Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
സുകുമാരക്കുറുപ്പ് മുസ്തഫയായി, താവളം സൗദിയില്‍. പ്രത്യേക സംഘത്തെ അയയ്ക്കുമെന്ന് ഡിജിപി
reporter

പത്തനംതിട്ട: ചാക്കോ വധക്കേസില്‍ മൂന്നു പതിറ്റാണ്ടിലേറെയായി കേരളാ പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയിലെ മദീനയില്‍ സുരക്ഷിതനെന്ന് മംഗളം റിപ്പോര്‍ട്ട്. . ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ് എന്ന മുസ്തഫയ്ക്ക് ഇപ്പോള്‍ 72 വയസ്. മദീനയിലെ ഒരു മുസ്ലിം പള്ളിയില്‍ ഖത്തീബിനെ മതകാര്യങ്ങളില്‍ സഹായിച്ചു കഴിയുന്ന കുറുപ്പിന് നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമക്കുരുക്കു ഭയന്ന് ശിഷ്ടകാലം സൗദിയില്‍ തുടരാനാണു തീരുമാനമെന്നു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ഇതോടെ സുകുമാരക്കുറുപ്പിനായി കേരളാപോലീസിന്റെ സ്പെഷ്യല്‍ ടീം സൗദിയിലേക്ക് പോകും. സൗദി, ബഹ്റിന്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഇന്റര്‍പോളിന്റെ സഹായം തേടുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. 

കഴിഞ്ഞ 33 വര്‍ഷമായി കുറുപ്പിനെ ആരും നേരില്‍ കണ്ടിട്ടില്ല. സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മ(63)യും രണ്ടു മക്കളും ഇപ്പോള്‍ കുവൈത്തിലാണു താമസം. ഇവര്‍ കുവൈത്തില്‍ താമസമുറപ്പിക്കാനുള്ള കാരണം തേടിയപ്പോഴാണു കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. അബുദാബിയില്‍ കുറുപ്പിനൊപ്പമുണ്ടായിരുന്ന സരസമ്മ അവിടെ നഴ്സായിരുന്നു. ചാക്കോ കൊല്ലപ്പെട്ടശേഷം അവര്‍ നാട്ടിലെത്തി. എട്ടുലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവ് നടത്തിയ നീക്കങ്ങള്‍ അറിയാമായിരുന്നതിനാല്‍ സരസമ്മയും ആദ്യം കേസില്‍ പ്രതിയായിരുന്നു. എന്നാല്‍, പിന്നീട് ഇവരെ ഒഴിവാക്കി. തുടര്‍ന്ന് ഏറെക്കാലം ചെങ്ങന്നൂരിനടുത്ത് ചെറിയനാട്ടുതന്നെ താമസിച്ച സരസമ്മ പിന്നീടു സൗദിയിലേക്കു പോയി. വീണ്ടും നാട്ടില്‍ തിരിച്ചെത്തി നാളുകള്‍ക്കുശേഷമാണു കുവൈത്തിലേക്കു പോയത്. മക്കള്‍ക്കും കുവൈത്തില്‍ ജോലി കിട്ടിയതോടെ അവിടെ സ്ഥിരതാമസമാക്കി. കുറുപ്പ് ഇടയ്ക്കിടെ സൗദിയില്‍നിന്നു കുവൈത്തിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാറുണ്ടെന്നാണു വിവരം.

പ്ലാസ്റ്റിക് സര്‍ജറി ചെയ്തു മുഖത്തിന്റെ രൂപം മാറ്റിയാണു കുറുപ്പ് ഒളിവില്‍ കഴിയുന്നതെന്ന അഭ്യൂഹത്തിനായിരുന്നു ഏറെ പ്രചാരം. എന്നാല്‍, അതില്‍ കഴമ്പില്ലെന്നാണു ബന്ധുക്കളുടെ വിശ്വാസം. കുറുപ്പിന്റെ കാര്യത്തില്‍ മതവും പേരും മാത്രമാണു മാറിയത്. നിലവില്‍ കുറുപ്പിന്റെ സഹോദരങ്ങളാരും നാട്ടിലില്ല. ചെറിയനാട്ടിലെ കുറുപ്പിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. ആലപ്പുഴ വണ്ടാനത്ത് കുറുപ്പ് വാങ്ങിയ സ്ഥലം മറ്റൊരാളുടെ പേരിലാണ്. ചില ബന്ധുക്കള്‍ മാത്രമാണു ചെറിയനാട്ടുള്ളത്.

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സുകുമാരക്കുറുപ്പിനോടു രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നാണു കേസ്. ഇന്‍ഷുറന്‍സ് തട്ടാനായി കൊലപാതകം നടത്താന്‍ പദ്ധതിയുണ്ടായിരുന്നില്ല. കുറുപ്പിനോടു രൂപസാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ചു കത്തിക്കാനായിരുന്നു നീക്കം. 1984 ജനുവരി 21-ന് ഉച്ചകഴിഞ്ഞാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നു മൃതദേഹം സംഘടിപ്പിക്കാന്‍ കുറുപ്പിന്റെ ഭാര്യാസഹോദരന്‍ ഭാസ്‌ക്കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, കുറുപ്പിന്റെ സുഹൃത്തും സഹായിയുമായ ചാവക്കാട്ടുകാരന്‍ ഷാഹു എന്നിവര്‍ ചെറിയനാട്ടില്‍നിന്നു കാറില്‍ തിരിച്ചത്. മറ്റൊരു കാറില്‍ കുറുപ്പും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, കൊല്ലകടവില്‍ എത്തിയപ്പോള്‍, ആശുപത്രിയില്‍ കഴിയുന്ന അമ്മ ദേവകിയെ കാണാന്‍ കുറുപ്പ് പന്തളത്തേക്കു പോയെന്നു ബന്ധുക്കള്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാരനായ ബന്ധു മധുവിന്റെ സഹായത്തോടെ മോര്‍ച്ചറിയില്‍നിന്ന് അജ്ഞാതമൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഭാസ്‌ക്കരപിള്ളയുടെ കെ.എല്‍.ക്യു. 7835 നമ്പര്‍ കാറില്‍ ശവം കത്തിച്ചശേഷം, മരിച്ചതു കുറുപ്പാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടക്കത്തിലേ പാളി. മെഡിക്കല്‍ കോളജില്‍നിന്നു ശവം സംഘടിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. നിരാശരായി മടങ്ങുമ്പോഴാണു കരുവാറ്റയില്‍ കുറുപ്പിനോടു സാദൃശ്യമുള്ള ചാക്കോ വാഹനത്തിനു കൈ കാണിച്ചത്. തുടര്‍ന്നായിരുന്നു കൊലപാതകം. കൊലപാതകസമയത്തു കുറുപ്പ് ഇവര്‍ക്കൊപ്പം ഇല്ലായിരുന്നെന്നും പിന്നീടു ഭാസ്‌ക്കരപിള്ള പറഞ്ഞപ്പോഴാണു കുറുപ്പ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു.


 

 
Other News in this category

 
 
 
Close Window