരനാണെന്ന് മുംബൈയിലെ പ്രത്യേക ടാഡാ കോടതി. ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവര്‍ത്തനം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. അബു സലീമിനെ കൂടാതെ മുസ്തഫ ദോസ, ഫിറോസ് അബ്ദുല്‍ റഷീദ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, കരിമുല്ല ഖാന്‍, റിയാസ് സിദ്ദിഖി എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

അതേസമയം, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന അബ്ദുല്‍ ക്വായുമിനെ കോടതി കുറ്റവിമുക്തനാക്കി. ഇയാളെ വിട്ടയയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേക ടാഡ കോടതി ജഡ്ജി ഗോവിന്ദ് എ.സനാപിന്റെതാണ് ഉത്തരവ്. ജൂണ്‍ 19ന് കേസ് വീണ്ടും പരിഗണിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നതുമായി ബന്ധപ്പെട്ട വാദം ആരംഭിക്കുന്നതു സംബന്ധിച്ച് അന്ന് തീരുമാനമെടുക്കും.

മുംബൈ സ്‌ഫോടനം നടന്ന് 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രത്യേക ടാഡ കോടതിയുടെ വിധി വരുന്നത്. 1993 മാര്‍ച്ച് 12ന് നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടു ഘട്ടമായി നടത്തിയ കേസിന്റെ വിചാരണയില്‍, ആദ്യഘട്ടം 2006ല്‍ പൂര്‍ത്തിയായിരുന്നു. 123 പ്രതികളുണ്ടായിരുന്നതില്‍ 100 പേരെയാണ് അന്ന് കോടതി ശിക്ഷിച്ചത്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായവരുടെയെല്ലാം വിചാരണ ഇതോടെ പൂര്‍ത്തിയായി.

സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍നിന്നും മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. അബു സലീം, മുസ്തഫ ദോസ, ഫിറോസ് അബ്ദുല്‍ റഷീദ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ് എന്നിവര്‍ക്ക് ആക്രമണത്തിനു പിന്നിലെ ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുള്ളതായി കോടതി വിലയിരുത്തി. അതേസമയം, റിയാസ് സിദ്ധിഖിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി.

കേസിലെ മുഖ്യപ്രതികളിലൊരാളായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുന്‍പു തൂക്കിലേറ്റിയിരുന്നു. അബു സലീമിനെ പോര്‍ചുഗലും മുസ്തഫ ദോസയെ യുഎഇയുമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. കേസിന്റെ വിചാരണ ആരംഭിച്ചതിനുശേഷം പിടിക്കപ്പെട്ടവരായതിനാല്‍ ഇവരുടെ കേസ് പ്രത്യേകം പരിഗണിക്കുകയായിരുന്നു. മറ്റൊരു കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന അബു സലിം ഇപ്പോള്‍ റായ്ഗഡിലെ തലോര സെന്‍ട്രല്‍ ജയിലിലാണ്.

1993 മാര്‍ച്ച് 12നാണ് മുംബെ നഗരത്തിലെ 13 ഇടങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടാകുന്നത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലായിരുന്നു ആദ്യ സ്‌ഫോടനം. ഇതിന് പിന്നാലെ എയര്‍ ഇന്ത്യ ബില്‍ഡിങ്, സെഞ്ച്വറി ബസാര്‍, കാത്ത ബസാര്‍, ദാദറിലെ പ്ലാസ തിയറ്റര്‍, ജുഹിയിലെയും സാന്റാക്രൂസിലെയും പഞ്ചനക്ഷത്ര ഹോട്ടലായ സെന്‍ഞ്ചൂര്‍, ബാന്ദ്രയിലെ സീ റോക്ക് എന്നിവിടങ്ങളില്‍ തുടര്‍ സ്‌ഫോടനമുണ്ടായി. സവേരി ബസാറിലും ശിവസേന ആസ്ഥാനത്തിന് സമീപമുള്ള പെട്രോള്‍ പമ്പിലിലും സ്‌ഫോടനങ്ങളുണ്ടായി. ഈ തുടര്‍ സ്‌ഫോടനങ്ങള്‍ക്ക് പുറമെ മാഹിമിലും സഹര്‍ രാജ്യന്താര വിമാനത്താവളത്തിലും ആള്‍ക്കൂട്ടത്തിന് നേരെ ഗ്രനേഡ് ആക്രമണവുമുണ്ടായി.

ദാവൂദ് ഇ്ബ്രാഹിം, ടൈഗര്‍ മേമന്‍, അയൂബ് മേമന്‍ എന്നിവരാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ടൈഗര്‍ മേമനും അയൂബ് മേമനും ഇപ്പോഴും വിചാരണ നടപടി നേരിട്ടിട്ടില്ല. 







 

 
Other News in this category

 
 




 
Close Window