Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ഹൈക്കോടതി
Reporter

കൊച്ചി: കലാലയ രാഷ്ട്രീയത്തിനു കൂച്ചുവിലങ്ങിട്ട് കേരള ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്നാണ് ഉത്തരവ്. പഠിക്കാന്‍ വേണ്ടിയാണ് സ്‌കൂളുകളിലും കോളേജുകളിലും പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരവും സത്യാഗ്രഹവും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.നിരാഹാര സമരം, പിക്കറ്റിങ് എന്നിവ നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തിപ്പോകണം. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സ്‌കൂള്‍- കോളജ് മാനേജ്‌മെന്റുകള്‍ക്ക് അധികാരമുണ്ടെന്നും കോടതി വിധിച്ചു. പൊന്നാനി എംഇഎസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത നിര്‍ദേശങ്ങള്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണിത്. ഈ മാസം 16ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

എംഇഎസ് കോളജില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ കോളജ് അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത്തരം സമരങ്ങള്‍ അനുവദിക്കാന്‍ പാടില്ല, കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ പൊലീസ് ഇടപെട്ടു കോളജിനുള്ളിലും പുറത്തുമായുള്ള ഇത്തരം സമരപ്പന്തലുകള്‍ നീക്കം ചെയ്യേണ്ടതാണ്. പഠനവും സമരവും ഒന്നിച്ചുപോകില്ല. ഇവ ഒന്നിച്ചുകൊണ്ടുപോകുന്നവരെ പുറത്താക്കാന്‍ ഏതു നടപടിയും കോളജ് അധികൃതര്‍ക്കു സ്വീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പട്ടിണി സമരവും ധരണയുമല്ല വേണ്ടത്. ആവശ്യങ്ങള്‍ നിയമപരമായി വേണം നടത്തിയെടുക്കാന്‍. സമരം ചെയ്യുന്നത് അവരുടെ ആവശ്യങ്ങള്‍ നീതിപൂര്‍വ്വമല്ല എന്നതുകൊണ്ടാണ്. നിങ്ങള്‍ ആദ്യം പഠനത്തില്‍ ശ്രദ്ധിക്കുക. അതുതന്നെയാണ് നിങ്ങളുടെ മാതാപിതാക്കളോടും പറയാനുള്ളത്. ജനാധിപത്യത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കോടതി വ്യക്തമാ്ക്കി. ഇതിനു പുറമേ എസ്എഫ്‌ഐ നേതാവ് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

എംഇഎസ് കോളജിലെ ഒരു എസ്എഫ്‌ഐ നേതാവിനെതിരെ മാനേജ്‌മെന്റ് അച്ചടക്ക നടപടിയെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് കോളജിനു മുന്നില്‍ വലിയ ധര്‍ണയും ടെന്റ് കെട്ടി സമരവും വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത്, അച്ചടക്ക നടപടി നേരിട്ട എസ്എഫ്‌ഐ നേതാവിനെയും സംസ്ഥാന പൊലീസിനെയുമടക്കം എതിര്‍കക്ഷികളാക്കി എംഇഎസ് കോളജ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചത്.

ഭരണഘടനാപരമായ അവകാശങ്ങളും സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്താണ് സമരവും സത്യാഗ്രഹവുമടക്കമുള്ള കാര്യങ്ങള്‍ സാധുവായിരുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സമരമോ സത്യാഗ്രഹമോ അടക്കമുള്ളവയ്ക്ക് സ്ഥാനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തീരെയില്ല എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അത് നിയമമാര്‍ഗങ്ങളിലൂടെയാണ് നേടേണ്ടതെന്നും, സമരം ചെയ്തല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നിയമമാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ സമരം ചെയ്യുന്നത്, ആവശ്യങ്ങള്‍ നീതിപൂര്‍വകമല്ലെന്ന ഉത്തമ ബോധ്യമുള്ളതിനാലാണെന്ന വാദവും കോടതി ഉയര്‍ത്തുന്നുണ്ട്. കേസിലെ എതിര്‍കക്ഷിയായ എസ്എഫ്‌ഐ നേതാവിനോട് പഠനത്തില്‍ ശ്രദ്ധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ക്യാമ്പസുകള്‍ക്കകത്തേക്ക് പൊലീസിന് അധികാരം നല്‍കുന്ന ഉത്തരവു കൂടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഇത് വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധങ്ങളിലേക്കു നീങ്ങാനാണ് സാധ്യത. ന്യായമായ ആവശ്യങ്ങള്‍ക്കു പോലും സമരം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്ക് വഴങ്ങേണ്ടി വരും. ഇനി നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാമെന്നു വിചാരിച്ചാല്‍ അതും മാനേജ്‌മെന്റിന്റെ അതൃപ്തിക്കും കാരണമാകും. ഇങ്ങനെയുള്ള വിദ്യാര്‍ഥികള്‍ക്കെതിരേ പകപോക്കല്‍ നടപടിയുണ്ടായേക്കുമെന്ന ആശങ്കയും ഇപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. 

 
Other News in this category

 
 




 
Close Window