Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റവന്യൂമന്ത്രി മരവിപ്പിച്ചു
Reporter

 

തൊടുപുഴ: മൂന്നാറിലെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കും കൂട്ട സ്ഥലം മാറ്റം നടത്തിയ കലക്ടറുടെ ഉത്തരവ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മരവിപ്പിച്ചു. ശ്രീറാമിനൊപ്പം കയ്യേറ്റം ഒഴിപ്പിക്കാന്‍ സഹകരിച്ച സംഘത്തിലെ നാല് പേരെയാണ് സ്ഥലം മാറ്റിയിരുന്നത്. ഈ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചത്. 

ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ഷൈജു ജേക്കബിനെ തൊടുപുഴയിലേക്ക് ഒരാഴ്ചക്ക് മുമ്പുതന്നെ സ്ഥലംമാറ്റിയിരുന്നു. മൂന്നാര്‍ ലാന്‍ഡ് ട്രിബ്യൂണലില്‍ കൈയേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുകയും ഹാജരാകുകയും ചെയ്തിരുന്ന സര്‍വേയര്‍ എ.ആര്‍. ഷിജു നെടുങ്കണ്ടത്തെ പഴയ തസ്തികയിലേക്ക് തിരികെപ്പോയി. ടീമിലെ മറ്റ് പ്രധാനികളായ ഹെഡ് ക്ലാര്‍ക്ക് ജി. ബാലചന്ദ്രന്‍ പിള്ള, പി.കെ. സിജു, പി.കെ. സോമന്‍ എന്നിവരും പഴയസ്ഥാനങ്ങളിലേക്ക് തിരികെപ്പോയി. ബാലചന്ദ്രന്‍ പിള്ളയെ കാഞ്ചിയാര്‍ വില്ലേജോഫീസറായും പി.കെ. സിജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫീസിലേക്കുമാണ് മാറ്റിയത്. 

ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറായി തിരുവനന്തപുരത്തേക്ക് മാറ്റിയതിനെത്തുടര്‍ന്നാണ് ടീമിലെ അംഗങ്ങള്‍ തങ്ങളെ പഴയ ഓഫീസുകളിലേക്ക് തിരികെ അയക്കണമെന്ന് അപേക്ഷിച്ചത്. നിലവില്‍ ദേവികുളം ആര്‍.ഡി.ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടിന്റെ ചാര്‍ജുള്ള ഒരാളും മൂന്ന് ക്ലാര്‍ക്കും രണ്ട് പ്യൂണുമാണ് അവശേഷിക്കുന്നത്.

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത സ്ഥലംമാറ്റം. കഴിഞ്ഞ കുറേ നാളുകളായി ഏതാണ്ട് 60 ഏക്കറോളം ഭൂമി, സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെയും ഇവരുടെയും നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തിരുന്നു. 

ഇതിന്റെ തുടര്‍നടപടികളിലേയ്ക്ക് കടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇവരെ മാറ്റിയതോടെ കയ്യേറ്റം ഒഴിപ്പിക്കല്‍ തകിടം മറിയുമെന്ന ആശങ്ക സജീവമായിരുന്നു.

പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ നടത്തിയ നീക്കങ്ങളാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ മാറ്റത്തിന് വഴിയൊരുക്കിയത്. 

12 പേരായിരുന്നു ദേവികുളം ആര്‍ഡിഒ ഓഫീസില്‍ ഉണ്ടായിരുന്നത്. ഇവിടെ ശേഷിക്കുന്നവരെയും വേഗത്തില്‍ മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ സംഘത്തിന് റവന്യു ഡിവിഷണല്‍ ഓഫീസിന്റെ നിയന്ത്രണം കൈമാറാനാണ് ആലോചനയുണ്ടായിരുന്നു.

കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിക്കെതിരേ മന്ത്രി എം എം മണിയും, സിപിഎം എംഎല്‍എ എസ് രാജേന്ദ്രനും കോണ്‍ഗ്രസ് നേതാവ് എ കെ മണിയും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഉദ്യോഗസ്ഥര്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഇതു സംബന്ധിച്ച് ഇവര്‍ പരാതിയും നല്‍കിയിരുന്നു. അപ്പോഴെല്ലാം സിപിഐ മന്ത്രിയായ ചന്ദ്രശേഖരന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പരമാവധി സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

 
Other News in this category

 
 




 
Close Window