Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ചാണ്ടിക്കാര്യം നാളെയും ചര്‍ച്ച ചെയ്യില്ല, രാജി നീട്ടാന്‍ എന്‍സിപിയുടെ അടവുനയം
REPORTER

 കൊച്ചി ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി എന്‍സിപി. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിക്കാര്യം നാളെ നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രാജി പരമാവധി വൈകിപ്പിക്കുകയാണ് പാര്‍ട്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാളത്തെ യോഗം ഒരു മാസം മുന്‍പേ തന്നെ നിശ്ചയിച്ചതാണെന്നും ഇത് സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. യോഗത്തില്‍ മന്ത്രിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യില്ല. രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന അന്ത്യശാസനം എല്‍ഡിഎഫ് നല്‍കിയിട്ടില്ല. രാജിക്കാര്യത്തില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വമായിരിക്കും സ്വീകരിക്കുക.

ഹൈക്കോടതി വിധി വരുന്നത് വരെ കാക്കണമെന്ന നിലപാടാണ് എന്‍സിപി ഇപ്പോഴും ഉന്നയിക്കുന്നത്. മാത്രവുമല്ല, കേന്ദ്രനേതൃത്വത്തോട് സംസാരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും എന്‍സിപി ആവശ്യമുന്നയിക്കുന്നുണ്ട്.

നാളെ തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതും അദ്ദേഹത്തിന് നിര്‍ണായകമാണ്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വളരെ രൂക്ഷമായ പരാമര്‍ശങ്ങളായിരുന്നു സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഹൈക്കോടതി ഉയര്‍ത്തിയത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന നിര്‍ണായക ഇടതുമുന്നണി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. രാജിയില്‍ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയാണ് യോഗം ചെയ്തത്. രാജിക്കാര്യം എന്‍സിപി തീരുമാനിച്ച് തന്നെ അറിയിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തില്‍ സ്വീകരിച്ചത്.

കുരുക്ക് മുറുകിയ സാഹചര്യത്തില്‍ തോമസ് ഉടന്‍ രാജിവെക്കണമെന്ന പൊതുവികാരമാണ് മുന്നണി യോഗത്തില്‍ ഉയര്‍ന്നത്. എന്നാല്‍ രാജിയില്ലെന്ന നിലപാട് എന്‍സിപി ആവര്‍ത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window