Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അഖില മതം മാറി ഹാദിയ ആയ സംഭവം രാഷ്ട്രീയ തലത്തിലേക്ക്: മുഖ്യമന്ത്രി സംരക്ഷണം നല്‍കണമെന്നു മുസ്ലീം ലീഗ്
reporter
ഹാദിയയ്ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നു മുസ്‌ലിം സംഘടനാ നേതാക്കള്‍. ഹാദിയയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ അയയ്ക്കണം. ആവശ്യങ്ങള്‍ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് അറിയിച്ചു. ഹാദിയയ്ക്കു പൊലീസ് സംരക്ഷണം നല്‍കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്!ലീം ലീഗ് നേതാക്കളും മുസ്!ലിം സംഘടനാ നേതാക്കളും മുഖ്യമന്ത്രിയുമായി മലപ്പുറം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്.

അതിനിടെ, ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന ആരോപണവുമായി ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയ കേസിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് വന്‍ പണപ്പിരിവ് നടത്തുന്നു. ഇതുവരെ 80 ലക്ഷം രൂപ പിരിച്ചെടുത്തെന്നും അശോകന്‍ ആരോപിച്ചു.


അഖില എന്ന വൈക്കം സ്വദേശിയായ വിദ്യാര്‍ഥിനി ഹാദിയ എന്ന പേരിലേക്ക് മാറി മുസ്ലിം ചെറുപ്പക്കാരനെ വിവാഹം കഴിക്കാനിടയായ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ അടുത്തിടെ വന്ന വാര്‍ത്തകള്‍ ഇങ്ങനെ:സേലത്ത് ഹോമിയോ ഡോക്ടറാകുവാന്‍ പഠിക്കുന്ന വൈക്കം സ്വദേശിനി അഖില, ഈഴവ സമുദായത്തില്‍ പെട്ട അശോകന്‍പൊന്നമ്മ ദമ്പതികളുടെ ഏക മകളാണ്. അശോകന്‍ ദൈവവിശ്വാസിയല്ല. മാതാവ് പൊന്നമ്മ മത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നയാളും. സേലത്തെ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിനാല്‍ അഖില പുറത്ത് മറ്റൊരു വീട്ടില്‍ കൂടെ പഠിക്കുന്ന നാല് കൂട്ടുകാരുടെ കൂടെ താമസം തുടങ്ങുന്നു. അതില്‍ ജസീന, ഫസീന എന്ന പെരിന്തല്‍മണ്ണ സ്വദേശികളായ കൂട്ടുകാരികളും ആയിട്ടായിരുന്നു അഖിലക്ക് കൂടുതല്‍ അടുപ്പം. അവരുടെ കൃത്യ സമയത്തുള്ള പ്രാര്‍ത്ഥനകള്‍, വിശ്വാസത്തോടുള്ള കൂറ് എന്നിവ അഖിലയെ സ്വാധീനിക്കാന്‍ തുടങ്ങി. അതിനാല്‍ തന്നെ അവരോട് ഇസ്ലാം മതത്തെ കുറിച്ച് ചോദിക്കുന്ന പതിവ് അഖിലയും ആരംഭിച്ചു. കോളേജില്‍ നിന്നും തിരിച്ചു വരുന്ന സമയത്ത് അഖില ജസീനഫസീന സഹോദരിമാരുടെ വീട്ടില്‍ പോവുന്നത് പതിവാക്കി. വീട്ടില്‍ വച്ച് തന്റെ ഇസ്ലാം മതത്തോടുള്ള ആകര്‍ഷണം പങ്കു വച്ചതോടെ ജസീനയുടെ പിതാവ് അബൂബക്കര്‍ അഖിലയ്ക്ക് ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തു. പഠനത്തിന്റെ അവസാന വര്‍ഷം എത്തിയപ്പോള്‍ അഖില ഇസ്ലാമിക വിശ്വാസം മനസ്സുകൊണ്ട് സ്വീകരിച്ചു എന്നു തന്നെ പറയാം. ഒരിക്കല്‍ വൈക്കത്തുള്ള അവളുടെ വീട്ടില്‍ വച്ച് ഇസ്ലാമിക മുറപ്രകാരം നമസ്‌കാരം നിര്‍വഹിച്ചിരുന്നു. അന്ന് അശോകന്‍ മകളെ ശകാരിച്ചു. ഇസ്ലാമിലേക്ക് കൂടുതല്‍ അടുത്ത അഖില പിന്നീട് പെരിന്തല്‍മണ്ണയില്‍ നിന്ന് സേലത്ത് പോയപ്പോള്‍ ഇസ്ലാമിക രീതി പ്രകരം തല തട്ടമിട്ടു പൂര്‍ണ്ണമായും മറച്ചു. ഇത് കണ്ട അഖിലയുടെ ഹിന്ദു കൂട്ടുകാരികളില്‍ ഒരാള്‍ അശോകനെ വിളിച്ചു വിവരം പറഞ്ഞു. അന്ന് രാത്രി അഖിലയുടെ അമ്മ അവളെ വിളിക്കുകയും അച്ഛന്‍ ഒരു അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആണ് എന്നും, ഉടന്‍ വരണം എന്നും അവളോട് പറഞ്ഞു. എന്നാല്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന അഖില നേരെ പെരിന്തല്‍മണ്ണയിലെ കൂട്ടുകാരുടെ വീട്ടിലേക്കാണ് പോയത്. വീട്ടിലേക്ക് വരികയോ ബന്ധപ്പെടുകയോ ചെയ്യാത്ത അവസരത്തില്‍ മകളെ കാണാനില്ല എന്ന് പറഞ്ഞു അശോകന്‍ 2016 ജനുവരി ആറിന് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി. പരാതി പ്രകാരം ജസീനയുടെ പിതാവ് അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷെ അഖിലയെ കണ്ടുകിട്ടാത്തത് കാരണം പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. ജനുവരി പതിനാലാം തിയതി അഖിലയെ കണ്ടെത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തു. അതേസമയം അഖിലയെ മതം പഠിപ്പിക്കാന്‍ അബൂബക്കര്‍ തര്‍ബിയതുല്‍ ഇസ്ലാം സഭയില്‍ കൊണ്ട് പോയി എങ്കിലും പെണ്‍കുട്ടി ആയതിനാല്‍ അവരുടെ മാതാപിതാക്കളുടെ അനുമതി വേണം എന്ന് പറഞ്ഞു അവര്‍ മടക്കി. തുടര്‍ന്ന് മഞ്ചേരിയില്‍ സത്യസരണി എന്ന മത പഠന കേന്ദ്രത്തില്‍ അഖിലയെ കൊണ്ട് ചെന്നു എങ്കിലും ആരുടെ പ്രേരണയോ, നിര്‍ബന്ധമോ ഇല്ലാതെ മതം മാറി എന്ന് തെളിയിക്കുന്ന നോട്ടറി അറ്റസ്റ്റ് ചെയ്ത സത്യവാങ്ങ്മൂലം വേണം എന്ന് പറഞ്ഞു അവര്‍ മടക്കി. തുടര്‍ന്ന് ഈ രേഖ സംഘടിപ്പിച്ചു അഖില സത്യസരണിയില്‍ ചേര്‍ന്നു. സത്യസരണിക്കാര്‍ അഖിലയെ സംരക്ഷിക്കാന്‍ സൈനബ എന്ന സ്ത്രീയെ ഏല്‍പിച്ചു. എസ്ഡിപിഐയുടെ വനിതാ വിഭാഗം ദേശീയ പ്രസിഡന്റാണ് സൈനബ. കോടതി നടപടികള്‍ ഇങ്ങനെ.. മതം മാറിയെന്ന പേരില്‍ തന്നെ പൊലീസ് ശല്യംചെയ്യുന്നു ചെയ്യുന്നു എന്നുപറഞ്ഞു കോടതിയില്‍ റിട്ട് ഹര്‍ജി കൊടുക്കാന്‍ 2016 ജനുവരിയില്‍ കോടതിയില്‍ ഹാദിയ എത്തിയപ്പോഴാണ്, ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത വിവരം അറിയുന്നത്. താന്‍ കൂട്ടുകാരികളുടെ മതാചാരം കണ്ടു ആകൃഷ്ടയായി മതം മാറിയതാണ് എന്നും, താനിപ്പോള്‍ മുസ്ലിമാണെന്നും അവള്‍ സത്യവാങ്മൂലം നല്‍കി. ജനുവരി 25 ന് അശോകന്റെ ഹര്‍ജി ഡിസ്‌പോസ് ചെയ്തു കൊണ്ട് പ്രായപൂര്‍ത്തിയായ മകള്‍ക്ക് അവളുടെ വിശ്വാസവും താമസ സ്ഥലവും തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ട് എന്ന് വിധി പ്രസ്താവിച്ചു. സത്യസരണിയില്‍ പോവാന്‍ ഉള്ള അനുമതിയും കോടതി നല്‍കി. അതോടൊപ്പം മാതാവിനും പിതാവിനും അവളെ സന്ദര്‍ശിക്കാന്‍ ഉള്ള അനുമതിയും കോടതി നല്‍കുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 14 ന് അഖിലയുടെ പിതാവ് തന്റെ മകളെ വിദേശത്തേക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഓഗസ്റ്റ് 22ആം തിയതി കേസ് വിളിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാദിയയെ എങ്ങോട്ടോ മാറ്റിയെന്ന് അശോകന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്ന് 25 ആം തിയതിയിലേക്ക് മാറ്റിയ കേസില്‍ സൈനബയുമൊത്താണ് അഖിലെ കോടതിയില്‍ വന്നത്. അഖിലക്ക് വേണ്ടി അഡ്വ. പി സഞ്ജയ് ഹാജരായി. കോടതി അഖിലയോട് മാതാപിതാക്കളുടെ കൂടെ പോകാന്‍ പറഞ്ഞെങ്കിലും അവള്‍ സൈനബയുടെ കൂടെ പോകാന്‍ ആണ് താല്‍പര്യമെന്ന് അറിയിച്ചു. എന്നാല്‍ സൈനബയുടെ കൂടെ, ഹാദിയ ഒരുമാസം ഒളിവിലായിരുന്നു എന്ന കാരണത്താല്‍ കോടതി അത് അനുവദിച്ചില്ല. തുടര്‍ ഉത്തരവുകള്‍ വരുന്നത് വരെ പിതാവിന്റെ ചെലവില്‍ അവളെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി താല്‍ക്കാലിക ഉത്തരവിട്ടു. 2016 സെപ്റ്റംബര്‍ 29ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കഴിഞ്ഞ ഒരുമാസത്തില്‍ അധികമായി താന്‍ കോടതിയുടെ തടവില്‍ ആയിരുന്നുവെന്നും മാതാപിതാക്കളുടെ കൂടെ പോകാന്‍ തയ്യാറല്ല എന്നും ഹാദിയ പറഞ്ഞതോടെ സൈനബയുടെ കൂടെ പോകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 14ന് കേസ് വീണ്ടും പരിഗണനയില്‍ വന്നപ്പോള്‍ ഹാദിയയ്ക്ക് വേണ്ടി ഹാജരായ അഡ്വ. എസ് ശ്രീകുമാര്‍, ഹോമിയോ ഡോക്ടര്‍ പഠനം പൂര്‍ത്തിയായിട്ടില്ല എന്നും അതിനാല്‍ തന്നെ അവളുടെ ഭാവി ആശങ്കയിലാണെന്നും കോടതിയെ ബോധിപ്പിച്ചു. അവള്‍ക്ക് മതിയായ വരുമാനം ഉണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞതോടെ ഏതെങ്കിലും സംഘടനയുടെ സഹായം ഉണ്ടോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് സൈനബയുടെ വരുമാനം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പിതാവ് അശോകന്‍ തന്റെ മകളുടെ പഠനം തുടരാന്‍ ആവശ്യമായ ചെലവ് വഹിക്കാം എന്ന് പറഞ്ഞതോടെ, സൈനബയില്‍ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബര്‍ 19ന്് കോടതി മറ്റൊരു ഇടക്കാല ഉത്തരവിട്ടു. അഡ്വ. എസ് ശ്രീകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ കൂടെപോയി അഖിലയെ കോളേജില്‍ ചേര്‍ക്കാനായിരുന്നു ഉത്തരവ്. തുടര്‍ന്ന് കേസ് ഡിസംബര്‍ 21 ആം തിയതിയിലേക്ക് തുടര്‍ വാദങ്ങള്‍ക്കായി മാറ്റിവച്ചു. എന്നാല്‍ 2016 ഡിസംബര്‍ 21ന് അഖില ഹാജരായത് ഷഫിന്‍ ജഹാന്റെ കൂടെയാണ്. ഷഫീന്‍ ഭര്‍ത്താവ് ആണെന്നും കോടതിയെ ബോധിപ്പിച്ചു, പുത്തൂര്‍ ജമാ മസ്ജിദ് ഖാളിയാണ് വിവാഹം നടത്തി നല്‍കിയത് എന്നും, 2016 ഡിസംബര്‍ 19ന് ആയിരുന്നു വിവാഹം എന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഹാദിയയുടെയും, ഭര്‍ത്താവ് ഷഫീന്‍ ജഹാന്റെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. വിവാഹം തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ വിവാഹത്തില്‍ കോടതി അവിശ്വാസം പ്രകടിപ്പിച്ചു. കാര്യം നേടാന്‍ വേണ്ടി ഉണ്ടാക്കിയ തട്ടിപ്പ് പരിപാടിയില്‍ കോടതി അത്ഭുതപ്പെട്ടു എന്നാണ് ഇത് സംബന്ധിച്ച് വിധിയിലെ നിരീക്ഷണം. 'അഖിലയെ കോളേജില്‍ ചേര്‍ക്കാം എന്ന ഉത്തരവ് ഉണ്ടായ അതേ ദിവസമാണ് ഈ വിവാഹം നടന്നത്' എന്നുള്ളത് അത്ഭുതമാണെന്നും കോടതി പറഞ്ഞു. കോടതി കസ്റ്റഡിയില്‍ ഏല്‍പ്പിച്ച ആളുടെ വിവാഹം കോടതി അറിയാതെ നടത്തി എന്ന് സാരം. അതായത് രേഖകള്‍ വഴി ഉണ്ടാക്കിയ ഒരു വിവാഹം മാത്രമാണ് ഇതെന്നാണ് കോടതിയുടെ നിരീക്ഷണം. അതുവരെ നടന്ന എല്ലാ വാദങ്ങള്‍ക്കും വിരുദ്ധമായ, ഒരു മാറ്റം ഉരുത്തിരിഞ്ഞതോടെ കോടതിയുടെ നിലപാട് മാറി. വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഒപ്പം അഖിലയുടെ പിതാവ് അശോകന്റെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. തന്റെ മകളെ നിരോധിത സംഘടനകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെ കോടതി പരിഗണിച്ചു. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ തുടര്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ അഖിലയെ എറണാകുളം എസ്.എന്‍.വി സദനത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സംരക്ഷിക്കാനും, അവളുമായി ആരും ബന്ധപ്പെടുകയോ, മൊബൈല്‍ ഫോണ്‍ നല്‍കുകയോ ചെയ്യാന്‍ പാടില്ല എന്നും ഉത്തരവിട്ടു. തുടര്‍ന്നാണ് വീട്ടിലേക്ക് മാറ്റാനായി ഉത്തരവ് വന്നത്. കോടതിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ.. അഖിലയെ സംരക്ഷിക്കും എന്ന് കരുതി കോടതി ഏല്‍പ്പിച്ച സൈനബയുടെ വീട്ടില്‍ വച്ചാണ് ഈ വിവാഹം നടന്നത് എന്നത് കോടതിയെ ശരിക്കും ഞെട്ടിച്ചു. വൈക്കം സ്വദേശിയായ അഖില കോട്ടക്കല്‍ സ്വദേശിയായ സൈനബയുടെ വീട്ടില്‍ താമസിച്ചു കൊല്ലം സ്വദേശിയായ ഷഫീന്‍ ജഹാനെ വിവാഹം ചെയ്യുന്നു. അതും പെട്ടന്നാണ് സംഭവങ്ങള്‍ക്ക് ഇങ്ങനെ ഒരു ട്വിസ്റ്റ് വരുന്നത്. ഈ ലിങ്കുകള്‍ പൂര്‍ണ്ണമായും കോടതി പരിശോധിച്ചു. ഷഫീന്‍ ആരാണ് എന്നും കോടതി അന്വേഷിച്ചു. ഷഫീനെ കുറിച്ച് കോടതിയുടെ നിരീഷണം ഇതാണ്. ഫേസ്ബുക്കില്‍ വളരെ സജീവമായ ഷഫീന്‍ പക്ഷേ തന്റെ ജീവിതത്തിലെ പ്രധാന സംഭവമായ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കില്‍ യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. കോടതി വിധി വന്നപ്പോളാണ് വിവാഹ പോസ്റ്റ് പൊടുന്നനെ പ്രത്യേക്ഷപ്പെട്ടത്.
 
Other News in this category

 
 
 
Close Window