Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ബ്രക്‌സിറ്റ് ഇന്ന് പാര്‍ലമെന്റില്‍; ആശങ്കയോടെ തെരേസ മേ
REPORTER

ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികള്‍ സംബന്ധിച്ച അന്തിമകരാര്‍ ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രി തെരേസ മേയെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ നടപടി. ബ്രക്‌സിറ്റിനെതിരെ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകളുയരുന്നതിനാല്‍ മേയ്ക്ക് പിടിച്ചുനില്‍ക്കാന്‍ അന്തിമകരാറിന് പാര്‍ലമെന്റിന്റെ പിന്തുണ കൂടിയേ തീരൂ.

2019 മാര്‍ച്ച് 29ന് ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായാണ് പൗരാവകാശം, സാമ്പത്തിക ബാധ്യതകള്‍, ഭാവികാര്യങ്ങള്‍ എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങളടങ്ങിയ അന്തിമകരാര്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി അവതരിപ്പിക്കുന്നത്. ബ്രക്‌സിറ്റ് നടപടികളെയും തുടര്‍ന്നുള്ള ബ്രിട്ടന്റെ നീക്കങ്ങളെയും നിയമമാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളത്. ഇതിനു പാര്‍ലമെന്റിന്റെ അനുമതി കൂടിയേ തീരൂ. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളില്‍ നിന്ന് മോചിതരായി ബ്രിട്ടന്റേത് മാത്രമായ നിയമത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് തെരേസ മേ ലക്ഷ്യമിടുന്നത്.

എന്നാല്‍, ബ്രക്‌സിറ്റ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ എംപിമാര്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. അഞ്ച് മുന്‍ ക്യാബിനെറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മുപ്പതോളം എംപിമാരാണ് തെരേസ മേയ്‌ക്കെതിരെ നിലപാടെടുത്തിരിക്കുന്നത്. ബ്രക്‌സിറ്റ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന ബ്രക്‌സിറ്റ് അനുകൂലികളും പാര്‍ട്ടിയിലുണ്ട്. ഇവരുടെ അഭിപ്രായങ്ങളെ മറികടന്നാണ് ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിടാനുള്ള മേയുടെ തീരുമാനം.

ആശങ്കകള്‍ക്ക് കൃത്യമായ പരിഹാരം കാണാത്തിടത്തോളം ബ്രക്‌സിറ്റ് തന്നെ വേണമോ എന്ന് ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ അഭിപ്രായവോട്ടെടുപ്പ് തേടണമെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏതുവിധേനയും ബ്രക്‌സിറ്റ് യാഥാര്‍ത്ഥ്യമാക്കുമെന്ന ഉറച്ച നിലപാടിലാണ് തെരേസ മേ. അതേസമയം, മുമ്പ് പ്രഖ്യാപിച്ച കര്‍ക്കശ നിലപാടില്‍ നിന്ന് അവര്‍ പിന്നോട്ട് പോയിട്ടുണ്ട് താനും. കരാര്‍ വ്യവസ്ഥകള്‍ പാര്‍ലമെന്റ് അംഗീകരിച്ചാലും ഇല്ലെങ്കിലും ബ്രക്‌സിറ്റുമായി മുന്നോട്ട് പോകുമെന്നായിരുന്നു തെരേസ മേ മുമ്പ് പറഞ്ഞിരുന്നത്. ബ്രക്‌സിറ്റിനെയും കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തെയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ബ്രക്‌സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മില്‍ ആറുവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ഇതുവരെയും കാര്യങ്ങളില്‍ പൊതുധാരണയിലെത്താന്‍ ഇരുകൂട്ടര്‍ക്കുമായിട്ടില്ല. ബ്രക്‌സിറ്റിന് മുറവിളി കൂട്ടുമ്പോഴും അതിനു ശേഷം ബ്രിട്ടന്റെ ഭാവി എന്താകും എന്നത് യൂറോപ്യന്‍ യൂണിയനെയും ആശങ്കയിലാക്കുന്നുണ്ട്. സ്വതന്ത്രവിപണിയായി മാറുക,സാമ്പത്തിക സ്വാശ്രയത്വം ആര്‍ജിക്കുക തുടങ്ങിയവയൊക്കെ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയായിരിക്കുമെന്നാണ് വിലയിരുത്തല്‍. എതിര്‍പ്പുകളെയും വെല്ലുവിളികളെയും സമചിത്തതയോടെ നേരിടുമെന്നും തോല്ക്കാന്‍ മനസ്സില്ലെന്നും പ്രഖ്യാപിക്കുമ്പോഴും ബ്രക്‌സിറ്റ് കരാര്‍ സംബന്ധിച്ച ഇന്ന് പാര്‍ലമെന്റ് എടുക്കുന്ന തീരുമാനം തന്റെ ഭാവിയിലേക്കുള്ള വഴിത്തിരിവ് കൂടിയാകുമെന്ന ആശങ്ക തെരേസ മേയ്ക്കുണ്ടെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ നല്കുന്ന സൂചന.

 
Other News in this category

 
 




 
Close Window