Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
UK Special
  Add your Comment comment
എതിര്‍പ്പുകള്‍ ശക്തം, എങ്കിലും ബ്രിട്ടനിലേക്കു വരുമെന്ന് ട്രംപ്
Reporter

ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള ഔദേ്യോഗിക സന്ദര്‍ശനം ഉപേക്ഷിച്ചിട്ടില്ലെന്നും തീര്‍ച്ചയായും ലണ്ടനിലേക്കു പോകുന്നുണ്ടെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഏറെക്കുറെ കെട്ടടങ്ങിയ വിവാദത്തിനു വീണ്ടും തിരികൊളുത്തി. ജര്‍മനിയിലെ ഹാംബര്‍ഗില്‍ ജി20 ഉച്ചകോടിക്കിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തിയശേഷം ശനിയാഴ്ച വാര്‍ത്താലേഖകരോടു സംസാരിക്കവേയാണ് ലണ്ടനിലേക്കു വരുന്നുണ്ടെന്ന് ട്രംപ് തുറന്നു പ്രഖ്യാപിച്ചത്. സന്ദര്‍ശനത്തിന്റെ സമയമോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തിയില്ലെങ്കിലും എതിര്‍പ്പുകള്‍ക്കിടയിലും ബ്രിട്ടന്റെ ഔദ്യോഗിക ക്ഷണം നിരസിച്ചിട്ടില്ലെന്ന വ്യക്തമായ സന്ദേശമാണ് ട്രംപ് ഇതിലൂടെ നല്‍കിയത്. സന്ദര്‍ശനങ്ങളെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കും ഇതോടെ വിരാമമായി. 

ട്രംപ് സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ വാഷിങ്ടനിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയാണ് കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് തിടുക്കത്തില്‍ പ്രസിഡന്റിനെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ക്ഷണിച്ചത്. മുസ്‌ലിം വിരുദ്ധതയുടെ പേരിലും ബ്രക്‌സിറ്റ് അനുകൂല നിലപാടിന്റെ പേരിലും വിവാദനായകനായ ട്രംപിനെ പ്രസിഡന്റെന്ന പേരില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ അറിയുന്നതിനുമുമ്പേ സന്ദര്‍ശനത്തിനായി ക്ഷണിച്ചത് അന്നേ വിവാദമായിരുന്നു. ഇതിന്റെപേരില്‍ ലണ്ടനില്‍ വന്‍ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറി. 

മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ലേബര്‍ പ്രതിനിധിയായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമാണ് ട്രംപിന്റെ ബ്രിട്ടനിലെ മുഖ്യവിമര്‍ശകര്‍. ട്രംപ് ലണ്ടനിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞമാസവും സാദിഖ് ഖാന്‍ തുറന്നടിച്ചിരുന്നു. 

തെരേസ മേയുടെ പുതിയ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ കര്‍മപരിപാടികള്‍ വിശദീകരിച്ചുകൊണ്ട് രണ്ടാഴ്ചമുമ്പ് രാജ്ഞി പാര്‍ലമെന്റില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും ട്രംപിന്റെ സന്ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല. ഇതും മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി. ട്രംപിന്റെ സന്ദര്‍ശനം അനിശ്ചിതത്വത്തിലാണെന്ന പ്രചാരണം ഇങ്ങനെ സജീവമായിരിക്കെയാണ് അദ്ദേഹം തന്നെ ഇപ്പോള്‍ സന്ദര്‍ശന തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്രസിഡന്റ് പ്രഖ്യാപിച്ചെങ്കിലും അടുത്തയാഴ്ചകളിലൊന്നും ഈ സന്ദര്‍ശനം ഉണ്ടാകാനിടയില്ലെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളും ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസും സൂചന നല്‍കുന്നത്. അമേരിക്കയും ബ്രിട്ടനുമായി സമഗ്രവും ശക്തവുമായ പുതിയ വ്യാപാര വാണിജ്യ ഉടമ്പടി ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇരു നേതാക്കളും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മാത്രമേ പ്രസിഡന്റിന്റെ സന്ദര്‍ശനവും ഉണ്ടാകാനിടയുള്ളൂ എന്നാണ് സൂചന. അങ്ങനെയെങ്കില്‍ അതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാകണം. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ ഇതു സാധ്യമാകൂ.

 
Other News in this category

 
 




 
Close Window