Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
യുഡിഎഫിന് സൂര്യാഘാതം: അഴിമതി നിരോധനത്തിനും ലൈംഗിക പീഡനത്തിനും കേസ്
REPORTER

 തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളര്‍ കേസിലെ കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. 15 മിനിറ്റ് നേരത്തേക്കെന്നു തീരുമാനിച്ച പ്രത്യേക സഭാ സമ്മേളനം 40 മിനിറ്റ് നീണ്ടു. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.

നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. പൊതുജനതാല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണു സോളര്‍ കമ്മിഷന്റെ കണ്ടെത്തലെന്നും പിണറായി പറഞ്ഞു.

മുസ്!ലിം ലീഗ് പ്രതിനിധി കെ.എന്‍.എ. ഖാദറിന്റെ സത്യപ്രതിജ്ഞയായിരുന്നു സഭയിലെ ആദ്യ ചടങ്ങ്. തുടര്‍ന്ന് മുഖ്യമന്ത്രിയെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ബഹളം തുടങ്ങി. നിങ്ങള്‍ കൂടി ആവശ്യപ്പെട്ടിട്ടല്ലേ സഭ ചേര്‍ന്നതെന്ന് സ്പീക്കര്‍ ചോദിച്ചതോടെ ബഹളം ശമിച്ചു. റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷ എല്ലാ നിയമസഭാംഗങ്ങള്‍ക്കും നല്‍കി. സോളര്‍ കേസുകള്‍ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു.

സോളര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍ അഴിമതിനിരോധന നിയമം ബാധകമാകുമോ എന്ന് അന്വേഷിക്കും. കോഴ വാങ്ങിയതിനെക്കുറിച്ചും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും അന്വേഷിക്കും. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയുംവിധം മുഖ്യമന്ത്രിയുടെ ഓഫിസ് സരിതാ നായരെ സഹായിച്ചു. ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. പക്ഷേ ഇക്കാര്യത്തിന് തെളിവില്ല. ആര്യാടന്‍ മുഹമ്മദ് ടീം സോളര്‍ കമ്പനിയെ എല്ലാ രീതിയിലും സഹായിച്ചു. ആര്യാടന് ഔദ്യോഗിക വസതിയില്‍ വച്ച് 27 ലക്ഷം രൂപ നല്‍കിയതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

സരിതയ്‌ക്കെതിരെയും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. 21 പേജുള്ള കത്തില്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സരിത ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് പ്രയോജനപ്പെടുത്തി പരാതിക്കാര്‍ക്ക് പണം നല്‍കി കേസുകള്‍ ഒത്തുതീര്‍ത്തെന്ന കുറ്റപ്പെടുത്തലുമുണ്ട്. അന്വേഷണ സംഘത്തെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം ശ്രമിച്ചു. സരിതയുമായി സംസാരിച്ചത് പഴ്‌സണല്‍ സ്റ്റാഫ് മാത്രമെന്ന് വരുത്താനും ശ്രമമുണ്ടായി.

കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായി അന്വേഷണം നടത്താന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ സംഘത്തെയും ജുഡിഷ്യല്‍ കമ്മിഷനെയും നിയോഗിക്കുമെന്ന് ഒക്ടോബര്‍ 11ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിയമപരമായ നിലനില്‍പ് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നതിനാല്‍ ഉത്തരവിറക്കുന്നത് നീട്ടിക്കൊണ്ടു പോയിരുന്നു. സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടികളെടുത്തതെന്ന് സര്‍ക്കാര്‍ സഭയെ അറിയിച്ചു.

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ക്രമപ്രശ്‌നം ഉന്നയിച്ചു മറ്റ് നടപടികളിലേക്കും ചര്‍ച്ചകളിലേക്കും സ്പീക്കര്‍ കടന്നില്ല.

 
Other News in this category

 
 
 
Close Window