Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു; നിയമ സാധുതയുണ്ടോ, അടിയന്തര പ്രാധാന്യം എന്ത് ?
Reporter

  തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സ് കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ മടക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞദിവസം ഓര്‍ഡിനന്‍സ് ഇറക്കിയത്. ഇതില്‍ ഒപ്പുവയ്ക്കാന്‍ രാജ്ഭവനിലേക്ക് അയച്ചെങ്കിലും കൂടുതല്‍ വിശദീകരങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ പി സദാശിവം ഓര്‍ഡിനന്‍സ് തിരിച്ചയക്കുകയായിരുന്നു. ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന് നിയമ സാധുതയുണ്ടോ എന്നാണ് ഗവര്‍ണര്‍ ചോദിച്ചിരിക്കുന്നത്. ഇതിനു പുറമേ ഓര്‍ഡിനന്‍സിലെ അടിയന്തരസാഹചര്യം വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ, ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ നല്‍കി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് വീണ്ടും സമര്‍പ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ സര്‍ക്കാര്‍ നല്‍കിയാല്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിക്കുകയാണ് കീഴ്വഴക്കം.

1950 ലെ തിരുവിതാംകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുക്കുകയായിരുന്നു. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു. ഇതാണ് ഗവര്‍ണര്‍ വിശദീകരണം തേടി മടക്കിയത്. ബോര്‍ഡ് പ്രസിഡന്റിനെയും അംഗത്തെയും പുറത്താക്കികൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നു ബിജെപി ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഗവര്‍ണറോട് ഉന്നയിച്ചിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി നിജപ്പെടുത്തുകയും ബോര്‍ഡ് അംഗങ്ങളാകാന്‍ 60 വയസ് പൂര്‍ത്തിയാകുകയും വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കിയത്. നേരത്തെ സുഭാഷ് വാസുവിനു വേണ്ടി 60 വയസ് എന്നത് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. പുതിയ പ്രസിഡന്റും അംഗവും ശബരിമല മണ്ഡലകാലത്തിന് മുമ്പ് ചുമതലയേല്‍ക്കാന്‍ അവസരം നല്‍കുന്നതിനായി അടിയന്തരമായി ഓര്‍ഡിന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തിരുവിതാംകൂര്‍, കൊച്ചി, ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റിന്റെയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ്‌നിയമം ഭേദഗതി ചെയ്യുന്നത്. ഇപ്പോള്‍ പ്രസിഡന്റിന്റെ ഓണറേറിയം അയ്യായിരം രൂപയായും അംഗങ്ങളുടേത് മൂവായിരത്തി അഞ്ഞൂറു രൂപയായും നിജപ്പെടുത്തിയിട്ടുണ്ട്. സിറ്റിംഗ് ഫീസ് വ്യവസ്ഥ ചെയ്തിട്ടുമില്ല. പത്തുവര്‍ഷം മുമ്പ് നിശ്ചയിച്ച ഓണറേറിയം കാലാനുസൃതമായി പുതുക്കുന്നതിനും സിറ്റിംഗ് ഫീസ് നിശ്ചയിക്കുന്നതിനും ഓര്‍ഡിനന്‍സിന്റെ കരടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഓര്‍ഡിനന്‍സ് കൊണ്ടുവന്നതോടെ യുഡിഎഫ് നിയമിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും അജയ് തറയില്‍ അംഗവുമായുള്ള ബോര്‍ഡിന്റെ കാലാവധി അവസാനിക്കും. ശബരിമല സീസണ്‍ തുടങ്ങും മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം പൂര്‍ണമായും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ദേവസ്വം ബോര്‍ഡില്‍ സിപിഐഎം നോമിനിയായിരിക്കും പ്രസിഡന്റായി വരിക. സിപിഐക്ക് ആയിരിക്കും മെമ്പര്‍ സ്ഥാനം ലഭിക്കുക.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സിനെതിരേ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ബോര്‍ഡ് അംഗം അജയ് തറയിലും രംഗത്തുവന്നിരുന്നു. ഏതെങ്കിലും വിധത്തിലുള്ള അഴിമതി ആരോപണമല്ല, മറിച്ച് ഇടത് സര്‍ക്കാര്‍ രാഷ്ട്രീയവൈരാഗ്യം മൂലം ബോര്‍ഡ് പിരിച്ചുവിടുകയാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം.

എന്നാല്‍ അഴിമതി ബോധ്യമായതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ടതെന്ന് ദേവസ്വംമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി അഴിമതികള്‍ നടന്നിരുന്ന ബോര്‍ഡായിരുന്നു തിരുവിതാംകൂറെന്നും അത്തരമൊരു ബോര്‍ഡിനെയാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടതെന്നും മന്ത്രി പറഞ്ഞു. പുറത്തുവന്ന അഴിമതികളെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം സെക്രട്ടറി വിഎസ് ജയകുമാറിന്റെ ക്രമക്കേടുകള്‍ അടക്കമുള്ള അഴിമതി സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ജയകുമാറിന്റെ അഴിമതികള്‍ മാധ്യമങ്ങള്‍ തന്നെ പുറത്തുകൊണ്ടുവന്നതാണ്. അതില്‍ അന്വേഷണം നടക്കവെയാണ് ഇത്തരമൊരു അഴിമതിക്കാരനെ ദേവസ്വം കമ്മീഷണറാക്കണം എന്ന നിര്‍ദ്ദേശം പ്രയാറിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് സ്വകാര്യമായി തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

 
Other News in this category

 
 




 
Close Window