Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പി.സിയുടെ കയ്യില്‍ തോക്കുണ്ട്: അത് കൊണ്ടു നടക്കാന്‍ ലൈസന്‍സുമുണ്ട്
reporter
ഹാരിസണ്‍ തോട്ടം തൊഴിലാളികളും നാട്ടുകാരും തമ്മിലുള്ള ഭൂമിത്തര്‍ക്കം പരിഹരിക്കാനെത്തിയ പി.സി. ജോര്‍ജ് എം.എല്‍.എ. തോട്ടം തൊഴിലാളികള്‍ക്കു നേരേ തോക്കെടുത്തു. മുണ്ടക്കയം വെള്ളനാടി ഹാരിസണ്‍ പ്ലാന്റേഷന്‍ റബര്‍ എസ്‌റ്റേറ്റില്‍ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം.

എസ്‌റ്റേറ്റിനോടു ചേര്‍ന്നു താമസിക്കുന്ന വീട്ടുകാര്‍ വേലി കെട്ടിത്തിരിച്ചതാണു തര്‍ക്കത്തിനു കാരണമായത്. ചില കുടുംബങ്ങള്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചതും വീടിന്റെ മുന്‍വശം ഇറക്കിക്കെട്ടിയതും കമ്പനിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പ്രതിനിധികളും തോട്ടം തൊഴിലാളികളും ചേര്‍ന്ന് വേലി പൊളിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതും വേലി കെട്ടിയതും തോട്ടത്തിലല്ലെന്നും പുറമ്പോക്കാണെന്നു വിവരാവകാശ നിയമപ്രകാരം കണ്ടെത്തിയ സ്ഥലത്താണെന്നും പറഞ്ഞ് പുറമ്പോക്ക് നിവാസികള്‍ പി.സി. ജോര്‍ജിനു പരാതി നല്‍കി. തുടര്‍ന്നു സ്ഥലത്തെത്തിയ അദ്ദേഹം പുറമ്പോക്കു നിവാസികളുമായി സംസാരിക്കുന്നതിനിടെ തൊഴിലാളികള്‍ സംഘടിച്ചെത്തുകയായിരുന്നു.

പി.സി. ജോര്‍ജ് പ്രകോപനപരമായ രീതിയില്‍ സംസാരിച്ചെന്നാരോപിച്ച് തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി. വേലി പൊളിക്കാന്‍ വരുന്നവര്‍ക്കു നേരേ ആസിഡ് ഒഴിക്കാന്‍ പുറമ്പോക്കുകാരോട് അദ്ദേഹം ആഹ്വാനം ചെയ്‌തെന്നാണ് തൊഴിലാളികളുടെ ആരോപണം.

തുടര്‍ന്ന് പി.സി. ജോര്‍ജ് തന്റെ പക്കലുണ്ടായിരുന്ന കൈത്തോക്ക് തൊഴിലാളികള്‍ക്കു നേരേ ചൂണ്ടി. 'ഗോ ബാക്ക്' വിളികളുമായി തോട്ടം തൊഴിലാളികള്‍ ബഹളം ശക്തമാക്കി. മുണ്ടക്കയം എസ്.ഐ. പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലീസെത്തി പി.സി. ജോര്‍ജിനെ സ്ഥലത്തുനിന്നു മാറ്റി.

തോക്കെടുത്തത് സ്വയരക്ഷയ്ക്കു വേണ്ടിയാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. എസ്‌റ്റേറ്റില്‍ താമസിക്കുന്ന 52 തൊഴിലാളികള്‍ക്ക് വീട്ടിലേക്കുപോകാന്‍ വഴിയില്ല. ഈ പ്രശ്‌നത്തിന്റെ പേരില്‍ അവര്‍ ഏറെക്കാലമായി സമരത്തിലാണ്. സ്ഥലത്ത് സമരം നടക്കുമ്പോഴാണ് അവിടെച്ചെന്നത്. മുതലാളിമാരുടെ ആനുകൂല്യം പറ്റുന്ന ചിലര്‍ ആക്രമിക്കാന്‍ അടുത്തതിനെത്തുടര്‍ന്ന് സ്വയരക്ഷയ്ക്കായി തോക്കെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇരുവിഭാഗങ്ങളെയും കണ്ട് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാനാണ് എം.എല്‍.എ. എത്തിയതെന്നാണു കരുതിയതെന്നും പരാതി പറയാനാണ് അടുത്തേക്കു ചെന്നതെന്നും തൊഴിലാളികള്‍ പറയുന്നു. ദീര്‍ഘകാലമായി പുറമ്പോക്കില്‍ താമസിക്കുന്ന തങ്ങളെ തോട്ടം മാനേജ്‌മെന്റ് ദ്രോഹിക്കുകയാണെന്നു വിവരാവകാശ പ്രവര്‍ത്തകനും പുറമ്പോക്ക് താമസക്കാരനുമായ ജയകുമാര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window