Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തച്ചങ്കരിയെ ക്രമസമാധാനവും ഭരണനിര്‍വഹണവും ഏല്‍പ്പിക്കരുത്: കോടതി
Reporter

കൊച്ചി: എഡിജിപി: ടോമിന്‍ ജെ. തച്ചങ്കരിയെ ക്രമസമാധാനം, ഭരണനിര്‍വഹണം എന്നീ ചുമതലകളില്‍ നിയമിക്കരുതെന്ന് ഹൈക്കോടതി. 

ഉദ്യോഗസ്ഥ നിയമനം സര്‍ക്കാരിന്റെ വിവേചനപരമായ അധികാരമാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. നിയമനം നടത്തുമ്പോള്‍ പൊതുതാല്‍പര്യം, ഉദ്യോഗസ്ഥരുടെ സംശുദ്ധി ഇവയെല്ലാം പരിഗണിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. വിജിലന്‍സ് തലപ്പത്ത് പുതിയതായി ആരെയും നിയമിക്കാത്തത് എന്തെന്നും കോടതി ചോദിച്ചു. 

തച്ചങ്കരി ഗതാഗത കമ്മിഷണറായിരുന്ന കാലത്ത് മോട്ടോര്‍ വാഹനവകുപ്പില്‍ യോഗ്യതയില്ലാത്തയാളെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണം. ഈ വിഷയത്തില്‍ വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

പൊലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് കോടതി തള്ളിയത്. 

തച്ചങ്കരിക്കെതിരായ അന്വേഷണം നടക്കുമ്പോള്‍ അദ്ദേഹം അധികാരത്തില്‍ ഇരിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ വേണ്ടെന്ന് വെച്ചത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നായിരുന്നു കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ടി. ബ്രാഞ്ചില്‍ നിന്ന് ഫയലുകള്‍ കാണാതായതായി വിവരമില്ലെന്നും പൊലീസ് ആസ്ഥാനത്ത് വെച്ച് സെന്‍കുമാര്‍ തച്ചങ്കരിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

സെന്‍കുമാര്‍ ഡി.ജി.പിയാകുന്ന സാഹചര്യത്തില്‍, പൊലീസിനെ കൈപ്പിടിയില്‍ ഒതുക്കാനാണ് ആരോപണവിധേയനായ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. ടോമിന്‍ ജെ തച്ചങ്കരിയെ നിയമിച്ചത് ഡിജിപി ടി.പി സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ ആണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ആരോപണ വിധേയനായ തച്ചങ്കരിയെ രഹസ്യ പ്രാധാന്യമുള്ള സ്ഥാനത്ത് നിയമിച്ചപ്പോള്‍ ജാഗ്രത കാട്ടിയോ എന്ന് കോടതി അന്ന് ചോദിക്കുകയും ചെയ്തിരുന്നു.

തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ മൂന്ന് തവണ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അദ്ദേഹത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ടി.പി സെന്‍കുമാര്‍ പൊലീസ് മേധാവിയായി വീണ്ടും ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് വലിയ അഴിച്ചുപണിയായിരുന്നു പൊലീസ് ആസ്ഥാനത്ത് നടത്തിയിരുന്നത്.

 
Other News in this category

 
 




 
Close Window