Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പഴയ നാണയം വാങ്ങാന്‍ കോട്ടയത്തുകാരന്‍ 20 ലക്ഷം മുടക്കാന്‍ തയാറായി: പിടികൂടിയപ്പോള്‍ വെറും നാണയം
reporter
കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഭൂമിക്കടിയില്‍ നിന്നു ലഭിച്ച സ്വര്‍ണനാണയങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര നാഗ്പുര്‍ അയോധ്യാനഗര്‍ സ്വദേശികള്‍ എന്നു പറഞ്ഞ അശോക് മോഹന്‍ലാല്‍ (22), പിതൃസഹോദരപുത്രന്‍ ശംഭുകിഷന്‍ ശര്‍മ (30), ഇവരുടെ വല്യമ്മ ലക്ഷ്മി (75) എന്നിവരെയാണ് ഈസ്റ്റ് സി.ഐ. അനീഷ് വി. കോരയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഈ വിലാസം തെറ്റാണെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ ചൊവ്വാഴ്ച ഇവര്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡിനു സമീപത്ത് ഭക്ഷണം കഴിക്കാനിരുന്നു. തൊട്ടടുത്ത സീറ്റിലിരുന്ന വ്യാപാരിയോട് പണം എക്‌സ്‌ചേഞ്ച് സംവിധാനം എവിടെയാണുള്ളതെന്ന് അന്വേഷിച്ചു. എന്തിനു വേണ്ടിയാണെന്നു ചോദിച്ചപ്പോള്‍ കൊച്ചി മെട്രോ നിര്‍മാണത്തിനിടെ രണ്ടരക്കിലോയോളം പുരാതന സ്വര്‍ണ നാണയങ്ങള്‍ കിട്ടിയെന്നും അതു മാറ്റിയെടുക്കാനാണെന്നും മറുപടി നല്‍കി.

ഇതിനിടെ ബാഗില്‍ നിന്ന് ഏതാനും നാണയങ്ങള്‍ വ്യാപാരിയെ കാണിച്ചു. യഥാര്‍ഥ സ്വര്‍ണനാണയമാണെന്നു മനസിലായതോടെ വ്യാപാരി താല്‍പ്പര്യമറിയിച്ചു. 20 ലക്ഷം രൂപ നല്‍കിയാല്‍ മുഴുവന്‍ നാണയങ്ങളും നല്‍കാമെന്ന് ഇവര്‍ പറഞ്ഞു. മറ്റാരെയെങ്കിലും ഒപ്പംകൂട്ടി ശ്രമിക്കാമെന്ന് വ്യാപാരി മറുപടി നല്‍കി. എന്നാല്‍, സംഘം പിന്നീട് തുടര്‍ച്ചയായി വിളിച്ചതോടെ സംശയം തോന്നിയ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം, നാണയം വാങ്ങാനെന്ന വ്യാജേന ഇവരെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. മൊത്തം 1265 നാണയങ്ങള്‍ ഉണ്ടായിരുന്നതില്‍ 2.30 ഗ്രാം തൂക്കം വരുന്ന ഏഴെണ്ണം മാത്രമായിരുന്നു സ്വര്‍ണം.

പ്രാചീനമെന്നു തോന്നിപ്പിക്കുന്ന മുദ്രകളാണ് ഇവയിലുണ്ടായിരുന്നത്. ഗുജറാത്തിലെ അഹമ്മദാബാദാണു സ്വദേശമെന്ന് ചോദ്യംചെയ്യലിനിടെ ശംഭുകിഷന്‍ പറഞ്ഞതും തെറ്റാണെന്നു കണ്ടെത്തി. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വന്‍സംഘത്തിലെ കണ്ണികളെന്നു സംശയിക്കുന്ന ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈസ്റ്റ് എസ്.ഐ: യു. ശ്രീജിത്, ഷാഡോ പോലീസിലെ എസ്.ഐ. വര്‍ഗീസ്, എ.എസ്.ഐമാരായ അജിത്, വിജയപ്രസാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജികുമാര്‍, ബിനോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, അരുണ്‍, അനൂപ് ജോമോന്‍, ഷെജിമോന്‍, െബെജു, ശ്യാം എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.
 
Other News in this category

 
 




 
Close Window