Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
200 വര്‍ഷമായി വൈറ്റ് ഹൗസില്‍ നടത്താറുള്ള ഇഫ്താര്‍ വിരുന്ന് ട്രംപ് നിര്‍ത്തലാക്കി
reporter
റമസാനോട് അനുബന്ധിച്ച് വൈറ്റ്ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്ന പാരമ്പര്യം അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു നൂറ്റാണ്ടായി യുഎസ് പ്രസിഡന്റുമാര്‍ തുടര്‍ന്നുവന്ന രീതിയാണ് ഇത്തവണ ഇഫ്താര്‍ വിരുന്ന് വേണ്ടെന്നുവച്ചതിലൂടെ ട്രംപ് നിര്‍ത്തലാക്കിയത്. വൈറ്റ്ഹൗസ് ആതിഥ്യം വഹിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ യുഎസിലെ മുസ്‌ലിം സമൂഹത്തില്‍പ്പെട്ട പ്രമുഖരും കോണ്‍ഗ്രസ് അംഗങ്ങളും മുസ്‌ലിം രാജ്യങ്ങളുടെ യുഎസിലെ സ്ഥാനപതികളുമാണ് പങ്കെടുക്കാറുള്ളത്.

അതേസമയം, ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്ന മുസ്‌ലിം മതവിശ്വാസികള്‍ക്ക് ഹാര്‍ദ്ദവമായ ആശംസ നേര്‍ന്ന് ട്രംപും ഭാര്യ മെലാനിയയും പ്രസ്താവന ഇറക്കുകയും ചെയ്തു. നോമ്പിന്റെ പുണ്യമാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്കൊപ്പം യുഎസിലെ മുസ്‌ലിം സഹോദരങ്ങളും വിശ്വാസത്തിലും കാരുണ്യപ്രവര്‍ത്തികളിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. അയല്‍ക്കാര്‍ക്ക് സഹായഹസ്തം നീട്ടുകയും ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ക്കൊപ്പം ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്യുന്ന പാരമ്പര്യം തുടര്‍ന്ന്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അവര്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു – പ്രസ്താവനയില്‍ പറയുന്നു.

1805ല്‍ അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്‌സനാണ് വൈറ്റ്ഹൗസില്‍ ആദ്യമായി ഇഫ്താര്‍ വിരുന്നൊരുക്കിയത്. പിന്നീട് 1996ല്‍ ബില്‍ ക്ലിന്റന്റെ ഭരണകാലത്താണ് ഇതൊരു പതിവാക്കി മാറ്റിയത്. ക്ലിന്റനുശേഷം വന്ന ജോര്‍ജ് ഡബ്ല്യൂ.ബുഷ്, ബറാക് ഒബാമ എന്നിവര്‍ വൈറ്റ്ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്ന പതിവു തുടരുകയും ചെയ്തു. യുഎസിനെ ഒന്നാകെ ഉലച്ചുകളഞ്ഞ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷംപോലും ഇഫ്താര്‍ വിരുന്നൊരുക്കുന്ന പതിവ് വൈറ്റ്ഹൗസ് നിര്‍ത്തലാക്കിയിരുന്നില്ല. തങ്ങളുടെ പോരാട്ടം ഇസ്‌ലാമിനെതിരെയല്ല, ഭീകരവാദത്തിനെതിരെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു.ബുഷ് ഈ പതിവു തുടര്‍ന്നത്.
 
Other News in this category

 
 




 
Close Window