Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.52 INR  1 EURO=76.94 INR
ukmalayalampathram.com
Thu 19th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മെഡിക്കല്‍ കോളജ് കോഴ: അന്വേഷണ റിപ്പോര്‍ട്ട് ബിജെപി വെട്ടിത്തിരുത്തി
REPORTER

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജിലേക്കു കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നു വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്തതായി സൂചന. സംസ്ഥാന പ്രസിഡന്റിന്റെ സഹായിയുടെ പേര് റിപ്പോര്‍ട്ടില്‍ നിന്നു വെട്ടിയതിനു പുറമെ, കോഴയായി തുക നല്‍കിയെന്നതു കണ്‍സല്‍റ്റന്‍സി ഫീസായി തിരുത്തുകയും ചെയ്തു.

റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു സമര്‍പ്പിച്ചു. എന്നാല്‍ തിരുത്തും മുന്‍പുള്ള റിപ്പോര്‍ട്ട് അന്വേഷണ കമ്മിഷനിലെ ഒരംഗം ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കു കൈമാറിയതിനാല്‍ ഇരു റിപ്പോര്‍ട്ടുകളിലെയും വൈരുദ്ധ്യം കേന്ദ്ര നേതൃത്വം അന്വേഷിക്കുമെന്നാണു വിവരം.

റിപ്പോര്‍ട്ട് തിരുത്തുന്നതിലൂടെ, സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വിജിലന്‍സ് അന്വേഷണവും നിഷ്ഫലമാകുമെന്നാണു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു ലഭിച്ച നിയമോപദേശം. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് വ്യാജമെന്നു വരുത്തിത്തീര്‍ക്കാനും സംസ്ഥാന നേതൃത്വത്തോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും.

സംസ്ഥാനത്തെ രണ്ടു പ്രമുഖ നേതാക്കള്‍ നേരിട്ടു ഡല്‍ഹിയിലെത്തിയാണു തിരുത്തിയ റിപ്പോര്‍ട്ട് കൈമാറിയത്. അന്വേഷണ സമിതി അംഗമായ എ.കെ. നസീര്‍ റജിസ്റ്റേര്‍ഡ് തപാലിലാണു റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രണ്ടു സംഘടനാ സെക്രട്ടറിമാര്‍ക്കും അയച്ചത്. ഇതിനു പുറമെ, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തന്റെ സ്വന്തം ഇമെയില്‍ വിലാസത്തില്‍ നിന്ന് ആലുവയിലെ ഹോട്ടലിന്റെ ഓഫിസ് ഇമെയിലിലേക്കും അയച്ചിരുന്നു.

റിപ്പോര്‍ട്ട് ചോര്‍ത്തല്‍ അന്വേഷണം വന്നപ്പോള്‍, ഇതു കണ്ടെത്തുകയും നസീറാകാം വാര്‍ത്ത പുറത്തു വിട്ടതെന്നും സംശയം ഉയരുകയും ചെയ്തു. എന്നാല്‍, പ്രിന്റ് എടുക്കുന്നതിനായി മുകള്‍നിലയിലെ ഓഫിസില്‍ നിന്ന് താഴത്തെ നിലയിലെ പ്രിന്റര്‍ സൗകര്യമുള്ള കംപ്യൂട്ടറിലേക്കു മെയില്‍ കൈമാറിയെന്നാണു നസീര്‍ നല്‍കിയ വിശദീകരണം. ഇതോടെയാണ് അന്വേഷണം വി.വി.രാജേഷിലേക്കു തിരിഞ്ഞതും നടപടി ഉണ്ടായതും.

 
Other News in this category

 
 




 
Close Window