Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നഴ്‌സ് സമരം: സര്‍ക്കാര്‍ ഇടപെട്ടു, സമരം മാറ്റി
Reporter

തൃശൂര്‍: സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കാനിരുന്ന നഴ്‌സുമാരുടെ സമരം സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു തത്കാലം മാറ്റിവച്ചുവെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടര്‍ന്നാണു സമരം മാറ്റിവച്ചത്. 19ന് നടത്തുന്ന ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്ക് അനുകൂല തീരുമാനം ആയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ 21ന് നടത്താനിരിക്കുന്ന സമരത്തില്‍നിന്ന് തല്‍ക്കാലം പിന്നോട്ടില്ല. 19ലെ ചര്‍ച്ചയ്ക്കുശേഷമേ അതില്‍ തീരുമാനം ഉണ്ടാകുകയുള്ളൂയെന്നും യുഎന്‍എ അറിയിച്ചു.

എന്നാല്‍, സമരം പിന്‍വലിച്ചു കൊണ്ടൊരു ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരവും തുടരും. സമരം പിന്‍വലിച്ചാല്‍ ചര്‍ച്ച എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ബന്ധപ്പെട്ടപ്പോള്‍ അറിയിച്ചത്. എന്തെങ്കിലും ഉറപ്പു ലഭിക്കാതെ ചര്‍ച്ചയ്ക്കു വേണ്ടി സമരം പിന്‍വലിക്കാനാകില്ലെന്നും ഉപാധി മുന്നോട്ടു വച്ച് പിന്നീടു ചര്‍ച്ച വിളിക്കുന്നതു മര്യാദയല്ലെന്നും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സമരം മാറ്റിവച്ചാല്‍ ചര്‍ച്ചയാകാമെന്നു നഴ്‌സുമാരോടു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അനിശ്ചകാല സമരം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണു നഴ്‌സുമാരുടെ ആവശ്യം. എന്നാല്‍ 17,000 രൂപ വരെ നല്‍കാമെന്ന നിലപാടിലാണു സര്‍ക്കാര്‍.

അതിനിടെ, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികളും അംഗങ്ങളും സമരത്തില്‍നിന്നു വിട്ടു നില്‍ക്കണമെന്നു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ആരോഗ്യ സേവന മേഖലയില്‍ നേരത്തെ 'എസ്മ' പ്രഖ്യാപിച്ചിട്ടുള്ളതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമരം ആരംഭിക്കുന്ന തിങ്കളാഴ്ച മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കുറയ്ക്കുമെന്നു മാനേജ്‌മെന്റുകളും വ്യക്തമാക്കിയിരുന്നു. അത്യാഹിത വിഭാഗങ്ങള്‍ മാത്രമാണു പ്രവത്തിക്കുകയെന്നും അവര്‍ അറിയിച്ചു. എന്നാല്‍, സമരത്തിനെതിരെ എസ്മ പ്രയോഗിക്കിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു.

നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നിന്ന് രോഗികളെ വിട്ടയച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് ഇവരെ മാറ്റുന്നത്. ഇതോടെ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാന്‍ സാധിക്കും വിധത്തില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലാണ് രാവിലെ രോഗികളെ വിട്ടയച്ചത്. ഇതോടെ സംസ്ഥാനത്തെ ആതുര സേവന രംഗം ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങിക്കൊണ്ടിരുന്നത്.

 
Other News in this category

 
 




 
Close Window